സിജോയ്ക്ക് അടിയന്തര ശസ്ത്രക്രിയ; വിനു ചേട്ടനെ വിളിക്കണമെന്ന് സിജോ, ബിഗ് ബോസ് പറഞ്ഞത്, വിവരങ്ങൾ ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 അതിനാടകീയ നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞ ദിവസം ഷോയിലെ തർക്കത്തിനിടെ സഹമത്സരാർത്ഥിയായ സിജോയെ റോക്കി ആഞ്ഞ് തല്ലിയിരുന്നു. തുടർന്ന് റോക്കി ഷോയിൽ നിന്നും പുറത്തായി. എന്നാൽ റോക്കിയുടെ അടിയിൽ താടിക്ക് ഗുരുതരമായ പരിക്കാണ് സിജോയ്ക്ക് ഉണ്ടായത്. താടിയിലെ വേദന സിജോ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. തുടർന്ന് സിജോയെ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
പരിശോധനയിലാണ് സിജോയുടെ എല്ലിന് പരിക്കേറ്റതായും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും ഡോക്ടർമാർ അറിയിച്ചത്. ഇതോടെ സിജോയ കൺഫഷൻ റൂമിലേക്ക് വിളിച്ച് ബിഗ് ബോസ് ഇക്കാര്യം അറിയിച്ചിരിക്കുകയാണ്. ഉടൻ തന്നെ ആശുപത്രിയിലേക്ക് വരണമെന്നും അതിനായി തയ്യാറായി നിൽക്കാനും ബിഗ് ബോസ് പറയുകയായിരുന്നു.

എന്നാൽ കടുത്ത ആശങ്കയാണ് ഇക്കാര്യത്തിൽ സിജോ പ്രകടിപ്പിച്ചത്. ശസ്ത്രക്രിയ എന്ന് പറയുമ്പോൾ തനിക്ക് ഇനി ഷോയിലേക്ക് തിരിച്ചുവരാൻ സാധിക്കില്ലേയെന്നായിരുന്നു സിജോ ചോദിച്ചത്. ഇതിന് ഇപ്പോൾ ഇക്കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഡോക്ടർമാർ നിർദ്ദേശത്തിന് അനുസരിച്ച് പ്രവർത്തിക്കണമെന്നുമാണ് ബിഗ് ബോസ് സിജോയെ അറിയിച്ചത്.
വീട്ടുകാരെ ആരെയെങ്കിലും അറിയിക്കണോയെന്ന് ചോദിച്ചതോടെ സുഹൃത്ത് വിനുചേട്ടനെ വിളിക്കണമെന്ന് സിജോ ബിഗ് ബോസിനോട് പറഞ്ഞു. അതേസമയം ആശുപത്രിയിലേക്ക് പോയാൽ തന്നെ ബിഗ് ബോസ് ഹൗസിനുള്ളിലെ കാര്യങ്ങളൊന്നും തന്നെ പുറത്തുള്ളവരോട് പറയാനോ പുറത്തെ കാര്യങ്ങൾ ചോദിച്ചറിയാനോ ശ്രമിക്കരുതെന്ന നിർദ്ദേശവും സിജോയ്ക്ക് ബിഗ് ബോസ് നൽകിയിട്ടുണ്ട്. പിന്നാലെ തയ്യാറായി വന്ന സിജോയെ കൺഫഷൻ റൂമിലൂടെ പുറത്തേക്ക് വിടുകയും ചെയ്തു ബിഗ് ബോസ്.
അതേസമയം സിജോയ്ക്ക് ഇപ്പോൾ നേരിടേണ്ടി വന്ന അവസ്ഥയിൽ പ്രേക്ഷകരും നിരാശ പ്രകടിപ്പിക്കുന്നുണ്ട്. ഒരാളുടെ ദേഷ്യത്തിന് നല്ല പൊട്ടൻഷ്യൽ ഉള്ള മത്സരാർത്ഥിയുടെ ജീവിതം തന്നെ തകിടം മറിഞ്ഞിരിക്കുകയാണെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. ഇനി തിരിച്ചുവരാൻ സിജോയ്ക്ക് സാധിച്ചില്ലെങ്കിൽ അയാൾക്ക് അവസരം നഷ്ടമാകില്ലേയെന്നും ചിലർ ചോദിക്കുന്നു. അതേസമയം സിജോയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടാൽ സിജോയ്ക്ക് വീണ്ടും ഒരു അവസരം ബിഗ് ബോസ് നൽകണമെന്നും പ്രേക്ഷകർ പറയുന്നു. റോക്കിക്കെതിരെ സിജോയുടെ കുടുംബം നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നും ഇത്തരക്കാർക്കെതിരെ നടപടി കൈക്കൊണ്ടില്ലെങ്കിൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുമെന്നും ചിലർ പറയുന്നു.












Click it and Unblock the Notifications