പറന്നുയർന്ന് മോഹന സിംഗ്; തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റ്, ഇനി ഫ്ളയിങ് ബുള്ളറ്റ്‌സിൽ
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി ചരിത്രം കുറിച്ചിരിക്കുകയാണ് സ്‌ക്വാഡ്രൺ ലീഡർ മോഹന സിംഗ്. ഫ്‌ളൈയിങ് ബുള്ളറ്റ്‌സ് എന്ന പേരിൽ അറിയപ്പെടുന്ന 18-ാം നമ്പര്‍ സ്‌ക്വാഡ്രണിന്റെ ഭാഗമായാണ് മോഹന സിംഗ് ഇന്ത്യൻ സൈനിക ചരിത്രത്തിൽ തന്റെ നാമം തങ്കലിപികളിൽ എഴുതി ചേർത്തത്. രാജ്യം ഏറെ പ്രതീക്ഷയോടെ കേട്ടൊരു വാർത്ത കൂടിയാണിത്.
അടുത്തിടെ ജോധ്പൂരിൽ നടന്ന 'തരംഗ് ശക്തി' എന്ന അഭ്യാസ പ്രകടനത്തിന്റെ ഭാഗമായും പ്രവർത്തിച്ചിരുന്നു മോഹന സിംഗ്. മൂന്ന് സേനകളിലെയും ഉപമേധാവികൾക്ക് ഒപ്പം നടത്തിയ ചരിത്രപരമായ അഭ്യാസപ്രകടനത്തിന്റെ ഭാഗമായിരുന്നു മോഹന സിംഗും. ഇതിന് പിന്നാലെയാണ് അപൂർവമായ നേട്ടം അവരെ തേടി എത്തിയിരിക്കുന്നത്.

ആരാണ് മോഹന സിംഗ്?
ഇന്ത്യക്കാർ ആദ്യമായല്ല ഈ പേര് കേൾക്കുന്നത്. നേരത്തെയും പല ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കി കൊണ്ട് ഈ യുവ പൈലറ്റ് എല്ലാവരുടെയും ശ്രദ്ധ നേടിയിരുന്നു. ഇതിൽ ആദ്യത്തേത് ഏകദേശം എട്ട് വർഷങ്ങൾക്ക് മുൻപാണ് ഉണ്ടായത്. ഭാവന കാന്ത്, അവ്നി ചതുർവേദി എന്നിവർക്കൊപ്പം ഇന്ത്യൻ വ്യോമസേനയിൽ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റുമാരായി ചരിത്രം കുറിച്ച മൂന്ന് പേരിൽ ഒരാളായിരുന്നു മോഹന സിംഗ്.
1991 മുതൽ സ്ത്രീകൾ ഹെലികോപ്റ്ററുകളും ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും പൈലറ്റ് ചെയ്‌ത് വന്നിരുന്നെങ്കിലും, 2016 വരെ അവർക്ക് യുദ്ധവിമാനങ്ങൾ പറത്താൻ ഔദ്യോഗികമായി അനുമതി ലഭിച്ചിരുന്നില്ല. ആ ഘട്ടത്തിലാണ് മോഹന സിംഗ് അടക്കമുള്ള മൂന്ന് പെൺപുലികൾ ഇന്ത്യൻ സേനയുടെ അഭിമാനമായി ചരിത്രം കുറിച്ചത്.
അടുത്തിടെ വരെ മോഹന സിംഗ് മിഗ് -21 വിമാനമാണ് പറത്തിയിരുന്നത്. എന്നാൽ നിലവിൽ അവർ എൽസിഎ സ്ക്വാഡ്രണിനൊപ്പം പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള ഗുജറാത്തിലെ നാലിയ എയർ ബേസിലാണ് ക്യാമ്പ് ചെയ്‌തിരിക്കുന്നത്. അന്നത്തെ സഹ പ്രവർത്തകരായിരുന്നു ഭാവന കാന്തും അവനി ചതുർവേദിയും ആവട്ടെ നിലവിൽ എസ്‍യു-30 വിമാനങ്ങളാണ് പറത്തുന്നത്.
നാരീ ശക്തി അവാർഡ് നേടിയ മൂന്ന് വനിതാ പൈലറ്റുകളിൽ ഒരാൾ കൂടിയാണ് മോഹന സിംഗ്. 2019ൽ, 'ഹോക്ക്' വിമാനത്തിൽ പകൽ പൂർണ്ണമായി പ്രവർത്തനക്ഷമമായി സേവനം അനുഷ്‌ഠിച്ച ആദ്യത്തെ ഐഎഎഫ് വനിതാ പൈലറ്റായി മോഹന സിംഗ് മാറിയിരുന്നു. ഇതുൾപ്പെടെ നിരവധി നേട്ടങ്ങൾ മോഹന സിംഗിന്റെ പേരിലുണ്ട്.
2016-ൽ സർക്കാർ സ്ത്രീകൾക്കായി യുദ്ധവിമാനം പറത്താനുള്ള അനുമതി നൽകി തുടങ്ങിയ ശേഷം ഇന്ത്യൻ വ്യോമസേനയിൽ 20 ഓളം വനിതാ യുദ്ധവിമാന പൈലറ്റുമാരുണ്ട്. അതിൽ ആദ്യമായി തേജസ് യുദ്ധവിമാനം പറത്തുന്ന വനിത എന്ന അപൂർവ നേട്ടമാണ് മോഹന സിംഗിനെ തേടി എത്തിയിരിക്കുന്നത്. ഇത് ഭാവിയിൽ സേനയുടെ ഭാഗമാവണം എന്നാഗ്രഹിക്കുന്ന നൂറുകണക്കിന് പെൺകുട്ടികൾക്കാണ് പ്രചോദനമാവുക.












Click it and Unblock the Notifications