സലീംകുമാറിന് വെച്ച വേഷം: ആ രംഗം പറഞ്ഞതോടെ അവന്‍ മുങ്ങി: മണിയെ വിളിച്ച് നീ വന്നാലെ നടക്കൂ എന്ന് പറഞ്ഞു: ദിലീപ്
ദിലീപുമായി വളരെ അടുത്ത സുഹൃദ്ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു കലാഭവന്‍ മണി. മിമിക്രി വേദികളില്‍ നിന്നും തുടങ്ങിയ ആ ബന്ധം സിനിമയിലേക്ക് എത്തിയപ്പോഴും തുടർന്നു. നിരവധി ദിലീപ് ചിത്രങ്ങളില്‍ കലാഭവന്‍മണി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 'മണി നമ്മുടെ ചങ്കൂറ്റമായിരുന്നു, ഇന്ന് അവന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് വേണ്ടി മുന്‍പില്‍ നിന്ന് സംസാരിച്ചേനെ' എന്നായിരുന്നു കലാഭവന്‍ മണിയെ ഓർത്തുകൊണ്ട് ദിലീപ് പറഞ്ഞത്.
കാലഭവന്‍ മണിയുമായുള്ള ബന്ധം പോലെ തന്നെയാണ് ദിലീപിന് സലീംകുമാറുമായുള്ള ബന്ധം. മിമിക്രി വേദികളില്‍ നിന്നാണ് സലീംകുമാറും ദിലീപുമായുള്ള ബന്ധം ആരംഭിക്കുന്നതും. തുടക്കകാലത്തും പിന്നീടും ദിലീപ് പ്രത്യേക താല്‍പര്യം എടുത്ത് സലീംകുമാറിന് വേഷം നല്‍കിയിരുന്നു. ഇപ്പോഴിതാ സലീംകുമാറിനെക്കുറിച്ചും കലാഭവന്‍ മണിയെക്കുറിച്ചും ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ദിലീപ്.

പ്രിന്‍സ് ആന്‍ഡ് ഫാമിലിയെന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിന് ഇടയില്‍ തന്റെ പഴയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ ചിത്രത്തില്‍ സലീംകുമാറിന് വെച്ച വേഷം പിന്നീട് കലാഭവന്‍ മണിയിലേക്ക് എത്തിയത് എങ്ങനെയെന്നാണ് ദിലീപ് വെളിപ്പെടുത്തുന്നത്.
സുന്ദർദാസ് സംവിധാനം ചെയ്ത കുബേരന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ദിലീപിന്റെ പ്രതികരണം. 'യഥാർത്ഥത്തില്‍ ആദ്യം വന്ന് കഥ പറയുമ്പോള്‍ സലീംകുമാറായിരുന്നു ആ വേഷം ചെയ്യേണ്ടിയിരുന്നത്. കലാഭവന്‍ മണിയെ കിട്ടാനില്ല, അത്രയും തിരക്കിലായിരുന്നു അവന്‍. സിനിമയിലെ ഒരു രംഗത്ത് സലീം എന്നേയും ആ പിള്ളേരെയുമെല്ലാം പുറത്തേറ്റി വരുന്ന ഒരു രംഗമുണ്ട്. ആ രംഗം വായിച്ചപ്പോള്‍ തന്നെ.. ആ സലീം എങ്ങനെ ഇത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ട് ചിരിച്ചു' റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറയുന്നു.
ഈ രംഗത്തെക്കുറിച്ച് കേട്ടതോടെ എനിക്കും ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് സലീംകുമാറും പോയി. അവസാനം ഞാന്‍ മണിയെ വിളിച്ച് നീ വന്നാലെ കാര്യം നടക്കൂ എന്ന് പറഞ്ഞു. ആ കഥാപാത്രത്തിന് കായികപരമായും കുറച്ച് പരിപാടിയുണ്ട്. ഒടുവില്‍ മണി വന്നപ്പോള്‍ നേരത്തെ വെച്ചിരുന്നതില്‍ നിന്നും വേറെ ഒരു രീതിയായി. കായിപരമായി എന്തിനും തയ്യാറായിട്ടുള്ള ഒരാളാണല്ലോ മണിയെന്നും അദ്ദേഹം പറയുന്നു.
കോമഡി-ഡ്രാമ വിഭാഗത്തില്‍ പെടുന്ന കുബേരൻ പിന്നീട് മണിയുടെ അഭിനയ ജീവിതത്തിലും നിർണ്ണായകമായി. അതിലെ പല കോമഡി രംഗങ്ങളും ആളുകള്‍ ഇന്നും ഓർത്ത് ചിരിക്കുന്നു. സംയുക്ത വർമ്മ, ഉമാശങ്കരി, ഇന്ദ്രന്‍സ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മോഹൻ സിതാരയുടെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
ചിത്രത്തിലെ ബാലതാരങ്ങളില്‍ ഒരാള്‍ ഇന്നത്തെ പ്രമുഖ തെന്നിന്ത്യന്‍ നടിയായ കീർത്തി സുരേഷായിരുന്നു. താരത്തിന്റെ പിതാവ് മേനക സുരേഷായിരുന്നു കുബേരന്റെ നിർമ്മാതാവ് എന്ന പ്രത്യേകതയുമുണ്ട്. ദിലീപിന്റെ കൂടെ കുബേരനില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചതെങ്കില്‍ പിന്നീട് റിംഗ് മാസ്റ്റർ എന്ന ചിത്രത്തില്‍ നടന്റെ നായികയായിരുന്നു കീർത്തി അഭിനയിച്ചു.
റിംഗ് മാസ്റ്ററിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോള്‍ ഞാന്‍ കൂടുതലൊന്നും ചിന്തിച്ചില്ല. ദിലീപേട്ടനെ ചെറുപ്പം മുതലേ എനിക്ക് നല്ല പരിചയമാണ്. ഞാൻ ബാല്യത്തിൽ നിന്ന് വളർന്നു എന്നതൊഴിച്ചാൽ, അദ്ദേഹത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല. റിംഗ് മാസ്റ്റർ സിനിമയിൽ ഞാൻ അദ്ദേഹത്തിന്റെ കാമുകിയായിട്ടുള്ള വേഷം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ, ഉടൻ തന്നെ അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. 'കീർത്തി, ചെറുപ്പത്തിലെ ഓർമ വച്ച് എന്നെ അങ്കിളെന്ന് വിളിക്കരുത്, ചേട്ടാ എന്ന് വിളിച്ചാൽ മതി' എന്നാണ് അദ്ദേഹം പറഞ്ഞത് എന്നായിരുന്നു ഒരു അഭിമുഖത്തില്‍ കീർത്തി സുരേഷ് പറഞ്ഞത്.












Click it and Unblock the Notifications