കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്കാദമി സെക്രട്ടറിക്കെതിരെ എഴുത്തുകാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാദമി പ്രഖ്യാപിച്ച ഫെലോഷിപ്പുകള്‍ റദ്ദാക്കണമെന്നും ഫെലോഷിപ്പ് നല്‍കുന്നതിനായി നടത്തിയ തിരഞ്ഞെടുപ്പിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഒരു സംഘം എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും കേന്ദ്ര സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെട്ടു.

കെ. എസ്. വിശ്വംഭരന്‍, വി. രാജകൃഷ്ണന്‍, ജി. എന്‍. പണിക്കര്‍, കവടിയാര്‍ രാമചന്ദ്രന്‍, എം. പി. സദാശിവന്‍, ചെമ്പൂര്‍ സുകുമാരന്‍ നായര്‍, ഡൊമിനിക് കാട്ടൂര്‍, എന്‍. അജിത് കുമാര്‍, എസ്. എന്‍. കുറുപ്പ്, പി. നാരായണക്കുറുപ്പ്, സി. ഉദയകല എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയിലാണ് ഇക്കാര്യം ഉന്നയിച്ചത്.

ദേശീയ തലത്തിലെ ഉന്നതരായ എഴുത്തുകാര്‍ക്ക് പുസ്തകങ്ങള്‍ എഴുതുന്നതിന് സീനിയര്‍ വിഭാഗത്തില്‍ 12,000 രൂപയും ജൂണിയര്‍ വിഭാഗത്തില്‍ 6,000 രൂപയുമാണ് നല്‍കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. പല മലയാളം എഴുത്തുകാരും ഇതിനായി അപേക്ഷ നല്‍കിയിരുന്നു.

ഫെലോഷിപ്പ് പ്രഖ്യാപിച്ചതിന് പിന്നില്‍ അക്കാദമി സെക്രട്ടറി കെ. സച്ചിദാനന്ദന്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന് പ്രസ്താവനയില്‍ ആരോപിച്ചു. ഫെലോഷിപ്പിനായി എഴുത്തുകാരെ തിരഞ്ഞെടുക്കുന്നതിനുള്ള ഏകാംഗ കമ്മിറ്റിയിലേക്ക് ഡോക്ടര്‍ ഡിഗ്രിയോ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളെ പഠിപ്പിച്ച അനുഭവപരിചയമോ ഇല്ലാത്ത ഒരാളെയാണ് സെക്രട്ടറി നിയമിച്ചത്. ഇത് നേരത്തെ മാധ്യമങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഫെലോഷിപ്പിന് അര്‍ഹതയുണ്ടാവില്ലെന്ന ഒരു വ്യവസ്ഥ കൂടി സെക്രട്ടറി കൊണ്ടുവന്നു. റിട്ടയര്‍ ചെയ്ത ഒരു വ്യക്തിയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അക്കാദമിയുടെ പുതിയ ഭരണസമിതി അധികാരമേറ്റെടുക്കും മുമ്പ് തിരക്ക് പിടിച്ച് ഫെലോഷിപ്പ് പ്രഖ്യാപിച്ചത് നിയമവും ഭരണഘടനാവകാശങ്ങളും ലംഘിച്ചാണ്. ഭരണസമിതിയിലെ ചില അംഗങ്ങളുടെ തടസവാദങ്ങളെ അവഗണിച്ചാണ് സെക്രട്ടറി ഇതുചെയ്തത്- പ്രസ്താവനയില്‍ പറയുന്നു.

സച്ചിദാനന്ദനെതിരെ സംഘ്പരിവാര്‍ ചായ്വുള്ള എഴുത്തുകാരുടെ ലോബി പ്രവര്‍ത്തിക്കുന്നതിന്റെ തുടര്‍ച്ചയായാണ് ഈ പ്രസ്താവനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തെ അക്കാദമി സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് ഇടതുപക്ഷ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന ആരോപണം സച്ചിദാനന്ദനെതിരെ സംഘ്പരിവാര്‍ ലോബി ഉയര്‍ത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X