പല ജോലികളും അന്വേഷിച്ച് പോയിട്ടുണ്ട്; അവര്‍ നിരസിച്ചത് ഇക്കാരണത്താല്‍: 'രേണു വീണ്ടും കള്ളം പറയുന്നു'
ബിഗ് ബോസ് സീസണ്‍ അവസാനിച്ചതിനു ശേഷം രേണു സുധിയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഒരുപക്ഷേ വിന്നറായ അനുമോളേക്കാളും ശ്രദ്ധിക്കപ്പെട്ടത് ഹൗസിനുള്ളില്‍ മങ്ങിയ പ്രകടനം കാഴ്ചവച്ച രേണു സുധിയാണ്. ഉദ്ഘാടനങ്ങളും ഫോട്ടോ ഷൂട്ടും ഒക്കെയായി മുമ്പത്തേക്കാള്‍ തിരക്കിലാണ് രേണു. വിദേശ രാജ്യങ്ങളില്‍ വരെ രേണു സുധിക്ക് ഉദ്ഘാടനങ്ങള്‍ നടത്താനും വലിയ സദസിനു മുന്നില്‍ ഗാനങ്ങള്‍ ആലപിക്കാനും കഴിഞ്ഞിരുന്നു.
വലിയ തോതിലുള്ള വിമര്‍ശനങ്ങളെയും ബോഡി ഷെയ്മിങ്ങിനെയും അതിജീവിച്ചാണ് രേണു ഇപ്പോഴുള്ള നിലയില്‍ എത്തിയത്. ഇപ്പോഴും രേണുവിന്റെ ഫോട്ടോ ഷൂട്ടുകള്‍ക്ക് നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറവില്ല. എങ്കിലും രേണുവിന്റെ വളര്‍ച്ച സമൂഹ മാധ്യമങ്ങളിലെ വിമര്‍ശകരില്‍ പലര്‍ക്കും വലിയ അമ്പരപ്പാണ്.

ഇപ്പോഴിതാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഒരു പ്രതികരണത്തില്‍ രേണു, സുധിയുടെ മരണശേഷം എന്തുകൊണ്ടാണ് മറ്റൊരു ജോലിക്ക് പോകാത്തത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പണ്ട് പല ജോലികളും നോക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സുധി ചേട്ടന്‍ കാണിച്ചുതന്ന പാതയാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും രേണു പറഞ്ഞു. ഞാന്‍ പഴയ കാര്യങ്ങള്‍ മറക്കാറില്ല. എനിക്ക് തന്റേടം ഇല്ലായിരുന്നുവെങ്കില്‍ പണ്ടേക്കു പണ്ടേ തെണ്ടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു. കടകളില്‍ പോയി ജോലി അന്വേഷിച്ച ഒരാളാണ് ഞാന്‍. നിങ്ങളെ കടയില്‍ എങ്ങനെ നിര്‍ത്തും സുധി ചേട്ടന്റെ വൈഫ് അല്ലേ എന്നാണ് അവര് ചോദിക്കുന്നത്.
നാട്ടിലെ ലേഡി സ്റ്റോറുകളിലും ബേക്കറിയിലുമൊക്കെ ജോലി അന്വേഷിച്ചിട്ട് പോയിട്ടുണ്ട്. സൂപ്പര്‍വൈസിങ് ജോലി തരാമെന്നാണ് അവര്‍ പറഞ്ഞത്. ആ സമയത്താണ് കൊച്ചിന്‍ സംഗമിത്രയുടെ നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. നാടകത്തിനൊക്കെ പോകേണ്ടി വന്നാല്‍ ജോലിക്ക് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് അവര്‍ ജോലി നിഷേധിച്ചത്. നാടകത്തിലുള്ളത് കൊണ്ടാണ് ജോലി തരാത്തത്, അത് നിര്‍ത്തി വന്നാല്‍ ജോലി തരാമെന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരുന്നത്.
എന്നാല്‍ രേണുവിന്റെ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. രേണുവിന് പണ്ട് പല ജോലികളും ഏര്‍പ്പാടാക്കി കൊടുത്തിരുന്നുവെന്ന് സ്റ്റാര്‍ മാജിക്കിന്റെ പ്രൊഡ്യൂസറായിരുന്ന അനൂപ് പറഞ്ഞിട്ടുണ്ട്. രേണു തന്നെയാണ് അത് വേണ്ടെന്ന് വെച്ചതും അഭിനയ മേഖലയിലേക്കു തിരിഞ്ഞതും. ഒരു അക്കൗണ്ടന്റിന്റെ ജോലി ഏര്‍പ്പാടാക്കി നല്‍കിയെങ്കിലും രേണു തന്നെയാണ് അത് വേണ്ടെന്നു പറഞ്ഞതെന്ന് അനൂപ് പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയാണ് പലരും വിമര്‍ശിക്കുന്നത്. പല ജോലികളും വേണ്ടെന്നു പറഞ്ഞ രേണു ജോലി അന്വേഷിച്ചു നടന്നുവെന്ന് എന്തിന് കള്ളം പറയുന്നുവെന്നാണ് പലരും ചോദിക്കുന്നത്.












Click it and Unblock the Notifications