പ്രതിഫലത്തെക്കുറിച്ച് പറഞ്ഞു, എന്നെ പൂട്ടുകയാണല്ലേ എന്നായിരുന്നു പൃഥിരാജിന്റെ മറുപടി: കമല്‍
സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ ജെസി ഡാനിയേല്‍ ആയി അഭിനയിക്കാന്‍ ആദ്യം മുതല്‍ തന്നെ മനസ്സില്‍ കണ്ടിരുന്നത് പൃഥ്വിരാജിനെയാണെന്ന് സംവിധായകന്‍ കമല്‍. പൃഥ്വിയില്‍ എവിടെയൊക്കെയോ ജെസി ഡാനിയേലിന്റെ സാമ്യതകളുണ്ട്. മറ്റുള്ളവർക്ക് അങ്ങനെ തോന്നിയോ എന്ന് എനിക്ക് അറിയില്ലെങ്കിലും എനിക്ക് അങ്ങനെ തോന്നി. നല്ല വിദ്യാഭ്യാസമുള്ള, നല്ല രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ആള്‍ കൂടിയായിരുന്നു ജെസി ഡാനിയേല്‍. അതൊക്കെ നോക്കുമ്പോള്‍ ആദ്യം വന്നത് പൃഥ്വിയുടെ മുഖമായിരുന്നുവെന്നും കമല്‍ പറയുന്നു.
ഈ വേഷത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ 'അയ്യോ എനിക്ക് അദ്ദേഹത്തെക്കുറിച്ച് ഒന്നും അറിയില്ല' എന്നായിരുന്നു പൃഥ്വിയുടെ ആദ്യ പ്രതികരണം. ഞാന്‍ പോയി തിരക്കഥ വായിച്ച് കൊടുത്തപ്പോഴാണ് ജെസി ഡാനിയേലിന്റെ പ്രാധ്യനം പൃഥ്വിക്ക് മനസ്സിലായത്. പിന്നീട് അദ്ദേഹത്തിന്റെ സംശയം ഞാന്‍ ഇത് ചെയ്താല്‍ ശരിയാകുമോയെന്നായിരുന്നു. രാജു തന്നെ വേണമെന്നായിരുന്നു ഞാന്‍ വ്യക്തമാക്കിയത്.

പൃഥ്വിരാജ് അന്നും വലിയ ഹീറോയാണ്. അതുകൊണ്ട് തന്നെ അന്ന് വാങ്ങിക്കൊണ്ടിരിക്കുന്ന പ്രതിഫലം തരാനുള്ള തുക എന്റെ കയ്യില്‍ ഇല്ലെന്ന് ഞാന്‍ തുറന്ന് പറഞ്ഞു. പടത്തിന്റെ നിർമ്മാതാവും ഞാന്‍ തന്നെയായിരുന്നു. ഞാന്‍ തരുന്ന പണം വാങ്ങിക്കണം അതിന് തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ 'സർ മൊത്തത്തില്‍ എന്നെ അങ്ങ് പൂട്ടുകയാണോ' എന്നായിരുന്നു രാജുവിന്റെ മറുചോദ്യം. എന്തായാലും ആ കാഥാപാത്രം രാജു ഏറ്റെടുത്തുവെന്നും കമല്‍ പറയുന്നു.
ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രം പികെ റോസിയാണ്. അവരുടെ റോളിലേക്ക് ആദ്യം കുറെ ഓഡിഷനൊക്കെ നടത്തി. ഒരു ദളിത് പെണ്‍കുട്ടിയാണ് റോസി. ദളിത് പെണ്‍കുട്ടിയുടെ രൂപസാദൃശ്യമൊക്കെ തോന്നുന്ന നടി വേണം. അങ്ങനെ പല പെണ്‍കുട്ടികളേയും നോക്കുന്നതിന് ഇടയിലാണ് ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയെ കാണുന്നത്. ചാന്ദിനി എന്നായിരുന്നു ആ കുട്ടിയുടെ പേര്.
ചാന്ദിനി മികച്ച രീതിയില്‍ അഭിനിയിച്ചു. സാധാരണ സിനിമയില്‍ പലപ്പോഴും, ഞാനടക്കമുള്ളവർ അത്തരം അപരാധങ്ങള്‍ ചെയ്തിട്ടുണ്ട്. ഭാവന ആദ്യമായി സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍, നമ്മളിലെ പരിമളമാക്കിയത് മുഖത്ത് കറുപ്പൊക്കെ അടിച്ചായിരുന്നു. അതിന്റെ പേരില്‍ ഇന്നും പഴി കേള്‍ക്കുന്നുണ്ട്. എന്നാല്‍ സെല്ലുലോയ്ഡില്‍ അത് തിരുത്തി. സിനിമ പുറത്തിറങ്ങിയതോടെ പലരും ഇതേ കുറിച്ച് പറഞ്ഞ് പ്രശംസിച്ചെന്നും കമല്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications