'ഭാര്യക്കൊപ്പം ലുഡോ കളിക്കുകയായിരുന്നു, അവാര്‍ഡുള്ളതൊന്നും അറിഞ്ഞില്ല': സംഗീത് പ്രതാപ് പറയുന്നു
54-ാം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം നേടിയത് സംഗീത് പ്രതാപ് ആണ്. ലിറ്റില്‍ മിസ് റാവുത്തര്‍ എന്ന ചിത്രമാണ് 29 കാരനയ സംഗീതിന് സംസ്ഥാനത്തെ ഏറ്റവും മികച്ച എഡിറ്റര്‍ എന്ന പുരസ്‌കാരം സമ്മാനിച്ചിരിക്കുന്നത്. അഭിനയം മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെങ്കിലും എഡിറ്റിംഗ് തന്റെ പാഷനാണ് എന്നും പുരസ്‌കാര നേട്ടം മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജവും പ്രചോദനവുമാണ് എന്നും സംഗീത് പ്രതാപ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
50,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് മികച്ച എഡിറ്റര്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ഭാഗമായി ലഭിക്കുന്നത്. അതേസമയം പുരസ്‌കാര പ്രഖ്യാപനം ലൈവായി കാണാനായില്ല എന്ന ചെറിയ നഷ്ടബോധവും സംഗീത് പങ്കുവെക്കുന്നു. 'ബ്രോമാന്‍സ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തില്‍ കഴിയുന്ന സംഗീത് പുരസ്‌കാര നേട്ടത്തെ കുറിച്ച് വണ്‍ഇന്ത്യ മലയാളത്തോട് മനസ് തുറക്കുകയാണ്.

2023 ലെ മലയാള സിനിമയിലെ മികച്ച എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. എന്ത് തോന്നുന്നു?
അക്ഷരാര്‍ത്ഥത്തില്‍ ഷോക്കായി ഇരിക്കുകയാണ്. വലിയ സര്‍പ്രൈസ് ആയി പോയി.
പുരസ്‌കാര പ്രഖ്യാപനം കണ്ടിരുന്നോ?
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ എല്ലാ തവണയും ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനങ്ങള്‍ ടിവിയില്‍ ലൈവായി കാണാറുള്ളതാണ്. എന്നാല്‍ ഇത്തവണ എനിക്കൊരു അവാര്‍ഡ് ലഭിച്ചപ്പോള്‍ അതിന്റെ പ്രഖ്യാപനം നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായില്ല എന്ന് തന്നെ പറയാം. ബ്രോമാന്‍സിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനാല്‍ കുറച്ചുനാളായി വീട്ടില്‍ വിശ്രമത്തിലാണ് ഞാന്‍.
സത്യം പറഞ്ഞാല്‍ ഞാന്‍ ഭാര്യയ്‌ക്കൊപ്പം ലുഡോ കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അവാര്‍ഡ് ഉണ്ട് എന്ന് കൂട്ടുകാര്‍ വിളിച്ച് പറയുന്നത്.
'ലിറ്റില്‍ മിസ് റാവുത്തര്‍' എന്ന സിനിമയുടെ ഭാഗമാകുന്നത് എങ്ങനെയാണ്?
ഹൃദയത്തില്‍ എന്റെ കൂടെ അഭിനയിച്ചിരുന്ന ഷേര്‍ഷാ ഷെരീഫാണ് 'ലിറ്റില്‍ മിസ് റാവുത്തറിന്റെ' തിരക്കഥാകൃത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നതും ഷേര്‍ഷാ തന്നെയാണ്. അദ്ദേഹമാണ് എന്നെ ആ സിനിമയിലേക്ക് വിളിക്കുന്നത്. വിഷ്ണുവിനോദ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അതൊരു സൗഹൃദ കൂട്ടായ്മയില്‍ ഒരുക്കിയ ചിത്രമാണ് എന്ന് തന്നെ പറയാം.

മാര്‍ക്കറ്റ് ചെയ്യാന്‍ മാത്രമുള്ള പേരുകളൊന്നും ആ സിനിമക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ സിനിമ തന്നെ ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് റീവര്‍ക്കുകളും മറ്റുമായി മുന്നോട്ട് പോയ സിനിമ തന്നെയായിരുന്നു 'ലിറ്റില്‍ മിസ് റാവുത്തര്‍'.
എഡിറ്റിര്‍ക്ക് പുറമെ അഭിനേതാവ് കൂടിയാണല്ലോ? എങ്ങനെയാണ് രണ്ട് മേഖലയും കൈകാര്യം ചെയ്യുന്നത്?
അഭിനയവും എഡിറ്റിംഗും രണ്ട് വശങ്ങളാണ്. എല്ലാത്തിനും അതിന്റേതായ പ്രഷറും കോണ്‍ഫ്‌ളിക്ടുകളും ഉണ്ട്. അവസാനം ഇതുപോലുള്ള നേട്ടങ്ങളുണ്ടാകുമ്പോള്‍ അതിന്റേതായ സന്തോഷങ്ങളുമുണ്ട്. പ്രൊസസിംഗ് ഏതായാലും എപ്പോഴും പ്രയാസം തന്നെയാണ്. എന്നാല്‍ അതിന്റെ റിസള്‍ട്ട് ഇങ്ങനെ വരുമ്പോള്‍ സന്തോഷവുമുണ്ടാകും
എഡിറ്ററെന്ന റോളില്‍ അറിയപ്പെടാനാണോ ആഗ്രഹം?
എഡിറ്റിംഗ് ആയിരുന്നു ആദ്യം മുതലെ ഫോളോ ചെയ്തിരുന്നത്. സംവിധാനം തന്നെയായിരുന്നു ആഗ്രഹം. അഭിനയം ആകസ്മികമായി സംഭവിച്ചതാണ്. എഡിറ്റിംഗ് എനിക്ക് പാഷനായിരുന്നു. ഇതാണ് ഞാന്‍ പഠിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള ജോലി തന്നെയായിരുന്നു ഞാന്‍ ചെയ്തിരുന്നത്.
പുതിയ പ്രൊജക്ടുകള്‍?
ബ്രോമാന്‍സ് ആണ് ചെയ്ത് കൊണ്ടിരിക്കുന്ന പടം. എഡിറ്റിഗില്‍ കമ്മിറ്റ് ചെയ്ത പടങ്ങളൊന്നും അനൗണ്‍സ് ചെയ്തിട്ടില്ല. അതിനാല്‍ അതിനെ കുറിച്ച് പറയുന്നില്ല. എന്തായാലും ഉടനെ ഉണ്ടാവില്ല. ആക്ടിംഗിലാണ് ഇപ്പോള്‍ കുറച്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷത്തിലൊക്കെയായിരിക്കും ഉണ്ടാകാന്‍ സാധ്യത.
പരിക്ക് പൂര്‍ണമായും ഭേദമായോ?
തോളിനായിരുന്നു എനിക്ക് പരിക്കേറ്റത്. ഇപ്പോള്‍ അത് ശരിയായി. അടുത്ത ആഴ്ച പടം ഷൂട്ടിംഗ് പുനരാരംഭിക്കും












Click it and Unblock the Notifications