'അയാള്‍ക്ക് വേണ്ടി ഒരുപാട് സഹിച്ചു, ഇനി എന്നെ തൊട്ടാല്‍ നീ മദ്രാസ് കാണില്ല..'; ഹരിശ്രീ അശോകന്‍ അന്ന് പറഞ്ഞത്
നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി തൃഷയ്‌ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്. ലിയോയില്‍ ബെഡ്‌റൂം സീന്‍ ഉണ്ടാകുമെന്ന് കരുതിയെന്നും ഖുശ്ബുവിനേയും റോജയേയും കിടക്കയിലേക്ക് വലിച്ചെറിഞ്ഞത് പോലെ തൃഷയേയും കിടക്കയിലേക്ക് വലിച്ചെറിയേണ്ടി വരുമെന്ന് കരുതിയിരുന്നെന്നുമായിരുന്നു മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്. അതിന് അവസരം ലഭിച്ചില്ലെന്നും താരം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മന്‍സൂര്‍ അലിഖാനെതിരെ തൃഷയും സംവിധായകന്‍ ലോകേഷ് കനകരാജും രംഗത്തെത്തിയിരുന്നു. മന്‍സൂര്‍ അലിഖാനൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല എന്നും ഇനി അഭിനയിക്കില്ല എന്നുമായിരുന്നു തൃഷ പറഞ്ഞത്. സഹപ്രവര്‍ത്തകയെ അപമാനിച്ച സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്‍സൂര്‍ അലിഖാന്റെ നിലപാട് അംഗീകരിക്കാനാവില്ല എന്നായിരുന്നു ലോകേഷ് പറഞ്ഞത്.

ഇപ്പോഴിതാ മുന്‍പ് നടന്‍ ഹരിശ്രീ അശോകന്‍ മന്‍സൂര്‍ അലിഖാനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. 'സത്യം ശിവം സുന്ദരം' എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മന്‍സൂര്‍ അലിഖാന്‍ കാരണം തനിക്കുണ്ടായ ഒരു മാനസിക വിഷമത്തെ കുറിച്ച് മുന്‍പ് സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഹരിശ്രീ അശോകന്‍ വെളിപ്പെടുത്തിയിരുന്നു.
ഇതാണ് പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ വൈറലായിരിക്കുന്നത്. സത്യം ശിവം സുന്ദരം' എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ മന്‍സൂര്‍ അലിഖാന്റെ അടി കൊള്ളേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞത്. ചിത്രത്തില്‍ അന്ധന്‍മാരായ സഹോദരങ്ങളുടെ വേഷത്തിലായിരുന്നു ഹരിശ്രീ അശോകനും കൊച്ചിന്‍ ഹനീഫയും എത്തിയത്.
'ഞങ്ങള്‍ അന്ധന്‍മാരുടെ വേഷം ചെയ്യുന്നതുകൊണ്ട് കണ്ണ് എപ്പോഴും മുകളിലേക്ക് വെക്കണം. അതിനാല്‍ നമുക്കൊന്നും കാണാനാകില്ല. സംഘട്ടനരംഗത്തിനിടെ മന്‍സൂര്‍ അലിഖാന്‍ രണ്ട് മൂന്ന് തവണ കൈക്കിട്ട് ഇടിക്കുകയും നെഞ്ചിനിട്ട് ചവിട്ടുകയും ചെയ്തു. അപ്പോള്‍ ഞാന്‍ ഇനി ചവിട്ടരുത്, ടൈമിങ് നിങ്ങളുടെ കയ്യിലാണ്, ഞങ്ങള്‍ക്ക് ഒന്നും കാണാന്‍ പറ്റില്ല എന്ന് പറഞ്ഞു,' ഹരിശ്രീ അശോകന്‍ പറയുന്നു.
എന്നാല്‍ വീണ്ടും ചവിട്ടിയപ്പോള്‍ താന്‍ നിര്‍ത്താന്‍ പറഞ്ഞെന്നും ഇനി നീയെന്റെ ദേഹത്ത് തൊട്ടാല്‍ മദ്രാസ് കാണില്ലെന്ന് മന്‍സൂര്‍ അലിഖാനോട് പറഞ്ഞെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. പിന്നീട് ഒരു കുഴപ്പവുമുണ്ടായില്ലെന്നും ഒരു ബോധമില്ലാത്ത നടനാണ് മന്‍സൂര്‍ അലി ഖാന്‍ എന്നുമാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്. അയാള്‍ക്ക് വേണ്ടി ഞങ്ങളൊക്കെ ഒരുപാട് സഹിച്ചെന്നും 150 ഓളം കേസുകളുള്ള ആളാണ് മന്‍സൂര്‍ അലിഖാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications