കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലശേരി രാജു പുരസ്കാരം സമ്മാനിച്ചു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കലയ്ക്ക് വേണ്ടി ഒരായുസ്സ് ഉഴിഞ്ഞുവച്ച മുല്ലശ്ശേരി രാജുവിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് സംഗീതസംവിധായകന്‍ രവീന്ദ്രന്‍ ഏറ്റുവാങ്ങി. മലയാളത്തിന്റെ പ്രിയഗായിക പി. ലീലയില്‍ നിന്നാണ് 25,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം രവീന്ദ്രന്‍ ഏറ്റുവാങ്ങിയത്.

മുല്ലശ്ശേരി രാജുവിനെ ജീവിച്ചിരിക്കുമ്പോള്‍ പരിചയപ്പെടാന്‍ കഴിയാത്തതില്‍ കുറ്റബോധമുണ്ടെന്ന് തൊണ്ടയിടറിക്കൊണ്ടാണ് രവീന്ദ്രന്‍ പറഞ്ഞത്. സംഗീതവുമായി ബന്ധപ്പെട്ട ഏത് സദസ്സിലും മുല്ലശേരി രാജുവിന്റെ പേര് കേട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ പരിചയപ്പെടാന്‍ കഴിഞ്ഞില്ല. ദേവാസുരം എന്ന സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രം രാജുവിന്റെ ജീവിതമാണെന്നറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ നന്മ മനസ്സിലാക്കാനായത്. - പൊട്ടിക്കരഞ്ഞുകൊണ്ട് രവീന്ദ്രന്‍ പറഞ്ഞു.

അമേരിക്കയിലായതിനാല്‍ ചടങ്ങിനെത്താന്‍ കഴിയാത്തതിനാല്‍ യേശുദാസ് അദ്ദേഹത്തിന്റെ സന്ദേശമടങ്ങിയ കസെറ്റ് കൊടുത്തയച്ചിരുന്നു. ഇത് സദസ്സില്‍ കേള്‍പ്പിച്ചു. സംഗീതജ്ഞരോട് ഇത്രയധികം സ്നേഹം കാണിച്ച രാജുവിനെ പരിചയപ്പെടാന്‍ കഴിഞ്ഞത് ഈശ്വരകടാക്ഷം കൊണ്ടാണെന്ന് യേശുദാസ് കസെറ്റില്‍ പറഞ്ഞു. രാജുവിനെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി എഴുതി യേശുദാസ് ആലപിച്ച ഗാനവും ചടങ്ങില്‍ കേള്‍പ്പിച്ചു.

ഒരു കാലത്ത് കോഴിക്കോട് കലയുടെ ആതിഥേയത്വം രാജുവിനായിരുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച എം.ടി. വാസുദേവന്‍നായര്‍ പറഞ്ഞു. ശാരീരിക അവശതകള്‍ക്കിടയിലും ജീവിതത്തിന്റെ ഊര്‍ജ്ജസ്വലത രാജു നിലനിര്‍ത്തിയെന്നും എംടി പറഞ്ഞു.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പി. ലീലയെ രാജുവിന്റെ ഭാര്യ ലക്ഷ്മി രാജഗോപാലും രവീന്ദ്രനെ എംടിയും പൊന്നാട അണിയിച്ച് ആദരിച്ചു. ഗായകരായ പി. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, മലയാള മനോരമ അസിസ്റന്റ് എഡിറ്റര്‍ ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടി, രവി മേനോന്‍, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X