'ചൊറിഞ്ഞാൽ ഞാൻ മാന്തും'; റിനോഷിനോട് 'തന്ത്രം' പറഞ്ഞ് മിഥുൻ..അഖിലിന്റെ ലക്ഷ്യം ഇതെന്ന് ജുനൈസ്
ബിഗ് ബോസ് മലയാളം സീസൺ 5ൽ മത്സരം കൂടുതൽ മുറുകുകയാണ്. ഫൈനലിലേക്ക് ദിവസങ്ങൾ അടുക്കുന്തോറും ഹൗസിലെ അന്തരീക്ഷം കലുഷിതമാകുന്നതാണ് കാഴ്ച. പതിഞ്ഞ താളത്തിൽ ഗെയിം കളിച്ചിരുന്ന മത്സരാർത്ഥികളിൽ പലരും പരസ്പരം പോരാട്ടത്തിന് തയ്യാറെടുത്ത് കഴിഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ടായ റിനോഷ് ജോർജ്-വിഷ്ണു ആരോപണ പ്രത്യാരോപണങ്ങൾ ഇതിന്റെ സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ഫൈനൽ ആണ് ലക്ഷ്യമെങ്കിൽ ഇപ്പോൾ തുടരുന്ന പോയാൽ ശരിയാവില്ലെന്ന ഉപദേശമാണ് ഇപ്പോൾ റിനോഷിന് സുഹൃത്തായ മിഥുൻ നൽകുന്നത്. ഇനി എങ്ങനെ കളിക്കണമെന്ന് താൻ തീരുമാനിച്ച് കഴിഞ്ഞുവെന്നും റിനോഷിനോടായി മിഥുൻ പറയുന്നുണ്ട്.

'ഇവിടെ നിൽക്കാനാണ് ഉദ്ദേശമെങ്കിൽ നമ്മുക്ക് ഇനി ഇങ്ങനെ പോയാൽ നടക്കില്ല. പക്ഷേ നമ്മൾ തമ്മിലുള്ള സൗഹൃദങ്ങളും കാര്യങ്ങളും പഴേ പോലെ നടക്കണം. മൂലയിൽ പോയിരുന്ന്, വസ്ത്രവും അലക്കി, ഭക്ഷണവും ഉണ്ടാക്കി കിടന്ന് ഉറങ്ങി പോകാനുള്ള ദിവസമല്ല ഇനി വരാനിരിക്കുന്നത്. 20 ദിവസമേ ഇനി ഉള്ളൂവെങ്കിൽ ആ 20 ദിവസം അടിപൊളിയായി പോകണം.
ഇനി എന്നെ ആരെങ്കിലും ചൊറിഞ്ഞാൽ ഞാൻ അവനെ കയറി മാന്തും. എന്റെ കൈയ്യീന്ന് കാര്യങ്ങൾ പോയിരിക്കുകയാണ്', എന്നാണ് മിഥുൻ പറയുന്നത്. കഴിഞ്ഞ ദിവസം റിനോഷും വിഷ്ണുവും ഹൗസിൽ കൊമ്പ് കോർത്തിരുന്നു. സഹോദരിയെ പോലെ കരുതുന്നുവെന്ന് പറഞ്ഞ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ ഒരു മത്സരാർത്ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്ന വിഷ്ണുവിന്റെ ആരോപണത്തോടെയായിരുന്നു തർക്കം ഉടലെടുത്തത്. ഇതിനെതിരെ കടുത്ത ഭാഷയിൽ തന്നെ റിനോഷ് രംഗത്തെത്തിയിരുന്നു.
പുറത്ത് പോയ ഒരു മത്സരാർത്ഥിക്കെതിരെ അനാവശ്യ ആരോപണമാണ് വിഷ്ണു ഉയർത്തുന്നതെന്നായിരുന്നു റിനോഷ് പ്രതികരിച്ചത്. വിഷ്ണു സദാചാര അമ്മാവൻ ആകുകയാണെന്നും റിനോഷ് പരിഹസിച്ചിരുന്നു. ഇതിനെ ചൊല്ലി മിഥുനും വിഷ്ണുവിനെതിരെ രംഗത്തെത്തിയിരുന്നു. അതിനിടെ അഖിൽ മരാർ-വിഷ്ണ-ഷിജു കൂട്ടുകെട്ട് ഇനി ലക്ഷ്യം വെയ്ക്കുന്നത് റിനോഷിനെയാണെന്നാണ് സംഭവത്തിന് ശേഷം ജുനൈസ് വ്യക്തമാക്കിയത്. റിനോഷിനോടും മിഥുനോടുമായിട്ടാണ് ഇക്കാര്യം ജുനൈസ് പറഞ്ഞത്.
'ബിഗ് ബോസ് അവർക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഷോ ആയിട്ടാണ് അവർ പറയുന്നത്. ഇതൊക്കെയൊന്നുമല്ല പുറത്ത് എന്നത് അവർക്ക് കുറെയൊക്കെ മനസിലായിട്ടുണ്ട്. അതിന്റെ ഷോയും ഫ്രസ്ട്രേഷനുമൊക്കെയാണ് അവർ പുറത്ത് കാണിക്കുന്നത്. അവർക്ക് ഒരു ലക്ഷ്യമേ ഉള്ളൂ. റിനോഷിനെ ട്രിഗർ ചെയ്ത് തെറി പറയിപ്പിക്കുക', ജുനൈസ് പറഞ്ഞു.
അതേസമയം ബിഗ് ബോസ് പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോയിൽ അഖിൽ മാരാരുമായി കൊമ്പ് കോർക്കുന്ന ജുനൈസ് ആണ് ഉള്ളത്. ജയിൽ നോമിനേഷനിടെ ജുനൈസ് അഖിലിനെതിരെ രൂക്ഷവിമർശനം ഉയർത്തുന്നതാണ് പ്രമോയിലെ രംഗങ്ങൾ. അഖിൽ വൻ ഫേക്കായാണ് ബിഗ് ബോസിൽ തുടരുന്നതെന്ന് ജുനൈസ് പറയുന്നുണ്ട്. പക്ഷേ താൻ അഖിലിനെ നോമിനേറ്റ് ചെയ്യില്ലെന്നും പകരം റിനോഷിനേയും വിഷ്ണുവിനെയുമാണ് നോമിനേറ്റ് ചെയ്യുന്നതെന്നും ജുനൈസ് പറഞ്ഞു.
എന്നാൽ നോമിനേറ്റ് ചെയ്യാൻ ഉദ്ദേശമില്ലെങ്കിൽ തന്നെ വിമർശിച്ചത് എന്തിനെന്ന ചോദ്യമാണ് അഖിൽ ജുനൈസിനെതിരെ ഉയർത്തിയത്. തന്റെ പേര് പറഞ്ഞ ജുനൈസ് തന്നെ നോമിനേറ്റ് ചെയ്തില്ലെങ്കിൽ ഉറപ്പായും താൻ ഇറങ്ങി പോകുമെന്നും അഖിൽ മാരാർ പറയുന്നുണ്ട്. ഇതോടെ ബിഗ് ബോസ് അനൗണ്‍സ് ചെയ്യട്ടേ താൻ അതുവരെ ഇവിടെ നില്‍ക്കും എന്ന് ജുനൈസും വ്യക്തമാക്കി. രണ്ട് പേരെ നോമിനേറ്റ് ചെയ്യാനാണ് തങ്ങള്‍ ആവശ്യപ്പെട്ടത് അത് ഗൗരവപൂര്‍വം ചെയ്യാൻ നിങ്ങള്‍ക്ക് സാധിക്കുന്നില്ലേയെന്ന് ബിഗ് ബോസ് വ്യക്തമാക്കുന്നതും പ്രൊമൊയില്‍ കേള്‍ക്കാം. എന്തായാലും ഈ നിലയിൽ പോയാൽ ഇനിയുള്ള ദിവസങ്ങളിൽ മത്സരം കൂടുതൽ ആവേശഭരിതമാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.












Click it and Unblock the Notifications