'അവന്‍ നിര്‍ബന്ധം പിടിച്ച് മുന്‍സീറ്റിലിരുന്നു'; അപകട ദിവസം സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി ബിനു അടിമാലി
കോഴിക്കോട്: മലയാളികളെ ആകെ ഞെട്ടിച്ചതും വിഷമിച്ചതുമായ മരണമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടേത്. കോഴിക്കോട് ഒരു പരിപാടി കഴിഞ്ഞ് വരുന്നതിനിടെ കൊല്ലം സുധി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും ഗുരുൃതരമായ പരിക്കേറ്റിരുന്നു.
ഇപ്പോഴിതാ അന്ന് അപകട ദിവസം സംഭവിച്ച കാര്യങ്ങളെ പറ്റി തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിനു അടിമാലി. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ബിനു അടിമാലി സംഭവങ്ങളെ കുറിച്ച് വിശദീകരിക്കുന്നത്. അപകട ദിവസം വാഹനത്തിന്റെ മുന്‍സീറ്റില്‍ നിര്‍ബന്ധപൂര്‍വം സുധി ഇരിക്കുകയായിരുന്നു എന്ന് ബിനു അടിമാലി പറയുന്നു. ബിനു അടിമാലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'സാധാരണ പോകുമ്പോള്‍ ഞാനാണ് ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നത്. ഇവന്‍ അന്നത്തെ ദിവസം എന്ത് ചെയ്താലും ഫ്രണ്ടില്‍ നിന്ന് മാറില്ല. ചിത്താന്തം പിടിച്ച് കേറി ഇരിക്കുന്ന പോലെ അവിടെ കയറിയിരിക്കുകയാണ്. ഭക്ഷണം കഴിക്കാനിറങ്ങി. അപ്പോഴും പുള്ളി ഓടി വന്ന് ഫ്രണ്ടിലിരിക്കാണ്. അങ്ങോട്ട് പോയപ്പോഴും ഇങ്ങനെ തന്നെ. തിരിച്ച് വന്നപ്പോഴും ഇവന്‍ ഫ്രണ്ടില്‍ കയറിയിരിക്കുകയാണ്. ചോദിച്ച് മേടിച്ച പോലെ.
സുധിക്ക് മുഖത്ത് ഇവിടെ ഒരു കുഴിയുണ്ട്. അതിന്റെ കറക്ട് സ്ഥലത്ത് എന്റെ മുഖത്തിപ്പോ ആ കുഴിയുണ്ട്. അന്നത്തെ ദിവസം അവന്റെ ഒരു പെര്‍ഫോമന്‍സും ആത്മാര്‍ത്ഥതയും എന്തോ സംഭവിക്കാന്‍ പോകുന്ന ഒരു ഫീല്‍ എനിക്ക് തോന്നി. തോന്നിച്ചതായിരിക്കാം. ഇപ്പോഴും എനിക്ക് അതിന്റെ ഷോക്ക് മാറിയിട്ടില്ല. അങ്ങോട്ട് പോകുമ്പോള്‍ മഹേഷ് കുഞ്ഞുമോന്‍ ഞങ്ങളുടെ കൂടെയില്ലായിരുന്നു.
ഇങ്ങോട്ട് വരുമ്പോള്‍ അവന്‍ വന്നിട്ട് ഞാനും വരികയാണ് നിങ്ങളുടെ കൂടെ. തമാശ പറഞ്ഞ് എറണാകുളം വരെ എത്താമല്ലോ എന്ന് പറഞ്ഞ് അവന്‍ വന്ന് ഞങ്ങളുടെ വണ്ടിയില്‍ കയറി. അവന് വേറെ വണ്ടിയുണ്ടായിരുന്നു. കുറെ സമയം ഞങ്ങള്‍ തമാശകളൊക്കെ പറഞ്ഞു, അത് കേട്ട് അവന്‍ ചിരിക്കുന്നു. അത് കഴിഞ്ഞ് നമുക്ക് ഉറങ്ങാം എന്ന് പറയുന്നു. വണ്ടി ഇടിച്ചത് ഞാന്‍ അറിഞ്ഞിട്ടില്ല. ഒറ്റ ഇടിക്ക് തന്നെ എന്റെ ബോധമങ്ങ് പോയി.
ഈ സൈഡില്‍ നിന്ന് അങ്ങ് ഇടിച്ചിട്ട് ഒരു കുഴി പോലെയായി. എന്റെ ചിന്ത ഏതോ ഷൂട്ടിംഗിലാണെന്നാണ്. ഫ്രണ്ട് ഗ്ലാസിലൊക്കെ നോക്കുമ്പോള്‍ മുഴുവന്‍ വെട്ടമൊക്കെയാണ്. എന്റെ വിചാരം വേറെ ഏതോ വണ്ടിക്ക് ആക്‌സിഡന്റായിട്ട് അവരെ രക്ഷിക്കാന്‍ പോയതായിരിക്കും ഇവര്‍ എന്നാണ്. ഞാന്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ നമ്മുടെ ശരീരത്തിലെ ബലമൊക്കെ പോയിട്ട് കുഴഞ്ഞ് അവിടെ ഇരുന്നു.
അപ്പോള്‍ ദേ ഒരാളും കൂടി അവിടെയുണ്ട്, ബിനു ചേട്ടനല്ലേ എന്നും പറഞ്ഞ് പിടിച്ച് ആരൊക്കയോ ആംബുലന്‍സില്‍ കയറ്റി. അവിടേയും ഇവന്‍ കിടക്കുകയാണ് ആംബുലന്‍സില്‍. അവന് ചങ്കിന്റെ ഭാഗത്ത് എന്തോ ഒരു ഭാരം, ബെല്‍റ്റിട്ട് കെട്ടല്ലേ എന്നൊക്കെ പറയുന്നുണ്ട്. അപ്പോള്‍ ഞാന്‍ മിണ്ടാതെ കിടക്കെടാ താഴെ വീഴൂല്ലേ എന്നൊക്കെ പറയുന്നുണ്ട്. അപ്പോഴും എനിക്ക് ആക്‌സിഡന്റ് പറ്റി എന്ന് അറിയുന്നില്ല.
ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ എന്നേം മഹേഷിനേയും ഡ്രൈവറേയും കൂടി ഒരു സ്ഥലത്ത് കിടത്തിയേക്കാണ്. സുധി വേറെ സ്ഥലത്ത്. അവന്‍ നമ്മുടെ തൊട്ടടുത്തില്ല. പിന്നെ എന്റെ ഒരു കൂട്ടുകാരനെ വിളിച്ച് മെഡിക്കല്‍ ട്രസ്റ്റിലേക്ക് എന്നെ കൊണ്ടുപോകുമ്പോഴാണ് ഈ കൂട്ടുകാരന്‍ പറയുന്നത് ഞങ്ങള്‍ മെഡിക്കല്‍ ട്രസ്റ്റിലേക്ക് പോകുകയാണ്. സുധീടെ ബോഡി അതിന്റെ പേപ്പറൊക്കെ ക്ലിയറാകാനുണ്ട് എന്നൊക്കെ പറയുമ്പോഴും ഈ ഫീല്‍ നമ്മുടെ ഉള്ളിലേക്ക് വരുന്നില്ല.
മരിച്ച് പോയി എന്ന് കേള്‍ക്കാം. പക്ഷെ ആ ഫീല്‍ അങ്ങോട്ട് വരുന്നില്ല. ഞാന്‍ ചോദിച്ചു സുധിയെവിടെ എന്ന്. അപ്പോള്‍ തൊട്ടുപിറകിലെ വണ്ടിയിലുണ്ടെന്നാണ് അവര്‍ പറയുന്നത്. അത് വിശ്വസിക്കുകയാണ്. ഇപ്പോഴും ആ ഫീല്‍ മനസില്‍ നിന്ന് മാറിയിട്ടില്ല'












Click it and Unblock the Notifications