ബഹിരാകാശ ഗവേഷണത്തിലും വരുമോ എഐ യുഗം? ഭാവിയിൽ ദൗത്യങ്ങൾക്ക് മനുഷ്യർ പോലും വേണ്ട! കാരണം
ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല ചരിത്രം കുറിക്കുന്ന യാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇന്ന് ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി. ഏറെ പ്രത്യേകതകൾ ഉള്ളൊരു ദൗത്യത്തിന് ശുഭാൻഷു ഒരുങ്ങിയപ്പോൾ തന്നെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ വലിയ ചർച്ചകളിൽ ഇടം നേടിയിരുന്നു. ഇസ്രോയുടെ നേതൃത്വത്തിൽ അതിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ കാര്യക്ഷമമായി തന്നെ പുരോഗമിക്കുകയാണ്.
എങ്കിലും ഇന്ത്യയുടേത് അടക്കം ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾ കൈവരിച്ച ബഹിരാകാശ ഗവേഷണ രംഗത്തെ നേട്ടങ്ങൾക്ക് എല്ലാം കാരണം മാനുഷിക പ്രയത്നം തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. കോടിക്കണക്കിന് വരുന്ന കോഡുകൾ ചെയ്‌ത് എടുത്തും ഫോർമുലകൾ ഉണ്ടാക്കിയും ഒക്കെയാണ് ഇന്ന് കാണുന്ന വളർച്ചയിലേക്ക് ശാസ്ത്രലോകം നമ്മെ എത്തിച്ചത്.

അങ്ങനെ വരും വർഷങ്ങളിൽ ബഹിരാകാശ മേഖല കൂടുതൽ ശക്തമായി മുന്നോട്ട് കുത്തിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ അതിൽ നിർണായക പങ്കു വഹിക്കുക നിർമ്മിത ബുദ്ധി അഥവാ എഐ ആയിരിക്കും എന്നാണ് വിലയിരുത്തുന്നത്. ഇപ്പോൾ തന്നെ പലവിധമായ ആവശ്യങ്ങൾക്കും, നിർണായക കാര്യങ്ങൾക്കും ഒക്കെ ബഹിരാകാശ ഗവേഷണ മേഖലയിൽ എഐ ഉപയോഗിക്കുന്നുണ്ട്.
വരും വർഷങ്ങളിൽ ഇതിന്റെ തോത് കൂടുമെന്നാണ് പറയപ്പെടുന്നത്. അതിന്റെ ചില സൂചനകളും അടുത്തിടെ പ്രകടമായിരുന്നു. പലരും ഏറെക്കാലമായി ഉന്നയിക്കുന്ന ഒരു സംശയമാണ് എഐ വരുന്നതോട് കൂടി ബഹിരാകാശ യാത്രികർ ആയി ഇനി മനുഷ്യരുടെ സേവനം ആവശ്യമുണ്ടാവില്ല എന്നും മുഴുവൻ റോബോട്ടുകൾ ഏറ്റെടുക്കുമോ എന്നുമാണ്.
ബഹിരാകാശ യാത്രയ്ക്ക് റോബോട്ടുകൾ സാധ്യമാണോ?
ശരിക്കും പറഞ്ഞാൽ നമ്മൾ ഇനിയുള്ള കാലത്ത് ഇത്തരം ദൗത്യങ്ങൾക്ക് കൂടുതലായി റോബോട്ടുകളെ ആശ്രയിക്കുന്നത് എന്തെങ്കിലും പിഴവ് പറ്റിയാൽ മനുഷ്യജീവൻ അപകടത്തിൽ ആവുന്നതിൽ നിന്ന് ഒരുപരിധി വരെ തടഞ്ഞുനിർത്താൻ സാധിക്കും. എങ്കിലും മനുഷ്യർക്ക് മാത്രം കഴിയുന്ന ചില കാര്യങ്ങളുണ്ടല്ലോ അവയ്ക്ക് എഐയോ റോബോട്ടോ ഉണ്ടായിട്ട് ഒരു ഗുണവുമില്ല.
എന്തെന്നാൽ ഭൂമിക്ക് പുറത്ത് പ്രവർത്തിക്കുമ്പോൾ റോബോട്ടുകൾ പരിമിതികൾ ഏറെയുണ്ടാവും. ഗുരുത്വാകർഷണ ബലത്തിലെ മാറ്റം മുതൽ വിവിധ ഊർജ ശ്രോതസുകളുടെ അഭാവം വരെ റോബോട്ടുകൾ ബഹിരാകാശ യാത്രികർ ആവുമ്പോൾ ബുദ്ധിമുട്ടുകൾ ഏറെയാണ്. എങ്കിലും ഇത് ഉപകാരപ്പെടുന്ന മേഖലകളും ചിലതുണ്ട്.
മനുഷ്യർക്ക് എത്തിപ്പെടാൻ കഴിയാത്ത അതീവ ദൂരത്തിലുള്ള ഇടങ്ങളിലേക്ക്, നമുക്ക് അപ്രാപ്യമായ ഗ്രഹങ്ങളിലേക്ക് പഠനത്തിനും ഗവേഷണത്തിനും റോബോട്ടുകളെ അയക്കാം. പ്രത്യേകിച്ച് വലിയ ഗ്യാലക്‌സികൾ തേടിയുള്ള യാത്രകളിൽ ഇവ താങ്ങാവും. ഇത്തരം കാര്യങ്ങളിൽ നമുക്ക് ഇവയുടെ സേവനം ഉപയോഗപ്പെടുത്താം. അത് ഭാവിയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വലിയ രീതിയിൽ നേട്ടമാകും.
1972 ഡിസംബറിൽ, ഏതാണ്ട് അഞ്ച് പതിറ്റാണ്ട് മുൻപ് അവസാന അപ്പോളോ ദൗത്യം ചന്ദ്രനിൽ ലാൻഡ് ചെയ്‌ത ശേഷം മനുഷ്യർ ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറം സഞ്ചരിച്ചിട്ടില്ല എന്ന പ്രത്യേകത കൂടിയുണ്ട്. എന്നാൽ അടുത്ത് തന്നെ ആർട്ടെമിസ് പ്രോഗ്രാമിലൂടെ മനുഷ്യരെ അവിടേക്ക് തിരികെ കൊണ്ടുവരാൻ നാസ ലക്ഷ്യമിടുമ്പോൾ, അത് എഐയുടെ കൂടി സഹായത്തോടെയാവും.
രണ്ടിൽ ഏതെങ്കിലും ഒന്ന് മറ്റൊന്നിന് പകരമാവുക അല്ല, മറിച്ച് രണ്ടും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുക എന്നതാവും ഉചിതം. പ്രത്യേകിച്ച് ഭാവിയിലെ ദീർഘദൂര ദൗത്യങ്ങളിൽ മനുഷ്യർക്ക് പകരമായി അതുപോലെ തന്നെ പ്രവർത്തിക്കാൻ ശേഷിയുള്ള ഹ്യൂമനോയിഡുകൾ കൂടുതലായി ഇടംനേടുമെന്ന് ഉറപ്പാണ്. നാസയുടെ വാൽക്കറി ഹ്യൂമനോയിഡ് പോലെ ഇനിയും ഭാവിയിൽ ഒട്ടേറെ നൂതന കണ്ടുപിടിത്തങ്ങൾ ഈ മേഖലയിൽ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം.












Click it and Unblock the Notifications