ടൊവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളി ഒടിടിയില്‍, പ്രഖ്യാപനവുമായി നെറ്റ്ഫ്‌ളിക്‌സ്
മലയാള സിനിമ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ ഒടിടിയിലേക്ക് വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം കൂടി. ടൊവിനോ തോമസിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയാണ് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യാനായി പോകുന്നത്. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ തന്നെ ഈ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. നേത്തെ തന്നെ ഈ സൂചന നെറ്റ്ഫ്‌ളിക്‌സ് നല്‍കിയിരുന്നു. അതേസമയം റിലീസ് തിയതി എന്നാണെന്ന് നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ അവസാന വാരം റിലീസ് ചെയ്യുമെന്നാണ് സൂചന. നേരത്തെ ഓണത്തിന് മിന്നല്‍ മുരളി റിലീസ് ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. ഓണത്തിന് തിയേറ്റര്‍ തുറക്കാനാവാത്ത സാഹചര്യത്തിലായിരുന്നു ഇത്.

റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയതെന്നാണ് സൂചന. അവര്‍ ഔദ്യോഗികമായി സ്വന്തമാക്കുന്ന ആദ്യത്തെ വമ്പന്‍ റിലീസ് കൂടിയാണ് ഇത്. ടൊവിനോ തോമസിന്റെ ഒടിടിക്ക് പോകുന്ന ആദ്യ ചിത്രമാണിത്. നേരത്തെ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ ഒടിടിയിലായിരുന്നു റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ ഇരുള്‍, ജോജി, മാലിക്, സീയു സൂണ്‍, തുടങ്ങിയ നാല് ചിത്രങ്ങളാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ഇതില്‍ മാലിക്ക് പോലെ ബിഗ് ബജറ്റിലാണ് മിന്നല്‍ മുരള ഒരുങ്ങിയത്. 20 കോടിയിലേറെ ബജറ്റ് ചിത്രത്തിനുള്ളതായി സൂചനയുണ്ട്. നിലവില്‍ ദൃശ്യത്തിനും മാലിക്കിനുമാണ് വന്‍ തുക കിട്ടിയിരിക്കുന്നത്. ദൃശ്യത്തിന് 25 കോടിയും മാലിക്കിന് 22 കോടിയുമാണ് കിട്ടിയത്.
ഇത് രണ്ടിനെയും മിന്നല്‍ മുരളി വെട്ടിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പൃഥ്വിരാജിന്റെ കുരുതിക്ക് 15 കോടി രൂപയാണ് കിട്ടിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ഥിരീകരിച്ചിട്ടില്ല. ദൃശ്യം രണ്ടാം ഭാഗത്തിന് നല്‍കിയ തുക ആമസോണും മാലിക്കിന് കിട്ടിയത് സംവിധായകന്‍ മഹേഷ് നാരായണനും സ്ഥിരീകരിച്ചിരുന്നു. ഇതിനെ രണ്ടിനെയും മറികടന്നാല്‍ മലയാളത്തിലെ തന്നെ റെക്കോര്‍ഡ് തുകയാവും അത്. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പും ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചനയുണ്ട്. ഇതിനായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി ഇക്കാര്യം തീരുമാനിച്ചിട്ടില്ല. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ബജറ്റേറിയ ചിത്രമാണ് കുറുപ്പ്. 30 കോടിയാണ് ബജറ്റ്.
തിയേറ്ററുകളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. തിയേറ്ററില്‍ വിജയസാധ്യത ശക്തമായ ചിത്രമായിരുന്നു മിന്നല്‍ മുരളി. ചിത്രത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ ആദ്യ ചിത്രം കുഞ്ഞിരാമായണവും രണ്ടാം ഗോദയും മികച്ച വിജയങ്ങളായിരുന്നു. ടൊവിനോക്ക് ഒപ്പമായിരുന്നു ഗോദ ബേസില്‍ ചെയ്തത്. അതേസമയം തിയേറ്റര്‍ തുറക്കാന്‍ ഇനിയും വൈകുമെന്ന് വ്യക്തമാണ്. ഷൂട്ടിംഗിനാണെങ്കില്‍ 50 ശതമാനം ആളുകളെ വെച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം നടത്താന്‍ സാധിക്കൂ. നിരവധി ചിത്രങ്ങളാണ് അണിയറയില്‍ റിലീസ് കാത്ത് കഴിയുന്നത്. അത്യാവശ്യം അറിയപ്പെടുന്ന ചിത്രങ്ങളെല്ലാം ഒടിടിക്ക് പോകാനായി അതുകൊണ്ട് കാത്തിരിക്കുകയാണ്.
മിന്നല്‍ മുരളി ഒരേ സമയം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഇറങ്ങുന്നുണ്ട്. തിയേറ്ററില്‍ ഇറക്കാന്‍ ഉറപ്പിച്ച ചിത്രമായിരുന്നു ഇത്. പരമാവധി തിയേറ്ററില്‍ തന്നെ ഇറക്കാന്‍ ശ്രമിക്കുമെന്ന് നേരത്തെ ബേസില്‍ ജോസഫ് പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും ഹോള്‍ഡ് ചെയ്ത് വെക്കുന്നതിലൂടെ സാമ്പത്തിക നഷ്ടങ്ങളും പ്രതിസന്ധികളിലും വര്‍ധിക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടായിരിക്കും ഡിജിറ്റല്‍ റിലീസിന് നല്‍കാന്‍ കാരണം. അതേസമയം നെറ്റ്ഫളിക്‌സിന് നല്‍കിയാല്‍ സ്ട്രീമിംഗിലുള്ള പ്രശ്‌നങ്ങളും ചിത്രം നേരിട്ടേക്കാം. കേരളത്തില്‍ ആമസോണാണ് ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ഒടിടി പ്ലാറ്റ്‌ഫോം. നെറ്റ്ഫ്‌ളിക്‌സ് കൂടുതല്‍ സീരിസിന് പ്രാധാന്യം നല്‍കുന്നത് കൊണ്ട് അത്രത്തോളം വിപുലമായിട്ടില്ല.
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എല്ലാവര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സൂപ്പര്‍ ഹീറോയായിരിക്കും മിന്നല്‍ മുരളിയെന്ന് ബേസില്‍ പറയുന്നു. ആക്ഷനും ചടുലതയുമൊക്കെയുണ്ട്. ഒപ്പം ശക്തമായൊരു കഥയും ഈ ചിത്രത്തിലുണ്ട്. ഈ ചിത്രം സ്വപ്‌നമാണ്. നെറ്റ്ഫ്‌ളിക്‌സ് പോലൊരു ലോകോത്തര പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ബേസില്‍ ജോസഫ് പറഞ്ഞു. നിര്‍മാതാവ് സോഫിയ പോളും ഹാപ്പിയാണ്. നെറ്റ്ഫ്‌ളിക്‌സുമായുള്ള സഹകരണത്തില്‍ സന്തോഷം. മിന്നല്‍ മുരളി ഒരു തുടക്കം മാത്രമാണെന്നും അവര്‍ പറഞ്ഞു. നിരന്തരം സംവിധായകനുമായി സംവദിച്ചാണ് ഈ കഥാപാത്രത്തിലേക്ക് എത്തിയത്. ഞാന്‍ ഈ സിനിമ ആസ്വദിക്കുന്നത് പോലെ എല്ലാവര്‍ക്കും ഇഷ്ടപ്പെടട്ടെ എന്നും ടൊവിനോ തോമസ് പറഞ്ഞു.












Click it and Unblock the Notifications