കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 13 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് കേരളത്തിലെ നാല് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെ 9 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിലെ അലർട്ടുകൾ:
മെയ് 9 (ശനി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്.
മെയ് 10 (ഞായർ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.
മെയ് 11 (തിങ്കൾ): കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
മെയ് 11 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു:
മോശം കാഴ്ചാപരിധി കാരണം റോഡ് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.
മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
മലയോര മേഖലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. വിളവെടുപ്പിന് പാകമായ കൃഷിയിടങ്ങളിൽ മഴ നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറണം.
മഴ മുന്നറിയിപ്പ് നിലനിൽക്കുമ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ചൂട് കഠിനമായി തുടരുകയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് (39.4 ഡിഗ്രി സെൽഷ്യസ്). പുനലൂർ (37.5 ഡിഗ്രി സെൽഷ്യസ്), കണ്ണൂർ എയർപോർട്ട് (37.3 ഡിഗ്രി സെൽഷ്യസ്) എന്നിവിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെട്ടു. മഴ പെയ്യുന്നതോടെ ചൂടിന് അല്പം ശമനമുണ്ടാകുമെന്നാണ് കരുതുന്നത്.














Click it and Unblock the Notifications