Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലുങ്കിലും തമിഴിലും എന്തേ അഭിനയിക്കുന്നില്ല; അതിന് ഒരു കാരണമുണ്ട്; കുഞ്ചാക്കോ ബോബന്‍

മലയാള സിനിമയിലെ നിത്യ യൗവനം മമ്മൂട്ടിയാണെങ്കില്‍ എക്കാലത്തെയും ചോക്ലേറ്റ് ബോയ് കുഞ്ചാക്കോ ബോബനാണ്. തന്റെ ചോക്ലേറ്റ് കാമുകന്‍ ഇമേജില്‍ നിന്ന് കുഞ്ചാക്കോ ബോബന്‍ ഇതിനകം മികച്ച കഥാപാത്രങ്ങളിലൂടെ പുറത്തുകടന്നെങ്കിലും ഇപ്പോഴും അനിയത്തി പ്രാവും നിറവും സൃഷ്ടിച്ച ഓളം സിനിമാ പ്രേക്ഷരുടെ മനസിലുണ്ട്. കുഞ്ചാക്കോ ബോബനും ശാലിനിയും അക്കാലത്തെ ഹിറ്റ് പ്രണയ ജോഡികളായിരുന്നതിനാല്‍ കുഞ്ചാക്കോ ബോബന്റെ പ്രണയ നായകന്‍ ഇമേജിനെ ഇഷ്ടപ്പെടുന്ന നിരവധി ആരാധകരുണ്ട്.

പ്രതിനായക വേഷങ്ങളില്‍ ഉള്‍പ്പെടെ തിളങ്ങിയ കുഞ്ചാക്കോ ബോബന്റെ കരിയര്‍ ഗ്രാഫും അമ്പരിപ്പിക്കുന്നതാണ്. സമീപകാലത്തായി ഏറ്റവും മികച്ച സിനിമകള്‍ മാത്രമാണ് താരം തിരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ മലയാള സിനിമയില്‍ സ്ഥിരതയുള്ള സ്ഥാനം നിലനിര്‍ത്താനും കുഞ്ചാക്കോ ബോബന് കഴിയുന്നുണ്ട്.

1997 ല്‍ ഇറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ കുഞ്ചാക്കോ ബോബന്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയില്‍ നിലനില്‍ക്കുന്നതിന്റെ കാരണം കഠിനാധ്വാനവും പക്വതയോടെയുള്ള പെരുമാറ്റവുമാണ്. വിജയങ്ങളില്‍ മതിമറക്കാതെയും പരാജയങ്ങളില്‍ തളര്‍ന്നു വീഴാതെയുമുള്ള കുഞ്ചാക്കോ ബോബന്റെ ജീവിതം യുവനടന്മാര്‍ക്ക് മാതൃകയാണ്. ഒപ്പം അഭിനയിച്ച എല്ലാവരുമായും നല്ല വ്യക്തിബന്ധം പുലര്‍ത്താന്‍ കുഞ്ചാക്കോ ബോബന് കഴിയുന്നതും പ്ലസ് പോയിന്റാണ്.

Kunchacko Boban

ഒരിടക്കാലത്ത് മലയാള സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും 2010 ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയില്‍ സജീവമായി. തുടര്‍ന്ന് ഹിറ്റുകളുടെ ഒരു പരമ്പര തന്നെയുണ്ടായി. ട്രാഫിക്ക്, സീനിയേഴ്‌സ്, മല്ലു സിംഗ്, റോമന്‍സ്, ഓര്‍ഡിനറി പോലുളള സിനിമകളുടെ വിജയം നടന്റെ താരമൂല്യം വര്‍ധിപ്പിച്ചു.

മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ 2020 ല്‍ പുറത്തിറങ്ങിയ അഞ്ചാം പാതിരാ എന്ന ചിത്രത്തില്‍ അതുവരെ കുഞ്ചാക്കോ ബോബന്‍ ചെയ്തിട്ടില്ലാത്ത രീതിയിലുള്ള കഥാപാത്രത്തെയാണ് പ്രേക്ഷകര്‍ കണ്ടത്. ചിത്രം നടന് മികച്ച നിരൂപക പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. പിന്നീട് വളരെ സൂക്ഷ്മതയോടെയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കിലും കൈ നിറയെ സിനിമകളുമായി താരം മലയാള സിനിമയില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്.

ഫഹദ് അടക്കം സമപ്രായക്കാരായ നിരവധി നടന്മാര്‍ മറ്റു ഭാഷകളില്‍ വെന്നിക്കൊടി പാറിക്കുമ്പോഴും അത്തരമൊരു ഭാഗ്യപരീക്ഷണത്തിന് കുഞ്ചാക്കോ ബോബന്‍ തയാറായിട്ടില്ല. ഇപ്പോഴിതാ, ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മലയാളം ഒഴികെ മറ്റ് ഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. മലയാള സിനിമയിലെ ഉള്ളടക്കത്തെ അന്യഭാഷാ സിനിമാ വ്യവസായങ്ങള്‍ അസൂയയോടെയാണ് കാണുന്നതെന്ന് താരം വ്യക്തമാക്കി.

മലയാളത്തോട് അസൂയ

തെലുങ്കോ തമിഴോ പോലുള്ള വലിയൊരു ഓഡിയന്‍സിലേക്ക് താന്‍ കടന്നുചെല്ലാത്തതിന്റെ കാരണം മലയാള സിനിമയുടെ ഗുണനിലവാരമാണെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

'ഉള്ളടക്കം അനുസരിച്ച് മലയാള സിനിമ ഇപ്പോള്‍ അതിന്റെ സുവര്‍ണ കാലഘട്ടത്തിലാണെന്ന് ഞാന്‍ കരുതുന്നു. ഇവിടെ നിര്‍മിക്കപ്പെടുന്ന സിനിമകളുടെ ഗുണനിലവാരം, പ്രമേയം എന്നിവയെ അന്യഭാഷാ സിനിമാ വ്യവസായങ്ങള്‍ അസൂയയോടെയാണ് കാണുന്നത്. പ്രാദേശികതയില്‍ വേരൂന്നിയതാണെങ്കിലും, ഉള്ളടക്കത്തിന്റെ മേന്മ കാരണം മലയാള സിനിമകള്‍ പാന്‍-ഇന്ത്യന്‍, ആഗോളതലത്തില്‍ മികച്ച അഭിപ്രായങ്ങള്‍ നേടുന്നു.

ഒടിടിയുടെ വരവോടെ സിനിമയുടെ ഭാഷാ പ്രശ്‌നവും മാറി. എനിക്കിപ്പോള്‍ ലഭിക്കുന്ന കഥാപാത്രങ്ങളും മലയാളത്തില്‍ ഇപ്പോള്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകളും ശരിക്കും ആവേശകരമാണ്. അതേസമയം, മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന് അര്‍ത്ഥമില്ല. മറ്റ് ഭാഷകളില്‍ നിന്ന് ആവേശകരമായ ഒരു കഥാപാത്രമോ സിനിമയോ വന്നാല്‍ ഞാന്‍ അത് പരീക്ഷിക്കും, പ്രത്യേകിച്ച് തമിഴില്‍. അതിനായി ഞാന്‍ കാത്തിരിക്കുകയാണ്' - കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി

തിയറ്റുകളില്‍ അടുത്തിടെ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തെക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചു. 'ഇത് തന്റെ കരിയറിലെ ഒരു വഴിത്തിരിവാണെന്ന് കരുതുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ 100-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എനിക്കു ലഭിക്കുന്ന വേഷങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നാണ് എപ്പോഴും അന്വേഷിക്കുന്നത്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലെ ഹരിശങ്കര്‍ പോലുള്ള കഥാപാത്രങ്ങള്‍ മികച്ചതാക്കാന്‍ കഴിവിന്റെ പരമാവധി ചെയ്തുവെന്ന് നാം വിചാരിക്കും. എങ്കിലും ഇനിയും മികച്ചത് ചെയ്യാനും ബൗണ്ടറികള്‍ മറികടക്കാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനായി ഞാന്‍ നിരന്തരം പഠിക്കുകയും എന്റെ കഴിവിനെ പരമാവധി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വൈകാരികമായും ശാരീരികമായും അധിക പരിശ്രമം നടത്തുകയും റിസ്‌ക് എടുക്കുകയും വേണം. ഞാന്‍ എപ്പോഴും വ്യത്യസ്തമായ പ്രമേയങ്ങള്‍, കോമ്പിനേഷനുകള്‍, കഥാപാത്രങ്ങള്‍, നൂതനമായ ആശയങ്ങള്‍ എന്നിവ പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. അത്തരം പരീക്ഷണ സിനിമകളില്‍ പ്രവര്‍ത്തിക്കാനും ഞാന്‍ തയ്യാറാണ്. അതിനു വേണ്ടി പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുണയ്ക്കാന്‍ ഞാന്‍ തയാറാണ് - കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

'പുതുമയുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഒരു തിരക്കഥയും വേഷവും നല്‍കിയാല്‍ പുതിയ സംവിധായകരുമായി പ്രവര്‍ത്തിക്കാന്‍ ഞാന്‍ തയാറാണ്. എന്നെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ഏതൊരു കഥാപാത്രത്തെയും സിനിമയെയും ഞാന്‍ സ്വീകരിക്കും. അതിനായി എല്ലാ സംവിധായകരെയും, അവര്‍ പരിചയസമ്പന്നരോ പുതുമുഖങ്ങളോ ആകട്ടെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഒരു നടനെന്ന നിലയില്‍ ഞാന്‍ അവര്‍ക്കായി കാത്തിരിക്കുകയാണ്.

Kunchacko Boban

ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 50 കോടിയിലേറെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി ചിത്രം മാറി.
പ്രിയാമണി നായികയായി എത്തിയ ചിത്രം വളരെയധികം പ്രശംസയും വാണിജ്യ വിജയവും നേടി.

ഹൗ ഓള്‍ഡ് ആര്‍ യു, ടേക്ക് ഓഫ്, ട്രാഫിക്, ബോഗയ്ന്‍വില്ല, നിഴല്‍, വൈറസ്, 2018, ന്നാ താന്‍ കേസ് കൊട്, അഞ്ചാം പാതിര, നായാട്ട്, അറിയിപ്പ്, ചാവേര്‍ തുടങ്ങിയ ചിത്രങ്ങളും കുഞ്ചാക്കോ ബോബന്റെ കരിയറിലെ മികച്ച ചിത്രങ്ങളായിട്ടാണ് സിനിമാ നിരൂപകര്‍ വിലയിരുത്തുന്നത്.

27 വര്‍ഷത്തെ കരിയര്‍

ഉയര്‍ച്ച താഴ്ച്ചകള്‍ നിറഞ്ഞതാണ് തന്റെ 27 വര്‍ഷത്തെ കരിയറെന്ന് കുഞ്ചാക്കോ ബോബന്‍ പറയുന്നു. 'നിങ്ങള്‍ തെറ്റുകള്‍ വരുത്തിയാല്‍ അതില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. എന്റെ ജീവിതത്തിലെ നെഗറ്റീവ് വശങ്ങളെക്കുറിച്ച് ഞാന്‍ അധികം വിശകലനം ചെയ്യാറില്ല. അതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ വിഷമിക്കാറുമില്ല. എന്റെ കരിയറില്‍ എപ്പോഴും പോസിറ്റീവിറ്റി കണ്ടെത്താനാണ് ശ്രമിക്കുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ തിരഞ്ഞെടുത്ത സിനിമകളില്‍ പശ്ചാത്താപമില്ല'

'നിങ്ങള്‍ വീണാല്‍, സ്വയം എഴുന്നേറ്റ് മുന്നോട്ട് പോകുക. ഇഴഞ്ഞു നീങ്ങിയാല്‍ പോലും നിങ്ങള്‍ എപ്പോഴും ഒരു പടി മുന്നോട്ട് പോകണം. ഞാന്‍ എപ്പോഴും ദൈവത്തിന്റെ പദ്ധതിയില്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ കൈകളിലെ ഒരു ഉപകരണവും സിനിമാ ലോകത്തിലെ മികച്ച സംവിധായകരുടെ കൈകളിലെ ഒരു ഉപകരണവുമാണ്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്‍ ഇനി അഭിനയിക്കുന്നത്. മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലിയോടൊപ്പവും കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+