വന്ദേഭാരത് സ്ലീപ്പര്‍ ബെംഗളൂരു-കോഴിക്കോട് നിര്‍ദേശിച്ചു; മറ്റൊരു റൂട്ട് അനുകൂലം, ഗോവയിലേക്കും
കോഴിക്കോട്: വന്ദേഭാരത് സ്ലീപ്പറിനുള്ള കാത്തിരിപ്പിലാണ് ട്രെയിന്‍ യാത്രാ പ്രേമികള്‍. അടുത്ത മാസം സര്‍വീസ് ആരംഭിക്കുമെന്ന് പറയുന്ന വന്ദേഭാരത് സ്ലീപ്പര്‍ ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലെ പട്‌നയിലേക്ക് ആയിരിക്കും എന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിഹാറിന് കേന്ദ്രം വാരിക്കോരി നല്‍കുമെന്നാണ് പ്രചാരണം.
അതിനിടെയാണ് കേരളത്തിലേക്കും വൈകാതെ വന്ദേഭാരത് സ്ലീപ്പര്‍ വരും എന്ന വിവരം. കോഴിക്കോട് എംപി എംകെ രാഘവനാണ് ഇക്കാര്യം സൂചിപ്പിച്ചത്. അദ്ദേഹം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി ഇക്കാര്യം സംസാരിച്ചിരുന്നു. മൂന്ന് റൂട്ടുകളാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഒന്നിനോട് അനുകൂലമായി പ്രതികരണം ലഭിച്ചുവെന്നും എംപി പറയുന്നു. അതിന് പുറമെ വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് സര്‍വീസ് നീട്ടുന്നതിനും ചര്‍ച്ച നടക്കുന്നത്...

വന്ദേഭാരത് എക്‌സ്പ്രസ്, വന്ദേ മെട്രോ എന്നിവയ്ക്ക് ശേഷമാണ് വന്ദേഭാരത് സ്ലീപ്പര്‍ വരുന്നത്. വൈകാതെ സ്ലീപ്പര്‍ ട്രെയിനുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് റെയില്‍വെ മന്ത്രി അടുത്തിടെ പറഞ്ഞത്. നിരവധി സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ആദ്യ റൂട്ട് ഡല്‍ഹിയെ ബന്ധിപ്പിച്ചാകും എന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്ന സംസ്ഥാനമാണ് ബിഹാര്‍. പട്‌നയിലേക്കുള്ള സര്‍വീസിന് പുറമെ, അഹമ്മദാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു, സെക്കന്തരാബാദ് തുടങ്ങിയ റൂട്ടുകളിലും വന്ദേഭാരത് സ്ലീപ്പര്‍ എത്തുമെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
കേരളത്തിലെ ആദ്യ സ്ലീപ്പര്‍ സര്‍വീസ്
മംഗളൂരു-തിരുവനന്തപുരം റൂട്ടിലായിരിക്കും കേരളത്തിന് ലഭിക്കുന്ന ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ എന്നാണ് പ്രതീക്ഷ. മൂന്ന് റൂട്ടുകളാണ് സമര്‍പ്പിച്ചത് എന്ന് രാഘവന്‍ എംപി പറഞ്ഞു. ബെംഗളൂരു-കോഴിക്കോട്, ചെന്നൈ-കോഴിക്കോട്, മംഗാലപുരം-തിരുവനന്തപുരം എന്നീ റൂട്ടുകള്‍ സമര്‍പ്പിച്ചു. ആദ്യ രണ്ട് റൂട്ടിനോടും അത്ര താല്‍പ്പര്യത്തോടെയുള്ള പ്രതികരണം കിട്ടിയില്ലെന്നും രാഘവന്‍ എംപി പറഞ്ഞു.
ചെന്നൈയിലേയും റായ്ബറേലിയിലേയും ഫാക്ടറികളില്‍ വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍മിക്കുന്നുണ്ട്. ഈ വര്‍ഷം 10 സ്ലീപ്പറുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് കരുതുന്നത്. അതേമസം, കേരളത്തിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ വരുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല എന്നാണ് പാലക്കാട് റെയില്‍വെ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
ഗോവയില്‍ നിന്ന് മംഗലാപുരത്തേക്ക് വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇത് കോഴിക്കോട്ടേക്ക് കൂടി ദീര്‍ഘിപ്പിക്കണം എന്ന ആവശ്യവും റെയില്‍വെ മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചു. ഗോവ-മംഗലാപുരം റൂട്ടിലെ വന്ദേഭാരത് കോഴിക്കോട്ടേക്ക് സര്‍വീസ് നീട്ടിയാല്‍ കൂടുതല്‍ ലാഭകരമാകുമെന്നാണ് പ്രതീക്ഷ. ഇക്കാര്യം വൈകാതെ അംഗീകരിക്കുമെന്ന് കരുതുന്നു. നിലവില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാണ് കേരളത്തില്‍ സര്‍വീസ് നടത്തുന്നത്. കാസര്‍കോട്-തിരുവനന്തപുരം, മംഗലാപുരം-തിരുവനന്തപുരം എന്നിവയാണവ.












Click it and Unblock the Notifications