കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യന്‍

  • By Staff
Google Oneindia Malayalam News

K Karunakaran
1918 ല്‍ കണ്ണൂരിലെ ചിറയ്ക്കല്‍ ജനിച്ച കണ്ണോത്ത്‌ കരുണാകരന്‍ മാരാര്‍ എന്ന കെ കരുണാകരന്‍ ചിത്രമെഴുത്ത്‌ പഠിക്കാന്‍ തൃശൂരിലെത്തിയതായിരുന്നു. അവിടെ വച്ച്‌ സ്വാതന്ത്ര്യരസമരത്തിലൂടെ പൊതു പ്രവര്‍ത്തനത്തിനിറങ്ങി. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെ പ്രവര്‍ത്തകനായിട്ടായിരുന്നു തുടക്കം. പിന്നീട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായി.

പമ്പിള്ളി ഗോവിന്ദമേനോന്‍, സി കെ ഗോവിന്ദന്‍ നായര്‍ എന്നിവരുടെ ശിഷ്യനായി രാഷ്‌ട്രീയത്തിലെ പാഠങ്ങള്‍ അഭ്യസിച്ചു. തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനമായിരുന്നു രാഷ്‌ട്രീയത്തിലെ ആദ്യ കളരി.

തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു കൊണ്ട്‌ കരുണാകരന്‍ തന്റെ തിരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തിന്‌ തുടക്കം കുറിച്ചു. 1948- 49 ലെ കൊച്ചി നിയമസഭാംഗമായി. പിന്നീട്‌ തിരു -കൊച്ചി നിയമസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു.

1965 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള നിയമസഭാംഗം. മാള എന്ന ഒറ്റ മണ്ഡലത്തില്‍ നിന്നായിരുന്നു കരുണകരന്റെ നിയമസഭാ വിജയങ്ങളെല്ലാം. ഇടയ്ക്ക്‌ ഒരു തവണ മാത്രം മാളയ്ക്കൊപ്പം നേമത്തും മത്‌സരിച്ചു. രണ്ടിടത്തും വിജയം കണ്ടു. 1967 മുതല്‍ 1995 വരെ കരുണാകരനായിരുന്നു നിയമസഭയിലെ കോണ്‍ഗ്രസം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്‌ . 1969 ല്‍ കോണ്‍ഗ്രസ്‌ പിളര്‍ന്നപ്പോള്‍ കരുണാകരന്‍ ഇന്ദിരാഗാന്ധിയോടൊപ്പം നിന്നു.

കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായി പ്രവര്‍ത്തിച്ചു. നാലു തവണ കേരള മുഖ്യമന്ത്രിയായി.

1995 മെയില്‍ രാജ്യസഭാംഗമായി. 1996 ജൂണ്‍ വരെ കേന്ദ്ര മന്ത്രിസഭയില്‍ വ്യവസായ മന്ത്രി. 1996 ലെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന്‌ പരാജയപ്പെട്ടതായിരുന്നു തിരഞ്ഞെടുപ്പ്‌ ചരിത്രത്തില്‍ കെ കരുണാകരന്റെ ആദ്യ പരാജയം. പിന്നീട്‌ 1998 ല്‍തിരുവനന്തപുരത്തു നിന്നും 1999 ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേയ്ക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.

2006 മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ കോണ്‍ഗ്രസില്‍ നിന്ന്‌ വിട്ട്‌ ഡമോക്രാറ്റിക്ക്‌ ഇന്ദിര കോണ്‍ഗ്രസ്‌ (കരുണാകരന്‍) എന്ന പുതിയ പാര്‍ട്ടി ഉണ്ടാക്കി. തുടര്‍ന്നുവന്ന് തദ്ദേശീയഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കി. ഈ കൂട്ടുകെട്ട് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുകയും ചെയ്തു.

പിന്നീട് കരുണാകരന്‍ ഇടതുപക്ഷത്ത് ചേരുമെന്ന് ഊഹാപോങ്ങള്‍ ഉണ്ടാവുകയും ഇതിനായി കരുണാകരന്‍ നീക്കങ്ങള്‍ നടത്തുകയുംചെയ്തു. എന്നാല്‍ അവസാനം കരുണാകരനെയും മകന്‍ മുരളിയെയും മുന്നണിയില്‍ ചേര്‍ക്കില്ലെന്ന് സിപിഎം വ്യക്തമാക്കുകയായിരുന്നു.

2006 സെപ്തംബറോടെ ഡിഐസി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി(നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) എന്ന പാര്‍ട്ടിയില്‍ ലയിച്ചു. ‍ഡിഐസിയെ എന്‍സിപിയില്‍ ലയിപ്പിക്കാന്‍ കരുണാകരന്‍റെ പൂര്‍ണ്ണ പിന്തുണ ഇല്ലാതിരുന്നിട്ടും മകന്‍ മുരളീധരന്‍ ലയനത്തിന് മുന്‍കയ്യെടുക്കുകയായിരുന്നു. ഇതോടെ എന്‍സിപി ഇടതുമുന്നണിയില്‍ നിന്നും പുറത്താവുകയുംചെയ്തു.

ഏതാനും നാള്‍ കഴിഞ്ഞ് കരുണാകരന്‍ വീണ്ടും പഴയ തട്ടകമായ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു തുടങ്ങി. ആദ്യം സംസ്ഥാന നേതൃത്വം കരുണാകരന്‍റെ പുനപ്രവേശനത്തെ അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും മുതിര്‍ന്ന നേതാവായ കരുണാകരനെ തിരിച്ചെടുക്കാന്‍ ഹൈക്കമാന്‍റ് തീരുമാനിക്കുകയായിരുന്നു.

പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പോകുന്ന കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിമാത്രമായിരിക്കണം പ്രവര്‍ത്തിയ്ക്കുന്നത് എന്ന നിര്‍ദ്ദേശത്തോടെയാണ് കോണ്‍ഗ്രസ് വീണ്ടും കരുണാകരനെ സ്വീകരിച്ചത്. വര്‍ക്കിംഗ്‌ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ്‌ സ്‌ഥാനം നല്‍കി കോണ്‍ഗ്രസ്‌ അദ്ദേഹത്തെ ആദരിച്ചെങ്കിലും വിശ്വസ്‌ഥര്‍ക്ക്‌ വേണ്ടത്ര പരിഗണന കിട്ടിയില്ല. അവര്‍ പലഗ്രൂപ്പുകളിലായി ചേരി തിരിഞ്ഞു.

അച്ഛന്‍റെ ചുവടുമാറ്റം ഏറ്റവും ആഘാതമുണ്ടാക്കിയത് മകന്‍ മുരളീധരനായിരുന്നു. അപ്പോഴേയ്ക്കും എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തെത്തിയ മുരളി അച്ഛനൊപ്പം ഒരിക്കലും കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുചെല്ലില്ലെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തു.

മകനും തനിക്കൊപ്പം കോണ്‍ഗ്രസില്‍ത്തന്നെ തിരിച്ചെത്തണമെന്നായിരുന്നു കരുണാകരന്‍റെ ആഗ്രഹം. എന്നാല്‍ ഇത് നടക്കില്ലെന്ന് വ്യക്തമാക്കിയ മുരളി അച്ഛനില്‍ നിന്നും അകന്നുനില്‍ക്കുകയും ചെയ്തു. പിന്നീട് അച്ഛന്റെ പാത പിന്തുടരാന്‍ തീരുമാനിച്ച മുരളീധരന്‍ ഇപ്പോഴും പാര്‍ട്ടിയുടെ വിളികാത്തിരിക്കുകയാണ്‌.

കേരള രാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന കരുണാകരന്‍ അനാരോഗ്യത്തെ തുടര്‍ന്ന്‌ ചെറിയ വിഭാഗത്തിന്റെ നേതാവായി , നിസാര പരാതികളുമായി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X