• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂണ്‍കൃഷിയില്‍ വിജയഗാഥയുമായി ചൂര്‍ണിക്കരയിലെ കര്‍ഷകര്‍; 'ചൂർണ്ണിക്കര കൂൺ' വിപണിയിലെത്തി തുടങ്ങി...

  • By Desk

കൊച്ചി: കൂണ്‍ കൃഷിയില്‍ വിജയ ഗാഥ രചിക്കുകയാണ് ചൂര്‍ണിക്കരയിലെ ഒരു കൂട്ടം വനിതകള്‍. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ സഹകരണത്തോടെ പഞ്ചായത്തില്‍ നടപ്പിലാക്കിയ കൂണ്‍ കൃഷിയാണ് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ശ്രദ്ധേയമാകുന്നത്. പഞ്ചായത്തും കൃഷി ഭവനും ഒത്തൊരുമിച്ചതോടെ 'ചൂര്‍ണിക്കര കൂണ്‍' എന്ന പേരില്‍ വനിത കര്‍ഷര്‍ ഉദ്പാദിപ്പിക്കുന്ന കൂണ്‍ വിപണിയിലെത്തി കഴിഞ്ഞു. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലേക്ക് അമ്പത് യൂണിറ്റാണ് അനുവദിച്ചത്. അതില്‍ ചൂര്‍ണിക്കര കൃഷിഭവന്‍ 20 യൂണിറ്റെടുക്കുകയായിരുന്നു.

വനിതാ മതിലില്‍ ജില്ലയില്‍ നിന്നും 30,000 പേര്‍ തന്നെ അണിനിരക്കും; മതിലിനെതിരെ യു ഡി എഫിന്റെ വനിതാ മതേതരസംഗമം ശനിയാഴ്ച

എന്നാല്‍ അപ്രതീക്ഷിതമായി കടന്ന് വന്ന പ്രളയം ഇവരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു. പ്രളയത്തില്‍ 18 വാര്‍ഡുകളുളള ചൂര്‍ണിക്കരയിലെ 16 വാര്‍ഡുകളും മുങ്ങി. ഇതിനെ തുടര്‍ന്ന് 20 യൂണിറ്റുകളായി തുടങ്ങാനിരുന്ന കൂണ്‍കൃഷി 11 യൂണിറ്റായി ചുരുക്കി. പഞ്ചായത്തിലെ 10 വനിതാ കര്‍ഷകരാണ് ഈ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നതിനായി മുന്നോട്ട് വന്നത്. ഒപ്പം ഒരു പുരുഷ കര്‍ഷകനും ഉണ്ട്. ഓരോരുത്തരും അവരവരുടെ വീടുകളിലുളള സൗകര്യമാണ് കൃഷിക്കായി പ്രയോജനപ്പെടുത്തിയത്. കര്‍ഷകരെ തിരഞ്ഞെടുത്ത ശേഷം കൃഷിഭവന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം നല്‍കിയാണ് ഇവരെ കൃഷിക്ക് സജ്ജമാക്കിയത്.

Choornikara mashroom

എരമല്ലൂരിലെ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലാണ് പ്രായോഗിക പരിശീലനം നല്‍കിയത്. പരിശീലനത്തിന് ശേഷം കൃഷിയാരംഭിക്കുന്നതിന് മുന്നോടിയായി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി കൃഷി ഭവനില്‍ യോഗം ചേര്‍ന്നു. അറക്കപ്പൊടി, വൈക്കോല്‍ എന്നിവയാണ് അത്യാവശ്യമായി വേണ്ടിയിരുന്ന അസംസ്‌കൃത വസ്തുക്കള്‍. ഇതില്‍ അറക്കപ്പൊടി തടി വ്യവസായിത്തിന് പേര് കേട്ട പെരുമ്പാവൂരില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കി.

കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നടക്കം വിത്തുകളും എത്തിച്ചു. ഇതിന് ശേഷം കൃഷിയാരംഭിക്കുകയായിരുന്നു. പ്ലൂറോട്ടസ് ഫ്ളോറിഡ, പ്ലൂറോട്ടസ് ഇയോസ എന്നീ വിഭാഗത്തില്‍പ്പെട്ട കൂണുകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇവ യഥാക്രമം വെള്ള, പിങ്ക് എന്നീ നിറത്തിലുള്ളവയാണ്. 100 ബഡുകളടങ്ങിയ 11 യൂണിറ്റുകളിലായി മൊത്തം 1100 ബഡുകളിലാണ് കൂണ്‍ കൃഷി ആരംഭിച്ചിട്ടുള്ളത്. ഇപ്രകാരം ദിവസവും 10 കിലോഗ്രാം ചിപ്പിക്കൂണ്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് ആരംഭിച്ചതെങ്കിലും ഇപ്പോള്‍ 20 കിലോയോളം ഉല്‍പാദനം നടക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഏ.പി ഉദയകുമാര്‍ പറഞ്ഞു.

ഉല്‍പാദനം ആരംഭിച്ചതോടെയാണ് ഇതിന്റെ വിപണന സാധ്യതയെ കൂറിച്ച് ചര്‍ച്ച ഉയര്‍ന്നത്. മാര്‍ക്കറ്റുകളില്‍ വിപണന സാധ്യത ഏറെയുണ്ടെങ്കിലും അവര്‍ ആവശ്യപ്പെടുന്ന അളവില്‍ കൂണ്‍ എല്ലാ ദിവസവും എത്തിക്കുക പ്രയാസമാകുമെന്ന ആശങ്ക ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നു. കാലാവസ്ഥയെ അനുസരിച്ചാണ് ഇതിന്റെ ഉല്‍പാദനത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. ഇത് മാര്‍ക്കറ്റ് സാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ഉല്‍പാദിപ്പിക്കുന്ന കൂണ്‍ സ്വന്തം നിലയില്‍ വിപണിയിലിറക്കാന്‍ കര്‍ഷകരും പഞ്ചായത്ത് കൃഷി ഭവന്‍ അധികൃതരും തീരുമാനിക്കുകയായിരുന്നു.

ഇതോടെ ചൂര്‍ണിക്കര കൂണ്‍ എന്ന പേരില്‍ പാക്കറ്റുകളിലാക്കി കൂണ്‍ വിപണിയിലിറക്കി. ചൂര്‍ണിക്കര പഞ്ചായത്തോഫീസിനോട് ചേര്‍ന്നുളള കമ്മ്യൂണിറ്റി ഹാളാണ് വിപണന കേന്ദ്രമായി തീരുമാനിച്ചിട്ടുളളത്. എല്ലാ ആഴ്ചയിലും തിങ്കള്‍, ബുധന്‍, വെളളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഇവിടെ നിന്നും ആവശ്യക്കാര്‍ക്ക് കൂണ്‍ ലഭിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 200 ഗ്രാം പാക്കറ്റുകളാണ് ഇപ്പോള്‍ വിപണിയിലിറക്കിയിരിക്കുന്നത്. ഇതിന് 65 രൂപയാണ് വില. പാക്കറ്റുകളോടൊപ്പം ഇതിന്റെ പാചക രീതി വിശദമാക്കുന്ന പാചക കുറിപ്പും നല്‍കുന്നുണ്ട്.

വിപണന കേന്ദ്രത്തിലെത്തിച്ച് മണിക്കൂറുകള്‍ കൊണ്ട് തന്നെ കൂണ്‍ തീരുകയാണ് പതിവ്. ഓരോ ആഴ്ചയിലും ആവശ്യക്കാരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. വിപണനം വര്‍ധിച്ചതോടെ കര്‍ഷകര്‍ കൃഷി ചെയ്യുന്ന ബഡുകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നുണ്ട്. വിശരഹിത കൂണ്‍ സാധാരണക്കാരനും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കൃഷി ഓഫീസര്‍ ജോണ്‍ ഷെറി പറഞ്ഞു. രോഗ പ്രതിരോധത്തിന് ഉത്തമമെന്ന നിലയില്‍ ഇത് ഭക്ഷണ ശീലമാക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. പദ്ധതിക്കായി ഓരോ കര്‍ഷകനും മൊത്തം ചെലവായ തുകയുടെ 40 ശതമാനം സബ്സിഡിയായി കൃഷിഭവന്‍ മുഖേന നല്‍കുമെന്നും അദേഹം പറഞ്ഞു.

ആദ്യ ഘട്ട കൃഷി വിജയമായതോടെ കൂണ്‍ കൃഷിക്ക് താത്പര്യം പ്രകടിപ്പിച്ച് ഇപ്പോള്‍ നിരവധി പേരാണെത്തുന്നത്. പ്രളയം തച്ചുടച്ച പഞ്ചായത്തിലെ കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുന്നതിനായി ചൂര്‍ണിക്കര പാക്കേജ് എന്ന പേരില്‍ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നതും ചൂണിര്‍ക്കര കൃഷി ഭവന്റെ മേല്‍ നോട്ടത്തിലാണ്. ഇതോടൊപ്പമാണ് ജില്ലയില്‍ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ കൂണ്‍ കൃഷി നടത്തി വിജയിപ്പിക്കുന്ന കൃഷി ഭവനെന്ന ബഹുമതിയും ചൂര്‍ണിക്കരയെ തേടിയെത്തുന്നത്.

English summary
Mushroom cultivation in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X