അനധികൃതകുടിയേറ്റക്കാര്‍ ബഹറിന്‍ വിടണം
ബഹറിന്‍: വിസയില്ലാതെ ബഹറിനില്‍ തങ്ങുന്നവര്‍ക്ക് പിഴയടക്കാതെ രാജ്യംവിടുന്നതിനുള്ള കാലാവധി ജനവരി 31ന് തീരുന്നു. ഈ കാലാവധി ഇനി നീട്ടുന്ന പ്രശ്നമുദിക്കുന്നില്ലെന്ന് തൊഴില്‍ മന്ത്രി അബ്ദുള്‍ നബി അല്‍ശൊബാല അറിയിച്ചു.
അനധികൃതകുടിയേറ്റക്കാര്‍ക്ക് ഇനിയൊരു മാപ്പ് നല്കുന്ന പ്രശ്നമില്ലെന്നും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ജനവരി 31മുന്‍പ് തന്നെ അനധികൃതകുടിയേറ്റക്കാര്‍ രാജ്യം വിടണമെന്ന് ബഹറിനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
അനധികൃതകുടിയേറ്റക്കാരായ ഇന്ത്യക്കാര്‍ ദിവസവും 25മുതല്‍ 30 പേര്‍ വരെ ബഹറിന്‍ വിടുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥനായ രാജീവ് സഹാരെ അറിയിച്ചു. ഇതില്‍ ഏറെയും മലയാളികളാണ്.
അനധികൃതകുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ഔട്ട് പാസ്നല്കുന്നുണ്ട്. ഈ പാസ് കാണിച്ചാല്‍ പിഴയടക്കാതെ രാജ്യം വിടാം. വിസയില്ലാത്ത തൊഴിലാളികള്‍ക്ക് ജോലി തുടരണമെങ്കില്‍ സ്പോണ്‍സമാര്‍ മുഖേന 31ന് മുന്‍പ് അപേക്ഷനല്കണം.