കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി.ഒ.ആന്റോ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

ചെന്നൈ: നാടക-സിനിമാ പിന്നണി ഗായകന്‍ സി.ഒ.ആന്റോ ചെന്നൈയില്‍ അന്തരിച്ചു. വടപളനി സോമസുന്ദരഭാരതി സ്ട്രീറ്റില്‍ ഫിബ്രവരി 24 ശനിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം. 64 വയസായിരുന്നു.

ഒന്നര വര്‍ഷത്തോളമായി അര്‍ബുദബാധിതനായിരുന്നു ആന്റോ. തൃശൂര്‍ സ്വദേശി മേരിയാണ് ഭാര്യ. ത്രേസ്യ, ആന്റണി, സംഗീത എന്നിവര്‍ മക്കളും.

കേരളത്തിലെ ജനകീയ നാടകവേദിയുടെ സുവര്‍ണകാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന പ്രതിഭാശാലിയായാണ് ആന്റോ അറിയപ്പെടുന്നത്. അനുപമമായ ശബ്ദഗാംഭീര്യവും അനുഗ്രഹീതമായ ആലാപന വൈഭവവും കൊണ്ട് ആന്റോ അനശ്വരമാക്കിയ നാടകഗാനങ്ങള്‍ നിരവധിയാണ്.

എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും (ഡോക്ടര്‍), മധുരിക്കും ഓര്‍മകളെ മലര്‍മഞ്ചല്‍ കൊണ്ടുവരൂ, ഇനിയൊരു കഥ പറയൂ കണ്‍മണീ (ജനനീ ജന്മഭൂമി) തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നവയാണ്.

ഏരൂര്‍ വാസുദേവിന്റെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തില്‍ പാടി അഭിനയിച്ചതോടെയാണ് നാടകരംഗവുമായുള്ളആന്റോയുടെ ബന്ധം ആരംഭിക്കുന്നത്. പി.ജെ.ആന്റണിയുടെ ട്രൂപ്പ്, കൊല്ലം കാളിദാസ കലാകേന്ദ്രം, ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആര്‍ട്സ് ക്ലബ്, ചെറുകാടിന്റെ തൃശൂര്‍ കേരള കലാവേദി എന്നിവയിലും ആന്റോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു ഞെട്ടില്‍ ഇരുപൂക്കള്‍ എന്ന ചിത്രത്തിലൂടെ ആന്റോ സിനിമാ പിന്നണിഗായകനായി. കുന്നത്തൊരു കാവുണ്ടേ (അസുരവിത്ത് ), ചിപ്പി ചിപ്പി മുത്തുചിപ്പി (അരനാഴികനേരം), പാപ്പി അപ്പച്ചാ (മൈലാടും കുന്ന് ) തുടങ്ങി ആന്റോ പാടി അനശ്വരമാക്കി ഗാനങ്ങള്‍ നിരവധിയാണ്. അനിയത്തിപ്രാവിന് വേണ്ടിയും നാടോടിക്കാറ്റിന് വേണ്ടിയും ആന്റോ പാടിയിരുന്നു.

അടുത്തകാലം വരെ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത പരിപാടിയില്‍ ആന്റോ സജീവമായിരുന്നു. കൊച്ചിയിലെ പി.ജെ.ആന്റണി ഫൗണ്ടേഷന്‍ നാടകഗാന-സംഗീത ശാഖയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ആന്റോ അര്‍ഹനായ വിവരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അന്ത്യം സംഭവിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X