മോഹന്‍ലാലിന് പൊള്ളലേല്‍ക്കുമെന്ന് പറഞ്ഞു: ബേണിംഗ് ഇല്യൂഷന്‍ എന്തുകൊണ്ട് ഒഴിവാക്കി: ഗോപിനാഥ് മുതുകാട് പറയുന്നു
കൊച്ചി: മാജിക് ഉപേക്ഷിക്കാനുള്ള തീരുമാനം വളരെയേറെ പ്രയാസം ഏറിയതായിരുന്നുവെന്ന് പ്രമുഖ മജീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട്. രക്തത്തില്‍ അലിഞ്ഞ് ചേർന്ന ഒരു പ്രൊഫഷനില്‍ നിന്നും വിരമിക്കണം എന്ന് തീരുമാനിക്കുന്നത് ആ കലാകാരനെ സംബന്ധിച്ച് ഏറ്റവും വിഷമം ഉണ്ടാക്കുന്ന കാര്യമാണെന്നും വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഗോപിനാഥ് മുതുകാട് പറയുന്നു.
ഒരു ദൗത്യം ഏറ്റെടുത്തിനെ തുടർന്നാണ്, അതായത് ഭിന്നശേഷിക്കുട്ടികളുടെ കാര്യത്തില്‍ പൂർണ്ണമായും ശ്രദ്ധിക്കണമെന്ന ഒരു ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ തീരുമാനം. ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. ജീവിതത്തില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് നല്ലതിന് വേണ്ടിയിട്ടായിരിക്കാം എന്ന പ്രതീക്ഷയിലാണ് നമ്മള്‍ മുന്നോട്ട് പോകുന്നത്.

എനിക്കെതിരായ വിമർശനങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. മാജിക് രംഗത്ത് നില്‍ക്കുമ്പോഴും ഉണ്ടായിട്ടുണ്ട്, ഇനിയും ഉണ്ടാകും. നമ്മള്‍ ഏത് വഴിയിലൂടെയാണ് പോകുന്നതെന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്. സ്വന്തം മനഃസാക്ഷിയോട് നീതി പുലർത്തുക എന്നുള്ളതാണ് ഏറ്റവും പ്രധാനം. ആ മനഃസാക്ഷിയോട് നീതി പുലർത്തിക്കൊണ്ട് സത്യസന്ധമായിട്ട് തന്നെയാണ് ഞാന്‍ മുന്നോട്ട് പോകുന്നതെന്നും ഗോപിനാഥ് പറയുന്നു.
ലോകം എന്ത് ചിന്തിക്കുന്നു എന്ന് നോക്കി കൊണ്ട് ജീവിക്കാന്‍ നോക്കിയാല്‍ പലപ്പോഴും നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. വിമർശനങ്ങളും ക്രൂശിക്കലും എല്ലാ ഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ പ്രവർത്തിക്കുന്ന മേഖലയിലും അതുണ്ട്. അതിന്റെ കാലം കഴിഞ്ഞു. കയറ്റിറക്കങ്ങള്‍ എന്ന് പറയുന്നത് ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനെ നേരിട്ട് മുന്നോട്ട് പോകുകഎന്നുള്ളതാണ് പ്രധാനം.
ആർക്കെങ്കിലും നമ്മളോട് ശത്രുതയുണ്ടോയെന്ന് ഞാന്‍ അന്വേഷിക്കാറില്ല. അതിന് വേണ്ടി ഒരുപാട് സമയം ചിലവഴിച്ചാല്‍ നമുക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. എനിക്ക് ഇപ്പോള്‍ അറുപത് വയസ്സ് കഴിഞ്ഞു. ഇനി വളരെ കുറച്ച് കാലം മാത്രമേയുള്ളു. ആ സമയത്ത് ഒരുപാട് കാര്യങ്ങള്‍ പ്രവർത്തിച്ച് തീർക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറയുന്നു.
തന്റെ സ്ഥാപനത്തില്‍ നിന്നും പുറത്ത് പോയവരാണ് ആരോപണം ഉന്നയിക്കുന്നത്. അവർക്കെതിരെ പത്രസമ്മേളനം വിളിച്ചുകൊണ്ടൊക്കെ എന്തെങ്കിലും പറയണമെന്ന് കരുതിയിട്ടില്ല. നമ്മള്‍ നമ്മുടേതായ വഴികളിലൂടെ മുന്നോട്ട് പോകുക എന്നതാണ് എന്റെ തീരുമാനം. അതിലൂടെ മൂന്നോട്ട് പോകുന്നു.
വേറൊരു മജീഷ്യന്‍ പത്രസമ്മേളനം നടത്തി ചില കാര്യങ്ങള്‍ പറഞ്ഞതോടെയാണ് മോഹന്‍ലാലുമയി ചേർന്ന് അവതരിപ്പിക്കാനിരുന്ന മാജിക് ഷോ ഉപേക്ഷിച്ചത്. മാജിക് പരാജയപ്പെടും, മോഹന്‍ലാലിന് പൊള്ളലേല്‍ക്കും എന്നൊക്കെയായിരുന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇതോടെ സ്വാഭാവികമായും ആളുകളില്‍ തെറ്റിദ്ധാരണയുണ്ടായി.
മോഹന്‍ലാലും തീയും തമ്മില്‍ അടുക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നില്ല. നല്ല രീതിയില്‍ പ്ലാന്‍ ചെയ്ത് നടപ്പാക്കിയ ഒരു മാജിക് ആയിരുന്നു അത്. പക്ഷെ ആ സീക്രട്ട് എനിക്ക് പുറത്ത് പറയാന്‍ സാധിക്കില്ലാലോ. ഒരു ഇന്റർനാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായിട്ടായിരുന്നു ആ മാജിക് തീരുമാനിച്ചത്. ഇത്തരം ചർച്ചകള്‍ വന്നതോടെ മുഖ്യമന്ത്രി വിഎസ് തന്നെ വിളിച്ചിട്ട് മാജിക്കില്‍ നിന്നും പിന്മാറണം എന്ന് പറഞ്ഞു.
ഞാന്‍ പ്രഖ്യാപനം നടത്തും വരെ മാജിക്കില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. നല്ല രീതിയിലുള്ള സഹകരണമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. റിഹേഴ്സല്‍ ചെയ്യുമ്പോഴൊക്കെയുള്ള അദ്ദേഹത്തിന്റെ ആത്മസമർപ്പണവും അംഗചലനവുമൊക്കെ ഞാന്‍ നോക്കി നിന്ന് പോയിട്ടുണ്ടെന്നും ഗോപിനാഥ് മുതുകാട് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications