ഈ രീതി മലയാള സിനിമയെ നശിപ്പിക്കും; മരക്കാറിനെ തകർക്കാന്‍ ആസൂത്രിത നീക്കം, കേസെടുക്കണം
മോഹന്‍ലാലിനെ നായകനാക്കി പ്രിയദർശന്‍ സംവിധാനം ചെയ്തു പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മലയാള സിനിമയില്‍ പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ചാണ് കഴിഞ്ഞ ദിവസം തിയേറ്ററില്‍ റിലീസ് ചെയ്തത്. ഒരു മലയാള സിനിമക്ക് ഇന്നുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വലിയ റിലീസായിരുന്നു മരക്കാറിന്റേത്. റിലീസിന് മുമ്പ് തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയായും ചെയ്തു. അതേസമയം, സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന വികാരം പങ്കുവെങ്കുമ്പോള്‍ മറുവശത്ത് കുടുംബ പ്രേക്ഷകർ ചിത്രത്തെ സ്വീകരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അതേസമയം തന്നെ ചിത്രത്തെ മനപ്പൂർവ്വം തകർക്കാനുള്ള ശ്രമങ്ങളും ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നുവെന്ന ആരോപണങ്ങളും ശക്തമാണ്.

സാമൂഹ്യ മാധ്യമങ്ങളില്‍ മനപ്പൂർവ്വം നെഗറ്റീവ് കമന്റുകള്‍ എഴുതുക എന്നതിനപ്പുറം ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങള്‍ ഉള്‍പ്പടെ ചിത്രീകരിച്ച് പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായ ഉയരുകയാണ്. ഈ രീതിക്കെതിരെ സിനിമാ മേഖലയില്‍ നിന്ന് തന്നെ വലിയ വിമർശനങ്ങള്‍ ഉയർന്ന് കഴിഞ്ഞു.
ലച്ചു മോളെ തിരിച്ചു വരവ് ഗംഭീരമാക്കണേ..: മാസങ്ങള്‍ക്ക് ശേഷം പുത്തന്‍ ചിത്രം പങ്കുവെച്ച് ജൂഹി റുസ്തഗി

ഒരു സിനിമ ഈ വിധം നശിപ്പിക്കാൻ ശ്രമിക്കുന്നത് ആസൂത്രിതം ആണെന്നാണ് സംവിധായകനും തിരക്കഥാകൃത്തുമായി അനു രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നത്. റിലീസ് മുതൽ ട്രോൾ ഉണ്ടാക്കാൻ അടക്കം വിഷ്വൽസ് ഷൂട്ട് ചെയ്തു പ്രചരിപ്പിയ്ക്കുന്നു. ക്ലൈമാക്സ് വാട്സാപ്പ് മുതൽ യൂട്യൂബ് ഇൽ വരെ വരുന്നു. കുറച്ചു പതിവില്ലായ്‌മ തോന്നുന്നില്ലേ. സിനിമ നല്ലതോ ചീത്തയോ എന്നത് അല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

ഒരു സിനിമ ഈ വിധം നശിപ്പിയ്ക്കാൻ ശ്രമിക്കുന്നത് ആസൂത്രിതം ആണ്. റിലീസ് മുതൽ ട്രോൾ ഉണ്ടാക്കാൻ അടക്കം വിഷ്വൽസ് ഷൂട്ട് ചെയ്തു പ്രചരിപ്പിയ്ക്കുന്നു. ക്ലൈമാക്സ് വാട്സാപ്പ് മുതൽ യൂട്യൂബ് ഇൽ വരെ വരുന്നു. കുറച്ചു പതിവില്ലായ്‌മ തോന്നുന്നില്ലേ. സിനിമ നല്ലതോ ചീത്തയോ എന്നത് അല്ല. അത് പ്രേക്ഷകർ തീയേറ്ററിൽ തീരുമാനിക്കട്ടെ. സിനിമ ഇഷ്ടപ്പെടാത്തവർ ഉണ്ടാവും. അത് ഒരു സൃഷ്ടി ആവുമ്പോൾ അങ്ങനെ വരികയും ചെയ്യും.

ഈ സിനിമ നെഗറ്റീവ് റിവ്യൂ കേട്ടതിനു ശേഷം തിയേറ്ററില്‍ എത്തി കണ്ടു ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്. മോശം പറയുന്നവരുടെ അഭിപ്രായം മാനിയ്ക്കുന്നതു പോലെ അതും പരിഗണിക്കപ്പെടേണ്ടതല്ലേ. അതിന് അവസരം ഉണ്ടാകാൻ പാടില്ലാത്ത വിധം ഇങ്ങനെ ഉള്ള പ്രവർത്തനങ്ങൾ നടത്തുന്നത് ഒരു വ്യവസായത്തിനും കലാസൃഷ്ടിക്കും ഒരിക്കലും ഗുണം ചെയ്യില്ല. താര യുദ്ധവും അതിനും അപ്പുറം മറ്റ് ചിലത് എന്തെക്കൊയോ ഒരു സിനിമയെ ലക്ഷ്യമാക്കുന്നത് പോലെ. എന്തൊക്കെ ആയാലും വിഷ്വൽസ് ഈ വിധം പ്രചരിപ്പിയ്ക്കുന്നതു ഒരു തരത്തിലും ഒരു സിനിമയ്ക്കും ഗുണം ആവില്ല.

ഇത്ര അധികം കോടികൾ മുതൽ മുടക്കിൽ ഒരു സിനിമ ശ്രമിക്കാൻ മലയാളത്തിൽ അധികം നിർമ്മാണ കമ്പനികൾ ഇല്ല. മലയാളത്തിനു കൈ എത്തി പിടിക്കാൻ പറ്റാത്ത ബഡ്ജറ്റ് ആണ് ഈ ചിത്രം. അത്രയും മികച്ച വിഷ്വൽസും യുദ്ധരംഗങ്ങളും ഒക്കെ ഉണ്ട്. അത് തിയേറ്റർ കാഴ്ച്ച അവശ്യപെടുന്നത് ആണ്.ഇത്രെയും മികച്ച രീതിയിൽ മുൻപ് മലയാള സിനിമ യിൽ വന്നിട്ടില്ല. പോരായ്മകൾക്ക് ഒപ്പം അതും കാണണം.

ഈ നിർമ്മാണ കമ്പനി ഇതിന് മുൻപും അത്തരം വലിയ സിനിമ ശ്രമങ്ങൾ നടത്തിയിട്ടുള്ളവരും നടത്തി കൊണ്ടിരിക്കുന്നവരും ആണ്. വേരോടെ പിഴുതു മാറ്റാൻ ശ്രമിച്ചാൽ നഷ്ടം മലയാള സിനിമയ്ക്ക് തന്നെ ആണ്. അഭിപ്രായങ്ങൾ പറയേണ്ടെന്നല്ല. അത് മാന്യമായി ചെയ്യാവുന്നതേ ഉള്ളു.അല്ലാതെ സിനിമയുടെ രംഗങ്ങൾ ഷൂട്ട് ചെയ്തു പ്രദർശിപ്പിച്ചു ആവരുത് ... അതും ക്ലൈമാക്സ് രംഗം വരെ.ഒഴിവാക്കപ്പെടേണ്ടതുണ്ട് ഈ നികൃഷ്ട രീതി -അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

'പിടിച്ചു നില്ക്കാൻ വേണ്ടി , അല്ലെങ്കിൽ തങ്ങൾ ഇപ്പോഴും ജീവനോടെ ഉണ്ട് എന്ന് തെളിയിക്കാൻ വേണ്ടി ഒരു വിഭാഗം ആളുകൾ കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി നടത്തുന്ന പാഴ്ശ്രമങ്ങൾ നമ്മൾ കാണുന്നുണ്ട്. അതിനു വേണ്ടി ദിവസവും കേക്ക് വരെ മുറിച്ചു കഴിച്ചു ജീവിക്കേണ്ട അവസ്ഥയിലാണ് അവർ. സിനിമകളെ പരസ്പരം ഡീഗ്രേഡ് ചെയ്യന്നത് ഫാൻ ഫൈറ്റ് എന്ന മോശം പ്രവണതയുടെ ഒരു ഭാഗമാണ്'- എന്നാണ് മോഹന്‍ലാല്‍ ഫാന്‍സ് പേജില്‍ വന്ന ഒരു കുറിപ്പില്‍ പറയുന്നത്

ഡീ ഗ്രേഡിങ് പണ്ട് മുതലേയുണ്ട്. അത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ അതിന്റെ സകല സീമയും ലംഘിച്ചു കൊണ്ടാണ് ഇപ്പോൾ ചിലർ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ജാതിയും മതവും വരെ അതിനു ഉപയോഗിക്കുന്ന അവസ്ഥ. തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിലെ സീനുകൾ മുതൽ, മുഴുവൻ സിനിമയും ഷൂട്ട് ചെയ്തു ആദ്യ ദിനം തന്നെ യൂട്യൂബിൽ അപ്ലോഡ് ചെയ്തതിനു ശേഷം, അതിന്റെ ലിങ്കുകൾ ഒരുളുപ്പുമില്ലാതെ പ്രചരിപ്പിക്കുന്ന അവസ്ഥ.

പണം വാങ്ങിയോ മറ്റു സഹായങ്ങൾ കൈപ്പറ്റിയോ മനഃപൂർവം സിനിമകളെ നശിപ്പിക്കുന്ന ഈ പ്രവണത ഒരു സിനിമയെ മാത്രമല്ല, ഒരു ഇന്ഡസ്ട്രിയെ തന്നെ നശിപ്പിക്കും എന്നത് തീർച്ചയാണ്. ഒരു സിനിമ ഈ വിധം നശിപ്പിയ്ക്കാൻ ശ്രമിക്കുന്നത് ആസൂത്രിതമായ കാര്യമാണ് എന്നത് തീർച്ചയാണ്. അല്ലെങ്കിൽ ഇത്രയധികം സീനുകൾ തീയേറ്ററിൽ നിന്ന് ഷൂട്ട് ചെയ്തു യൂട്യൂബിൽ ഇട്ടു വാട്സാപ്പ് വഴിയൊക്കെ പ്രചരിപ്പിക്കുന്നത് ഈ അടുത്ത കാലത്തെങ്ങും മലയാള സിനിമയിൽ കണ്ടിട്ടില്ല. അതും റിലീസ് ചെയ്തു ആദ്യ ഷോ കഴിയുമ്പോൾ മുതൽ. സിനിമ നല്ലതോ ചീത്തയോ എന്നത് പ്രേക്ഷകർ കണ്ടു തീരുമാനിക്കട്ടെ. ഇഷ്ട്ടപെട്ടവരും ഇഷ്ടപെടാത്തവരും ഉണ്ടാകും.

എന്നാൽ ഈ ചിത്രത്തെ ലക്ഷ്യമാക്കി കൃത്യമായ ടാർഗറ്റഡ് ആക്രമണം തന്നെയാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ പുറകിൽ ആരാണെന്നും പലർക്കും അറിയുകയും ചെയ്യാം. അവരോടൊക്കെ ഇത്ര മാത്രമേ പറയാൻ ഉള്ളു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറയുന്നത് പോലെ. ഒരാളുടെ ചിത്രം തകർത്തിട്ടോ തകർക്കാൻ ശ്രമിച്ചിട്ടോ സ്വന്തം നായകന്റെ കഴിവില്ലായ്മയും ശേഷി കുറവും മറച്ചു വെക്കാൻ കഴിയില്ല. അതുപോലെ ഒരൊറ്റ ദിവസം കൊണ്ട് ലോകം അവസാനിക്കുകയും ഇല്ല.
അന്നും ഇന്നും എന്നും ഒരുപോലെ സുന്ദരി: പ്രിയാമണിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ


Click it and Unblock the Notifications