'കുറച്ച് കഴിയുമ്പോൾ ആർട്ടിസ്‌റ്റുകൾക്ക് രണ്ട് കൊമ്പ് മുളയ്ക്കും, കാല് ഭൂമിയിൽ ഉറയ്ക്കില്ല'; മഞ്ജു പത്രോസ്
സീരിയൽ രംഗത്തും സിനിമയിലും ഒക്കെ ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം താരത്തിന് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. വിവിധ ചാനലുകളിലെ നിരവധി പരിപാടികളിലെ പ്രധാന കഥാപാത്രമായി മഞ്ജു പത്രോസ് നമുക്ക് മുന്നിൽ എത്തിയിട്ടുണ്ട്. കൂടുതലും കോമഡിക്ക് പ്രാധാന്യം നൽകിയിട്ടുള്ള വേഷങ്ങളായിരുന്നു താരം മിനിസ്‌ക്രീനിൽ അഭിനയിച്ചത്.
പിന്നാലെ ബിഗ് ബോസിൽ എത്തിയതിലൂടെയാണ് മഞ്ജു പത്രോസ് കൂടുതൽ പ്രേക്ഷക പ്രിയയായി മാറിയത്. എന്നാൽ ബിഗ് ബോസിൽ താരത്തിന് വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനവും നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലാണ് മഞ്ജു പത്രോസ് ഉൾപ്പെടെയുള്ളവർ മത്സരിച്ചത്. ആ സീസണിൽ ഏറ്റവുമധികം സൈബർ ആക്രമണത്തിന് വിധേയായ വ്യക്തി കൂടിയായിരുന്നു മഞ്ജു.

എന്നാൽ അവിടെയൊന്നും തളരാതെ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുകയാണ് മഞ്ജു പത്രോസ് ചെയ്‌തത്. 2003ൽ പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചക്രം എന്ന സിനിമയിലൂടെ ആയിരുന്നു മഞ്ജു പത്രോസ് സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരം ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്. കൈരളി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പ്രതികരിച്ചത്.
മഞ്ജു പത്രോസിന്റെ വാക്കുകൾ
കരിയറിൽ ഇത്രയും വർഷത്തിന് ഇടയിൽ എനിക്ക് തോന്നിച്ചത് എന്താണെന്ന് വച്ചാൽ ആർട്ടിസ്‌റ്റുകൾക്ക് രണ്ട് കൊമ്പ് മുളയ്ക്കും. ഞാൻ ഭയങ്കരമാണെന്ന് തോന്നും, കാല് ഭൂമിയിൽ നിന്ന് പൊങ്ങും. കാരണം നമ്മൾ സൂപ്പർ ആണെന്ന് ചുറ്റുമുള്ള ആളുകൾ മുഴുവൻ പറയും. അയ്യോ എന്തൊരു രസമാണ്, അഭിനയം സൂപ്പറാണ്, സെൽഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. കാരണം അത് അവരുടെ നല്ല മനസ് കൊണ്ട് അവർ പറയുന്നതാണ്.
നമ്മളെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കും. ഞാനും അങ്ങനെ ഒക്കെ വിചാരിച്ചിട്ടുണ്ട്. പക്ഷേ ഇച്ചിരി ഒക്കെ അങ്ങ് പൊങ്ങിയെന്ന് തോന്നിയാൽ നമ്മൾ കഷ്‌ടപെട്ട് താഴേക്ക് ചവിട്ടണം. കാരണം ആരും ഇവിടെ നിർബന്ധമല്ല. മഞ്ജു പത്രോസ് എന്ന നടി ഇൻഡസ്ട്രിക്ക് മസ്‌റ്റ് അല്ല. ഞാനില്ലെങ്കിൽ ആയിരം മഞ്ജു പത്രോസുമാർ വേറെ വരും. എനിക്കാണ് ഈ തൊഴിൽ വേണ്ടത്, അല്ലാതെ എന്നെ അഭിനയിപ്പിച്ചിട്ട് അവർക്ക് ഒന്നും കിട്ടാനില്ല.
ഇത്രയധികം സൗകര്യങ്ങൾ കിട്ടുന്ന വേറെ ഏത് മേഖലയുണ്ട്. ഞാൻ അഭിനയിക്കാൻ വരുമ്പോൾ അതിന് നമുക്ക് വണ്ടി വിട്ട് തരും. തിരിച്ച് എന്നെ കൊണ്ടാക്കും. ഉച്ചയ്ക്ക് ഫുഡ് അവിടെ. ഡബ്ബിംഗിന് പോയാൽ ടിഎ തരണം. സ്‌റ്റേ ഒരുക്കി തരണം. വേറെ ഏത് മേഖലയിലുണ്ട് ഇങ്ങനെ. ഒരു അധ്യാപികയ്‌ക്കോ ഡോക്‌ടർക്കോ ഇങ്ങനെ കിട്ടുമോ? അവരൊക്കെ കൈയിലെ കാശ് മുടക്കിയാൻ ജോലിക്ക് പോവുന്നത്.
ആദ്യത്തെ കാലത്തൊക്കെ എല്ലാ കമന്റുകൾക്കും ഞാൻ റിപ്ലൈ കൊടുക്കാറുണ്ട്. മോശം കമന്റുകൾ വരുമ്പോൾ സങ്കടം വരാറുണ്ട്. ഇപ്പൊ അതിനെ ശ്രദ്ധിക്കാറേ ഇല്ല. ജീവിതത്തിലെ തീരുമാനങ്ങൾ എന്റേത് മാത്രമായിരിക്കും. പരമാവധി ശ്രമിച്ച ശേഷം മാത്രമേ ഒരാളെ ഒഴിവാക്കൂ. ഇമോഷണലി വളരെ ദുർബലയാണ് ഞാൻ.
സീരിയലുകളിൽ പ്രേക്ഷകന് എന്താണോ വേണ്ടത്, അതാണ് കൊടുക്കുന്നത്. ഇത് ഇങ്ങനെയൊരു ചെയിനാണ്. ആരും മാറാൻ പോവുന്നില്ല. ഇതൊക്കെ അധികമാണ് എന്ന് നമുക്ക് തന്നെ അറിയാം. കുറച്ച് പേരൊക്കെ കാണുന്നുണ്ട് എന്നേ ഉള്ളൂ. വലിയൊരു തെറ്റായിട്ട് കാണാൻ കഴിയില്ല. സീരിയൽ കണ്ടാൽ കുടുംബബന്ധങ്ങൾ തകരുമെന്നൊക്കെ പറയുന്നുണ്ട്. അങ്ങനെയൊന്നും തോന്നുന്നില്ല. അര മണിക്കൂർ കാണിക്കുന്ന സീരിയൽ നിന്ന് ഒരിക്കലും ശിഥിലമാവില്ല.
അതിലും അപകടകരമായ കാര്യങ്ങൾ യൂട്യുബിലും ഇൻസ്‌റ്റയിലും ഒക്കെയുണ്ടല്ലോ. ശിഥിലം ആവുന്നെങ്കിൽ അവിടുന്ന് ആയിക്കോളും. നമ്മൾ കൂടുതൽ സമയം ഉപയോഗിക്കുന്നത് ഫോണല്ലേ. അര , മണിക്കൂർ അല്ലേ സീരിയൽ കാണിക്കുന്നുള്ളൂ. ബാക്കി സമയമൊക്കെ ഫോൺ നമ്മുടെ കൈയിൽ ഇല്ലേ. നമുക്ക് വേറെന്താണ് പണി ഫോൺ ഞോണ്ടൽ അല്ലാതെ...
ബൈബിളും ഭഗവദ് ഗീതയും ഖുറാനും ഒക്കെ വായിച്ചിട്ടും നന്നാവാതെ മനുഷ്യനെ ഒന്നും സീരിയൽ ചെയ്‌ത് നന്നാക്കാൻ കഴിയില്ലെന്ന്. അത് സത്യമാണ്. പക്ഷേ എല്ലാ കലാരൂപങ്ങൾക്കും, അതിപ്പോൾ സിനിമ ആയാലും സീരിയൽ ആയാലും സാമൂഹ്യ പ്രതിബദ്ധതയുണ്ട്. നമ്മുടെ ആശയങ്ങൾ നല്ലതായിരിക്കണം. ഒരു വില്ലൻ കഥാപാത്രം ഉണ്ടെങ്കിൽ അവിടെ നല്ല കഥാപത്രവും മറുവശത്ത് ഉണ്ടാവും.
ഈ തിന്മയ്ക്ക് എതിരെ പ്രവർത്തിക്കാൻ ഒരു നല്ല കഥാപാത്രത്തെ ഇട്ടിട്ടായിരിക്കും ഇതൊക്കെ ഉണ്ടാക്കുന്നത്. വില്ലൻ ഉണ്ടെങ്കിൽ നായകനും ഉണ്ടാവും. ഏതൊരു കഥയുടെയും അവസാനം നല്ലത് മാത്രമായിരിക്കും നടക്കുക. അതുകൊണ്ട് എല്ലാം ഒക്കെ അങ്ങനെ തള്ളി പറയുന്നതിൽ ഒരു കാര്യമില്ല. ഞാൻ ഒരിക്കലും അതിന് തയ്യാറുമല്ല.
എനിക്ക് പാട്ട് ഭയങ്കര ഇഷ്‌ടമായിരുന്നു. പണ്ട് ഞങ്ങൾക്ക് കറന്റ് ഒന്നും ഇല്ലായിരുന്നു. ഞാൻ പത്തിലോ മറ്റോ പഠിക്കുമ്പോഴാണ് വീട്ടിൽ കറന്റ് വന്നത്. റേഡിയോ ആയിരുന്നു അന്നൊക്കെ വിനോദപാധി. അങ്ങനെ പാട്ടുകൾ കേട്ട് പഠിക്കാൻ തുടങ്ങി. അന്നൊക്കെ കൊതിയോടെ കേൾക്കും. വരികൾ പോലും എഴുതിയെഴുക്കും. അന്നൊക്കെ പാട്ട് വളരെയധികം ഇഷ്‌ടമായിരുന്നു.
കോമഡി ചെയ്യാൻ വലിയ പാടാണ്. എന്നെ സംബന്ധിച്ച് സങ്കട സീൻ ചെയ്യാൻ ഒരു പാടും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഒരിത്തിരി സെന്റിമെൻസ് സ്ക്രിപ്റ്റിൽ ഉണ്ടേൽ എന്റെ കണ്ണിൽ നിന്ന് വെള്ളം പുറത്തുചാടും. എനിക്ക് ഗ്ലിസറിൻ ഇട്ടാൽ കണ്ണീർ വരില്ല. ഒരു സീനൊക്കെ വായിക്കുമ്പോൾ തന്നെ കണ്ണീർ വരും. കോമഡി ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. ആളുകളെ ചിരിപ്പിക്കാൻ വലിയ പാടാണ്.












Click it and Unblock the Notifications