നിപ ബാധിച്ച് മരണമടഞ്ഞ കുട്ടിയെ പരിചരിച്ച ഉദയഗിരിയിലെ നഴ്‌സിനെ ആശുപത്രിയിലേക്ക് മാറ്റി
ആലക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് മരിച്ച കുട്ടിയെ ശുശ്രുഷിച്ച ഉദയഗിരി സ്വദേശിനിയായ നഴ്‌സിന് പനി ബാധിച്ചു ഇവർക്ക്പനി കലശലായതിനെത്തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലേക്ക് മാറ്റി. വീട്ടിലുള്ള മാതാപിതാക്കളടക്കമുള്ളവരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസ് ഉദയഗിരിയിലെത്തിയാണ് നഴ്‌സിനെ ആശുപത്രിയിലേക്ക് മാറ്റിയത്.
ബസ്സിൽ ഉള്ളവരെ കണ്ടെത്തി ക്വാറന്റൈൻ ആക്കാനുള്ള ശ്രമം ആരോഗ്യവകുപ്പ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഇവരുടെ പനി ചൊവ്വാഴ്ച്ച രാത്രിയോടെ കുറഞ്ഞതായാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.ആരോഗ്യപ്രവർത്തകക്ക് നിപ ലക്ഷണങ്ങളോടുകൂടിയ പനിയും ജലദോഷവും ബാധിച്ച സാഹചര്യത്തിൽഉദയഗിരി മേഖലയിൽ അതീവ സുരക്ഷാ മുൻകരുതലുകളാണ് അധികൃതർ എടുത്തിരിക്കുന്നത്. ഇവരുടെ മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങളെ നിരീക്ഷണത്തിലായിരിക്കുകയാണ്.

ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ അടിയന്തരമായി ചേർന്ന യോഗമാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചത്. മെഡിക്കൽ ഓഫീസർ ഡോ. ഷൈലജവർമ്മ, എസ്.ഐ: രഘുനാഥ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. സുരേഷ്കുമാർ, വാർഡ് മെമ്പർ സിജോ തുണ്ടിയിൽ, അസി.
സെക്രട്ടറി വി. സതീഷ്കുമാർ പങ്കെടുത്തു.
മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡണ്ടുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. കലക്ടർ, എ.ഡി.എം, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ തുടങ്ങിയവരും പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണ്. ചികിത്സയിലുള്ള ആരോഗ്യപ്രവർത്തകയുടെ സമ്പർക്ക പ്പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഇവർ കോഴിക്കോട്ടെ ആശുപത്രിയിൽ നിന്ന് ഉദയഗിരിയിലെ വീട്ടിലെത്തിയത്. കോഴിക്കോട് നിന്ന് ട്രെയിൻ മാർഗം വൈകുന്നേരത്തോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തുകയും ഇവിടെ നിന്ന് ഓട്ടോയിൽ കണ്ണൂർ ബസ്റ്റാന്റിലെത്തി. തുടർന്ന് സ്വകാര്യ ബസിൽ തളിപ്പറമ്പിലും, ഇവിടെ നിന്ന് മറ്റൊരു സ്വകാര്യ ബസിൽ കയറി രാത്രിയോടെ കാർത്തികപുരത്ത് എത്തുകയായിരുന്നു. കാർത്തികപുരത്ത് നിന്ന് പിതാവിന്റെ വാഹനത്തിലാണ് വീട്ടിലെത്തിയത്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ വരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമമാണ് അധികൃതർ ആരംഭിച്ചിരിക്കുന്നത്. നിപ സംബന്ധിച്ച നേരിയ സംശയം മാത്രമുള്ള സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications