നീറ്റ് പരീക്ഷാ പേപ്പർ ചോർച്ച: യുവമോർച്ച നേതാവും സഹോദരനും രാജസ്ഥാനിൽ പിടിയിൽ
ദേശീയതലത്തിൽ വലിയ വിവാദമായി മാറിയ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചാ കേസിൽ നിർണ്ണായക വഴിത്തിരിവ്. രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലുള്ള ജംവ രാംഗഢിൽ നിന്ന് രണ്ട് സഹോദരങ്ങളെ സിബിഐ അറസ്റ്റ് ചെയ്തു. പ്രാദേശിക ബിജെപി യുവമോർച്ച നേതാവായ ദിനേഷ് ബിവാലും സഹോദരൻ മംഗിലാൽ ബിവാലുമാണ് പിടിയിലായത്. പരീക്ഷയ്ക്ക് മുൻപ് ചോദ്യപേപ്പർ കൈക്കലാക്കി വിദ്യാർത്ഥികൾക്ക് മറിച്ചുവിറ്റു എന്നതാണ് കേസ്.
ഹരിയാനയിലുള്ള ഒരാളിൽ നിന്നാണ് 120 ചോദ്യങ്ങളടങ്ങിയ പേപ്പർ ഇവർ വാങ്ങിയതെന്ന് രാജസ്ഥാൻ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം കണ്ടെത്തി. ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ഇവർ ഈ ചോദ്യപേപ്പർ സ്വന്തമാക്കിയത്. തുടർന്ന് രാജസ്ഥാനിലെ സിക്കർ കേന്ദ്രീകരിച്ച് പരീക്ഷ എഴുതുന്ന നിരവധി വിദ്യാർത്ഥികൾക്ക് വലിയ തുകയ്ക്ക് ഇവർ ഈ പേപ്പർ വിൽക്കുകയായിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ രാജസ്ഥാൻ പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ഇവരെ ഇന്ന് സിബിഐ അറസ്റ്റ് രേഖപ്പെടുത്തി ഡൽഹിയിലേക്ക് കൊണ്ടുപോയി.
ഈ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ വിജയിച്ച് നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്നു എന്നതും അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്. ദിനേഷിന്റെ മകൻ, മംഗിലാലിന്റെ രണ്ട് മക്കൾ, ഇവരുടെ പരേതനായ മൂത്ത സഹോദരന്റെ രണ്ട് പെൺമക്കൾ എന്നിവർ ഒരേസമയം പരീക്ഷ പാസ്സായതിനെക്കുറിച്ച് സിബിഐ വിശദമായി അന്വേഷിക്കും. പണമിടപാട് ബിസിനസ്സ് നടത്തുന്ന ഇവർ കഴിഞ്ഞ അഞ്ചാറ് വർഷമായി സിക്കറിലാണ് താമസമെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഭവം പുറത്തുവന്നതോടെ രാജസ്ഥാനിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും ഇത് വഴിവെച്ചിരിക്കുകയാണ്. അറസ്റ്റിലായ ദിനേഷ് ബിവാൽ ബിജെപി യുവമോർച്ചയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രിയോടും പ്രാദേശിക എംഎൽഎമാരോടും ഒപ്പമുള്ള ദിനേഷിന്റെ ചിത്രങ്ങൾ പുറത്തുവിട്ടുകൊണ്ട് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെയുള്ളവർ സർക്കാരിനെതിരെ രംഗത്തെത്തി.
രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ, പ്രാദേശിക എംഎൽഎ മഹേന്ദ്ര പാൽ മീണ എന്നിവർക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രതികളിലൊരാൾക്ക് ബിജെപി നേതാക്കൾ ജന്മദിനാശംസകൾ നേരുന്ന പോസ്റ്റുകളും പുറത്തുവന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതികൾക്ക് പാർട്ടിയുമായി മുൻപ് ബന്ധമുണ്ടായിരുന്നെങ്കിലും നിലവിൽ അവർ സജീവമല്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.














Click it and Unblock the Notifications