കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ വഴിവിട്ട് പോകുന്നത് എങ്ങനെ?

Google Oneindia Malayalam News

രതി തേടുന്ന കുട്ടികള്‍ - 1

എന്തുകൊണ്ട് ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുത്തു? കഴിഞ്ഞമാസം ഇങ്ങനെയൊരു സംഭവം കണ്ടു എന്നതുകൊണ്ടാണ് ഈ വിഷയത്തെക്കുറിച്ച് ഒരു ചെറിയ അന്വേഷണം നടത്തിയത്. നാട്ടിലെ വിദ്യാഭ്യാസ രീതികള്‍ ഉടച്ചുവാര്‍ക്കണോ എന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈംഗിക വിദ്യാഭ്യാസം കൂടി കുട്ടികള്‍ക്ക് നല്‍കണമെന്ന് ഒരു പക്ഷം വാദിക്കുമ്പോള്‍ അത് ഒരിക്കലും അനുവദിക്കുകയില്ലന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ ആരും അത്രയും ഗൌരവമായി എടുക്കാത്ത ചിലതുണ്ട്. ജീവിത രീതിയിലും ഭക്ഷണക്രമങ്ങളിലും വന്ന മാറ്റം കൊണ്ട് കൌമാരത്തിലേക്ക് കടക്കുന്ന കുട്ടികള്‍ പെട്ടന്ന് തന്നെ 'യൌവന"ത്തിലേക്കും എത്തുന്നു.

ശാരീരികമായ അവസ്ഥകള്‍ മാറിമറിയുന്ന സമയത്ത് കൌതുകം കൊണ്ടോ മറ്റോ അവര്‍ ആകര്‍ഷിക്കപെടുന്നു. മാധ്യമങ്ങള്‍, ഇലക്ട്രോണിക് വിപ്ലവങള്‍ തുടങ്ങിയവ തുറന്നു നല്‍കിയ പുത്തന്‍ അറിവുകള്‍ പരീക്ഷിക്കുവാന്‍ അവര്‍ ശ്രമിക്കുകയും ചെയ്യുന്നു.

ചില പഠനങ്ങള്‍

വിവാഹത്തിനുമുമ്പുള്ള ലൈംഗിക ബന്ധം കൂടിവരുന്നതായി പഠനങ്ങള്‍ പറയുന്നു. ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളും ലൈഗികത സംബന്ധിച്ച പല പഠനറിപ്പോര്‍ട്ടുകളും പ്രസിദ്ധീകരിച്ച് കാണാറുണ്ട്. തങ്ങളുടെ സര്‍ക്കുലേഷന്‍ കൂട്ടലാണ് മാഗസിനുകളുടെ നോട്ടം എങ്കിലും അതിലെ വസ്തുതകളെ മറക്കാനാവില്ല.

രതിയുടെ ആദ്യപാഠങ്ങള്‍

'കൊച്ചുപുസ്തക'ങ്ങളിലൂടെ ആയിരുന്നു 'കഴിഞ്ഞ തലമുറ'വരെ രതിയുടെ ആദ്യാറിവുകള്‍ നേടിയിരുന്നതെങ്കില്‍ ഇന്നത് 'വീഡിയോ" അറിവുകള്‍ ആയി മാറി. ഒളിച്ചു പാത്തും ആളുകള്‍ ഇല്ലാത്ത ഇടവഴികളിലും ഒളിച്ചുനിന്ന് കണ്ട ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ വീഡിയോ ചിത്രങ്ങള്‍ ആയി പരിവര്‍ത്തനം ചെയ്തിരിയ്ക്കുന്നു. മൊബൈല്‍ ഉള്ളവര്‍ക്കും മൊബൈല്‍ ഉള്ളവരുടെ സുഹൃത്തുക്കള്‍ക്കും ഇത്തരം വീഡിയോ ചിത്രങ്ങള്‍ അപ്രാപ്യവുമല്ല. ബ്ലൂടൂത്ത് വഴി കൈമാറാവുന്ന ഈ വീഡിയോകള്‍ ക്ലാസ്‌മുറികളില്‍ ഇരുന്നുവരെ കാണാവുന്ന സൌകര്യവും ഉണ്ട്. രതിയുടെ വിര്‍ച്യല്‍ ക്ലാസുകള്‍ സമാന്തരമായി ക്ലാസ് മുറികളില്‍ സൃഷ്ടിക്കപെട്ടിരിക്കുമ്പോഴാണ് ഒരു കൂട്ടര്‍ ലൈംഗിക വിദ്യാഭ്യാസത്തിനെതിരെ വാളെടുക്കുന്നത്. ശരിയായ രീതിയിലുള്ള ലൈഗിംക വിദ്യാഭ്യാസം ലഭിക്കാത്തതിന്റെ അഭാവം ഇവിടെ പ്രകടമാവുന്നുണ്ടോ എന്ന് സമുഹം മനസിരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.

രണ്ട് ആത്മഹത്യാശ്രമങ്ങള്‍

ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കിണറിന്റെ കെട്ടില്‍ കയറി നില്‍ക്കുന്നു എന്ന് സ്റ്റാഫ് റൂമില്‍ ചെന്ന് പറഞ്ഞപ്പോഴാണ് അദ്ധ്യാപകര്‍ കിണറ്റിന്‍ കരയിലേക്ക് ചെന്നത്. അവളുടെ ചുറ്റും കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നു. കിണറ്റില്‍ ചാടാനായി തുടങ്ങിയ പെണ്‍കുട്ടിയെ ചില കുട്ടികള്‍ ബലമായി പിടിച്ച് ഇറക്കിയതാണ്. അദ്ധ്യാപകര്‍ പെണ്‍കുട്ടിയെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി. ടീച്ചര്‍മാരുടെ സ്നേഹപൂര്‍ണ്ണമായ ഇടപെടലുകള്‍ക്ക് മുന്നില്‍ അവള്‍ മനസ് തുറന്നു.

പ്രണയത്തിന്റെ മാസ്‌മരികതയില്‍ അവളുടെ കാമുകനായ പത്താംക്ലാസുകാരന്റെ കൂടെ അവന്‍ വിളിച്ചിടത്ത് പോയി. പുത്തന്‍ അനുഭൂതികളില്‍ ജീവിതം താളം തെറ്റുന്നത് അവള്‍ അറിഞ്ഞില്ല. ഒരു ദിവസം അവന്റെ കൂടെ ഒരിടത്ത് ചെന്നപ്പോള്‍ അവന്റെ ചില കൂട്ടുകാരും ഉണ്ടായിരുന്നു. താനൊരു ചതിക്കുഴിയില്‍ പെട്ടു എന്നുള്ള തിരിച്ചറിവ് ഉണ്ടായി അവള്‍ ആ സമയം തന്നെ തിരിച്ചുപോന്നു. കുറേ ദിവസം കാമുകന്‍ അവളുടെ മുന്നില്‍ വന്നില്ല. ഇന്ന് അവന്‍ അവളുടെ അടുത്ത് എത്തി വൈകിട്ട് അവന്റെ കൂടെ ചെല്ലണമെന്ന് പറഞ്ഞു. ഇനിയും അവന്റെ കൂടെ എങ്ങോട്ടും വരില്ല എന്ന് അവള്‍ പറഞ്ഞു. വന്നില്ലങ്കില്‍ തന്റെ കൂടെ വന്നത് എല്ലാവരോടും പറയും എന്ന് അവന്‍ പറഞ്ഞതോടെ പെണ്‍കുട്ടി ഭയപ്പെട്ടു. ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നല്‍ അവള്‍ക്കുണ്ടായി. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അവളുടെ വീട്ടില്‍ നിന്ന് അവളുടെ നിലവിളി കേട്ടുകൊണ്ട് ചിലര്‍ ഓടിചെന്നപ്പോള്‍ ചോര ഒലിക്കുന്ന കൈകളുമായി അവള്‍ നിലവിളിക്കുകയാണ്. ഉടനെ അവളെ ആശുപത്രിയില്‍ എത്തിച്ചു. കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷേ ചോരകണ്ടപ്പോള്‍ അവള്‍ ഭയന്നു നിലവിളിച്ചപ്പോഴാണ് ആളുകള്‍ എത്തിയത്.എന്തിന് അവള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.? പലരുചോദിച്ചിട്ടും അവള്‍ ഒന്നും പറഞ്ഞില്ല.
ഒടുവില്‍ ക്ലാസ്‌ ടീച്ചറുടെ മുന്നില്‍ അവള്‍ മനസ് തുറന്നു. അടുത്ത വീട്ടിലെ പ്ലസ്‌ടുവിന് പഠിക്കുന്ന ചേട്ടനുമായി അവള്‍ക്ക് ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴക്കെ അവരിങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. അന്ന് ശനിയാഴ്ച് ആയിരുന്നതുകൊണ്ട് വീട്ടിലുള്ളവര്‍ പണിക്കുപോയതുകൊണ്ട് അവള്‍ അവന്റെ വീട്ടിലേക്ക് ചെന്നു. സംസാരിച്ച് ഇരിക്കുമ്പോള്‍ അവനൊരു സിഡിയിട്ട് അവളെ കാണിച്ചു. അതുപോലെ നമുക്കും ചെയ്യാം എന്ന് പറഞ്ഞ് നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ അവന്റെ അടുത്ത് നിന്ന് ഓടി തന്റെ വീട്ടിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

മതിലു ചാടുന്നവര്‍

തിരുവന്തപുരത്ത് നിന്ന് കഴിഞ്ഞമാസം റിപ്പോര്‍ട്ട് ചെയ്ത സംഭവം. ഒരു സ്കൂളിലെ രണ്ട്മൂന്ന് പെണ്‍കുട്ടികള്‍ സ്കൂളില്‍ എത്തിയതിനു ശേഷം മതിലുചാടി പുറത്ത് കടക്കും. അവരെ കാത്ത് അവരുടെ 'സുഹൃത്തു'ക്കള്‍ ഓട്ടോയുമായി കാത്തുനില്‍ക്കും. സ്കൂള്‍ യൂണിഫോം മാറ്റി അവര്‍ വേറെ വസ്ത്രം ധരിച്ച് അവരോടൊത്ത് 'കറങ്ങാന്‍" പോകും. മാസങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന ഈ മതിലു ചാട്ടം പെണ്‍കുട്ടികള്‍ തന്നെയാണ് തങ്ങളുടെ കൂട്ടുകാരികളോട് പറഞ്ഞത്. തങ്ങളുടെ 'ചേട്ടന്മാരുടെ' 'സ്വഭാവ'ത്തെക്കുറിച്ചും തങ്ങള്‍ക്ക് ലഭിക്കുന്ന പുത്തന്‍ വസ്ത്രത്തെക്കുറിച്ചും മതിലും ചാടിയപെണ്‍‌കുട്ടികളിലൊരാള്‍ ഹോസ്റ്റലില്‍ വച്ച് കൂട്ടുകാരികളോട് പറഞ്ഞു. സംശയകരമായ സാഹചര്യത്തില്‍ പോലീസ് മതിലുചാടിയ പെണ്‍കുട്ടികളേയും അവരുടെ ചേട്ടന്മാരേയും ബീച്ചില്‍ നിന്ന് പിടിക്കുകയും ചെയ്തു.

യൂത്ത് ഫെസ്റ്റുവല്‍ 'ഫെസ്റ്റുവല്‍" ആകുമ്പോള്‍!!!

സ്‌കൂളുകളിലെ യൂത്ത് ഫെസ്റ്റുവല്‍ എല്ലാവര്‍ക്കും ആഘോഷമാണ്. ക്ലാസില്‍ കയറാതെ സിനിമയ്ക്ക് പോകുന്ന ചിലര്‍, കറങ്ങാ‍ന്‍ പോകുന്ന ചിലര്‍... കലാപരിപാടികള്‍ നടക്കുന്ന ഹാള്‍ ഒഴിച്ച് മറ്റൊരു ക്ലാസ് റൂമിലും ആളുകള്‍ ഉണ്ടാവാറില്ല. ഒരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുന്ന സമയം ഒഴിഞ്ഞ ക്ലാസ് റൂമുകളില്‍ നിന്ന് കാമുകീകാമുക സമാഗമത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ അദ്ധ്യാപകര്‍ കൈയ്യോടെ പൊക്കി.

മറ്റൊരു സ്കൂളില്‍ യൂത്ത് ഫെസ്റ്റുവല്‍ നടക്കുമ്പോള്‍ സ്കൂളിന് അടുത്തുള്ള ഗ്രൌണ്ടിലെ ഒഴിഞ്ഞ പുല്‍ത്തകിടി മെത്തകളാക്കിയവരെ കണ്ട് സഹപാഠികള്‍ കണ്ണ് മിഴിച്ചു നിന്നുപോയി. സ്കൂളിനു വെളിയില്‍ നിന്നുപോലും 'ആളു'കള്‍ സ്കൂളുകളില്‍ എത്തി കുട്ടികളെ 'ഉപയോഗി'ക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടാതിരിക്കുന്നത് എങ്ങനെ. സ്കൂള്‍ സമയത്ത് പെണ്‍കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്ത് വിടരുത് എന്ന് കര്‍ശന നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിട്ടുണ്ട്.

ഇത് അവളുടെ ജീവിതം

സ്പോര്‍ട്സില്‍ അവള്‍ മുന്നിലാണ്. യുപി സ്കൂളില്‍ പഠിക്കുമ്പോള്‍ അവള്‍ ജില്ല അത്‌ലറ്റിക് മീറ്റില്‍ സ്കൂളിനു വേണ്ടി അവള്‍ സമ്മാനം വാരിക്കൂട്ടിയിരുന്നു. ഹൈസ്കൂളില്‍ എത്തിയപ്പോഴും അവള്‍ സ്പോര്‍ട്സില്‍ പിന്നോട്ട് പോയില്ല. കറുത്തതാണങ്കിലും അവളെ കാണാന്‍ അഴകായിരുന്നു. അവള്‍ ഹൈ‌സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മ വേറെ ഒരുത്തന്റെ കൂടെ പോയി. അച്ഛനാണങ്കില്‍ വല്ലപ്പോഴും വീട്ടില്‍ എത്തും. അവള്‍ക്ക് താഴെ അനുജത്തിയും അനുജനും.

പത്താം ക്ലാസില്‍ അവള്‍ കുറേ ദിവസം ക്ലസില്‍ വരാതിരുന്നു. അവള്‍ എവിടെ എന്ന് ആര്‍ക്കും അറിയില്ല. അവളെ കാണാനില്ല എന്ന് പോലീസില്‍ പരാതി കിട്ടി.പോലീസ് അന്വേഷിച്ച് സ്കൂളിലും എത്തി. അവളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല. കുറെ ദിവസം കഴിഞ്ഞ് ചില ആണുങ്ങള്‍ അവള്‍ സ്കൂളില്‍ എത്തുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ എത്തി. അവളുടെ തുണിയില്ലാത്ത ഫോട്ടോ ഞങ്ങളുടെ കൈയ്യിലുണ്ടന്ന് അവളോട് പറഞ്ഞേക്ക് എന്ന് അവളുടെ ക്ലാസിലുള്ള കുട്ടികളോട് പറഞ്ഞ് അവര്‍ പോയി. ജീവിക്കാന്‍ വേണ്ടി അവള്‍ക്ക് ഒരുത്തന്‍ ഒരു മാര്‍ഗ്ഗം കാണിച്ചു കൊടുത്തതാണ് എല്ലാത്തിനും ആധാരം. ഇന്നും അവള്‍ ഉണ്ട്. വീണുപോയ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കാനാവാതെ ആരോ സമ്മാനമായി നല്‍കിയ ഒരു കുഞ്ഞുമായി അവളിന്നും ജീവിക്കുന്നു. തനിക്ക് പറ്റിയത് മറ്റൊരു പെണ്‍കുട്ടിക്കും പറ്റരുതേ എന്ന പ്രാര്‍ത്ഥനയുമായി അവളിന്നും ജീവിക്കുന്നു.

വലകളുമായി അവര്‍ കാത്തിരിക്കുന്നു

ദിവസവും കോടിക്കണക്കിന് രൂപാ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യന്‍ സെക്സ് വിപണിയില്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ എത്തിക്കാന്‍ മാത്രമായി ഏജന്റുമാര്‍ ഉണ്ടത്രെ!! സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ വലയില്‍ കുരുക്കാന്‍ അവര്‍ കാത്തുനില്‍ക്കുന്നു. ഇന്റെര്‍‌നെറ്റിനേയും കൂട്ട് പിടിച്ച് നടത്തുന്ന ബിസ്‌നസ്സില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പണം ഉണ്ടാക്കാം എന്നുള്ള പ്രലോഭനത്തില്‍ ചിലരൊക്കെ വീണുപോകുന്നു. ഈ വലകളില്‍ വീണുകഴിഞ്ഞാല്‍ വലമുറുകി ജീവിതം നഷ്ടപെടുകതന്നെ ചെയ്യും. വലമുറിച്ച് രക്ഷപെടാനും സാധിക്കുകയില്ല.

അടുത്ത പോസ്റ്റില്‍ - 'ട്രാവത്സി'ല്‍ രതി തേടുന്നകുട്ടികള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X