'11 പടം തുടര്‍ച്ചയായി പൊട്ടി', നേര് മോഹന്‍ലാലിന് നല്‍കുന്നത് മൃതസഞ്ജീവനിയെന്ന് കെഎം ഷാജഹാന്‍
മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ നേര് ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് കൊണ്ട് മുന്നേറുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു ചിത്രം ബോക്‌സോഫീസില്‍ മികച്ച അഭിപ്രായം നേടുന്നു എന്നത് തന്നെയാണ് നേരിന്റെ പ്രത്യേകത. ഒപ്പം അനശ്വര രാജന്‍, സിദ്ദീഖ് എന്നിവരുടെ പ്രകടനവും ചിത്രത്തിന്റെ തിരക്കഥയും കൈയടി നേടുന്നു.
ഇപ്പോഴിതാ രാഷ്ട്രീയ നിരീക്ഷകനായ കെഎം ഷാജഹാന്‍ നേര് സിനിമയെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടര്‍പരാജയങ്ങളില്‍ വലഞ്ഞ മോഹന്‍ലാലിന് നേര് എന്ന സിനിമ മൃതസഞ്ജീവനി ആണ് എന്നാണ് ഷാജഹാന്‍ അഭിപ്രായപ്പെടുന്നത്. ഷാജഹാന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഈ സിനിമ വഹിച്ച പങ്ക് എന്താണെന്ന് വിശദീകരിക്കാനാണ് ഈ വീഡിയോ ചെയ്യുന്നത്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു മൃതസഞ്ജീവനി ആയിരുന്നു എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. മോഹന്‍ലാലിന്റെ കഴിഞ്ഞ കുറച്ച് നാളത്തെ സിനിമ എടുത്ത് നോക്കിയാല്‍ അത്ഭുതപ്പെട്ട് പോകും.
2019 ല്‍ ലൂസിഫര്‍ എന്ന സിനിമ വിജയിച്ചതിന് ശേഷം 2023 ഡിസംബര്‍ വരെ മോഹന്‍ലാലിന്റെ ഒരു സിനിമ പോലും വിജയിച്ചിട്ടില്ല എന്നതാണ് ഏറ്റവും ദയനീയമായ അവസ്ഥ. ഞാന്‍ അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി വിക്കിപീഡിയയില്‍ എടുത്ത് നോക്കുകയായിരുന്നു.
2019 ലെ ലൂസിഫറിന് ശേഷം ഇട്ടിമാണി, കാപ്പന്‍, ബിഗ് ബ്രദര്‍, ദൃശ്യം 2, മരക്കാര്‍, ബ്രോ ഡാഡി, ആറാട്ട്, ട്വല്‍ത്ത് മാന്‍, മോന്‍സ്റ്റര്‍, എലോണ്‍. ഇത്രയും സിനിമകളാണ് 2019 ന് ശേഷം മോഹന്‍ലാല്‍ അഭിനയിച്ചതും വിജയിക്കാതെ പോയതും, വേണേല്‍ പൊട്ടിയതും എന്ന് നമുക്ക് പറയാം.
അഭിനയജീവിതത്തില്‍ വല്ലാത്തൊരു പ്രതിസന്ധി മോഹന്‍ലാല്‍ നേരിടുന്ന സമയത്താണ് ജീത്തു ജോസഫിലൂടെ മോഹന്‍ലാല്‍ എന്ന നടന് ഒരു തിരിച്ചുവരവ് സാധ്യമായിരിക്കുന്നത് എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല. മോഹന്‍ലാല്‍ എന്ന് പറയുന്നത് കേരളം കണ്ടിട്ടുള്ള ഏറ്റവും അതുല്യനടന്‍മാരില്‍ ഒരാളാണ്. അദ്ദേഹത്തിന്റെ സിനിമാ ജീവിതമെടുത്ത് വിശകലനം ചെയ്യാനൊന്നും ഞാന്‍ പോകുന്നില്ല.
1980 കള്‍ മുതല്‍ നമ്മള്‍ മോഹന്‍ലാലിനെ കാണുന്നതാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ നമ്മള്‍ മോഹന്‍ലാലിനെ കാണുന്നതാണ്. അദ്ദേഹത്തിന്റെ അഭിനയസിദ്ധി എത്ര വലുതാണ് എന്ന് പല സിനിമകളിലൂടേയും നമ്മള്‍ കണ്ടു. മോഹന്‍ലാലിന്റെ തിരിച്ചുവരവിന് ഈ പടം വേണമായിരുന്നു. കാരണം മോഹന്‍ലാല്‍ അങ്ങനെയങ്ങ് സിനിമാ ലോകത്ത് നിന്ന് ഇല്ലാതായി പോകേണ്ട ആളല്ല.
അത്രയേറെ അഭിനയസിദ്ധിയുള്ള ആളാണ്. ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ മോഹന്‍ലാലില്‍ നിന്ന് മലയാളികള്‍ക്ക് കാണാന്‍ കഴിയണം. അതിനുള്ള തുടക്കം എന്ന നിലയില്‍ ശക്തമായ ഒരു തിരിച്ചുവരവ് ഈ 2023 അവസാനിക്കുമ്പോള്‍ നടത്തുന്നു എന്നത് ചാരിതാര്‍ത്ഥ്യമാണ്'.












Click it and Unblock the Notifications