• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെടാവിളക്കായി ഈ ജന്മശതാബ്ദി

  • By Staff

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മശതാബ്ദി കടന്നുപോകുമ്പോള്‍ മലയാളകവിത ഒരു തിരിച്ചടിയെ നേരിടുകയാണ്. നിലനില്പിനായി പൊരുതുന്നതിന്റെ ഭാഗമായുള്ള കവിതയുടെ ഈ കിതപ്പ് മലയാളത്തില്‍ മാത്രമല്ല, കാതോര്‍ത്താല്‍ ലോകമാകെ കേള്‍ക്കാം.

പക്ഷെ എല്ലാക്കാലത്തുമുണ്ടായിരുന്നില്ലേ ഈ പ്രതിസന്ധികള്‍? അതെ, ജി. ശങ്കരക്കുറുപ്പ് ഒരു കവിയുടെ പാദരക്ഷ തേടുമ്പോള്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്ന വെല്ലുവിളി പറഞ്ഞറിയിക്കാവുന്നതല്ല. മലയാളം കണ്ട പ്രതിഭാസമ്പന്നരായ മൂന്ന് കവികള്‍ നിറഞ്ഞു പാടിയ ഒരു കാലത്തിന് ശേഷമാണ് ജി യുടെ വരവ്. ആ മഹാകവികള്‍ ആരെല്ലാമാണെന്നറിയുമ്പോള്‍ ജി യുടെ പ്രതിസന്ധി എന്തെന്ന് പിടികിട്ടും. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍..... ഇവര്‍ പാടിയതിനേക്കാള്‍ അധികമായി എന്തെങ്കിലും ആര്‍ക്കെങ്കിലും ഇനി പാടാനുണ്ടാകുമോ? ഇനിയും പാടാത്ത പദങ്ങളും കാവ്യഭാവനകളും പ്രകൃതിയില്‍, കുറേക്കൂടി വിസ്തൃതമായി പറഞ്ഞാല്‍ ഈ പ്രപഞ്ചത്തില്‍ ബാക്കിയുണ്ടെന്ന് ജി തെളിയിക്കുകയായിരുന്നു. അതായിരുന്നു ജി യുടെ മഹത്വവും.

പിന്നീട് ജി യുടെ നേതൃത്വത്തില്‍ ഒരു തരംഗം തന്നെയുണ്ടായി. മലയാളകവിതയില്‍ കാല്പനികത മലയാളകവിതയില്‍ പുതിയൊരു ഭാവത്തില്‍ ഓളംവെട്ടി. പ്രകൃതിയുടെ പാട്ടുകാരനായാണ് അദ്ദേഹം രംഗപ്രവേശം ചെയ്തതെങ്കിലും ദു:ഖിതമായ സമൂഹത്തിന്റെയാകെ കണ്ണുനീര്‍ അദ്ദേഹത്തിന്റെയും കവിതകളെ നനച്ചു. പ്രതീകാത്മകമായിരുന്നു അദ്ദേഹത്തിന്റെ കാവ്യരചനാരീതി. പ്രപഞ്ചത്തെക്കുറിച്ചും അതിന്റെ മായികഭാവങ്ങളെപ്പറ്റിയും മതിമറന്ന് പാടുമ്പോള്‍ ഈ പ്രതീകാത്മകതയ്ക്ക് പ്രതീക്ഷിക്കാത്ത അര്‍ത്ഥതലങ്ങള്‍ കൈവന്നു. ഇന്നു ഞാന്‍ നാളെ നീ എന്ന കവിതയിലൂടെ ജീവിതത്തിന്റെ ക്ഷണഭംഗുരത അസുലഭ കാവ്യാനുഭവമാക്കിയപ്പോള്‍ ഈ കരവിരുത് നമ്മള്‍ക്ക് വിസ്മയാനുഭവമായി.

1901 ല്‍ എറണാകുളം ജില്ലയിലാണ് കവിയുടെ ജനനം. മലയാളകവിതയ്ക്ക് ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ കൊണ്ടുവന്ന ജി മലയാളത്തിന് പുറത്തും മലയാളത്തെ അനുഭവിപ്പിച്ച കവിയാണെന്ന് പറയാം. പ്രഥമ ജ്ഞാനപീഠം മലയാളക്കരയിലേക്ക് കൊണ്ടുവന്നപ്പോള്‍ മഹാകവി ജിയുടെ സ്ഥാനം ചരിത്രത്തിനും മായ്ക്കാന്‍ കഴിയാത്തതായി. വിശ്വദര്‍ശനം, പാഥേയം, അന്തര്‍ദ്ദാഹം, നിമിഷം, പഥികന്റെ പാട്ട്, ഓടക്കുഴല്‍ ,ജീവനസംഗീതം, സൂര്യകാന്തി, വനഗായകന്‍, മധുരം സൗമ്യം ദീപ്തം എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. ഗദ്യവും പദ്യവുമായി ജി ഒട്ടാകെ 36 കൃതികള്‍ രചിച്ചു. ജി യുടെ ശൈലി ജി സ്വയം പടുത്തുയര്‍ത്തിയതാണ്.

ജി യുടെ ജന്മശതാബ്ദി ഓര്‍മ്മിപ്പിക്കുന്നത് കാവ്യങ്ങളുടെ അനശ്വരതയെയാണെന്ന് പറയാം. പാടിയതിനേക്കാല്‍ കൂടുതല്‍ ഇനിയും പാടാനുണ്ടെന്ന് ജി യുടെ ജീവിതം ഓര്‍മ്മിപ്പിക്കുന്നു. .... പുതിയ രീതിയില്‍ , രൂപഭാവങ്ങളില്‍, നിര്‍വൃതിയില്‍ ഇനിയും മലയാളകവിത വിടര്‍ന്ന് വികസിക്കുമെന്ന പ്രത്യാശ ജി ഈ കാലത്തിനും പകര്‍ന്നു തരുന്നു. അതുകൊണ്ട് ജിയുടെ കവിതയും ജീവിതവും ഈ ജന്മശതാബ്ദിയും ഒരു കെടാവിളക്കാണെന്നും നമുക്ക് പറയാം....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more