'കളരിപ്പയറ്റിനിടെ വാള്‍ ദേഹത്ത് കുത്തിക്കയറി, എന്നിട്ടും ഷൂട്ട് നിര്‍ത്തിയില്ല'; ഓര്‍മകളുമായി മമ്മൂട്ടി
പാണന്മാരുടെ വടക്കന്‍ പാട്ടുകളിലൂടെ കേട്ടറിഞ്ഞ ചതിയനായ ചന്തുവിനെ അമ്പാടെ പൊളിച്ചെഴുതിയ ചിത്രമാണ്, എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ ഒരു വടക്കന്‍ വീരഗാഥ. മമ്മൂട്ടി അവതരിപ്പിച്ച ചന്തു ചേകവര്‍ മുതല്‍ കണ്ണപ്പന്‍ ചേകവരും ആരോമല്‍ ചേകവരും ഉണ്ണിയാര്‍ച്ചയുമൊക്കെ കഥാപാത്രത്തിന്റെ തെളിമ മങ്ങാതെ ഇന്നും സിനിമാ പ്രേമികളുടെ മനസിലുണ്ട്.
കുറിക്കു കൊള്ളുന്ന ഡയലോഗുകളും അനശ്വര ഗാനങ്ങളും കളരിപ്പയറ്റും അതിമനോഹരമായ ഷൂട്ടിങ് ലോക്കേഷനായ ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയുമെക്കെയായി സമ്പൂര്‍ണ ക്ലാസിക്ക് പടമെന്നാണ് ഒരു വടക്കന്‍ വീരഗാഥയെ വിശേഷിപ്പിക്കുന്നത്.

1989 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഈ ചിത്രം 35 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും റിലീസിനൊരുങ്ങുകയാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പഴയ തലമുറയ്ക്കും പുതുതലമുറയ്ക്കും ഒരുപോലെ ഈ ചിത്രം വീണ്ടും ആസ്വാദ്യകരമാകുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. റീ റിലീസിനു മുന്നോടിയായി പഴയ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. രമേഷ് പിഷാരടിയാണ് മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്യുന്നത്.
മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് അഭിമുഖം വന്നിരിക്കുന്നത്. ഇതിനകം മമ്മൂട്ടിയുടെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
പി.വി ഗംഗാധരനാണ് തന്നെ ചിത്രത്തിലേക്കു വിളിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു. ഉണ്ണിയാര്‍ച്ചയുടെ കഥയാണെന്നും ചതിയന്‍ ചന്തുവിന്റെ വേഷമാണും ചെയ്യേണ്ടതെന്ന് അറിഞ്ഞപ്പോള്‍ വില്ലനായി അഭിനയിക്കണോ എന്ന് താന്‍ തിരിച്ചുചോദിച്ചു. എംടിയാണ് തിരക്കഥയെന്നും ഹരിഹരന്‍ സര്‍ ഡയറക്ഷന്‍ എന്നും കേട്ടപ്പോള്‍ പിന്നെ ഒന്നു നോക്കാനില്ലെന്നും താന്‍ സമ്മതം മൂളിയെന്നും മമ്മൂട്ടി പറഞ്ഞു. സിനിമ കണ്ടിറങ്ങുമ്പോള്‍ ചതിയനായ ചന്തു ഒരു വേദനയായി മാറുന്നത് തിരക്കഥയുടെ മഹത്വമാണെന്നും മമ്മൂട്ടി പറഞ്ഞു.
ഷൂട്ടിനിടെ സംഭവിച്ച ശരീരത്തില്‍ വാള്‍ കുത്തിക്കയറി ഉണ്ടായ അപകടത്തെ കുറിച്ചും മമ്മൂട്ടി വെളിപ്പെടുത്തുന്നുണ്ട്. ഒരു യോദ്ധാവായതിനാല്‍ കളരിപ്പയറ്റും കുതിരസവാരിയുമൊക്കെ ഷോട്ടിനു വേണ്ടി പഠിക്കേണ്ടി വന്നു.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ 'കളരി അഭ്യാസവും കുതിര അഭ്യാസവുമൊക്കെ പഠിക്കണമെങ്കില്‍ മാസങ്ങളോളം പരിശീലനം നടത്തിയേ പറ്റൂ. നമ്മള്‍ സിനിമയിലെ ഷോട്ടുകള്‍ക്ക് മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ വലിയൊരു കളരി അഭ്യാസം പൂര്‍ണമായും ചെയ്യുന്നില്ല. തെറ്റിപ്പോയാല്‍ തിരുത്തി അഭിനയിക്കാനും പറ്റും. സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും ആറ്റിറ്റിയൂഡും മതി. ആ കാലത്ത് ഒക്കെ ചെയ്യാന്‍ ധൈര്യവുമുണ്ട്. എല്ലാ ചാട്ടവും ഓട്ടവും ഒക്കെ അതില്‍ ഒറിജിനല്‍ തന്നെയാണ്.'
അതില്‍ ഉപയോഗിച്ചിരുന്ന എല്ലാ വാളുകളും മെറ്റല്‍ തന്നെയായിരുന്നു, നല്ല ഭാരവും ഉണ്ടായിരുന്നു. ചാടി ഒരു വാള് പിടിക്കുന്ന ഒരു രംഗമുണ്ട്. തെറിച്ചു പോകുന്ന വാള് ചാടിപിടിക്കണം.
എല്ലാ പ്രാവശ്യവും ചാടുമ്പോള്‍ ഈ വാള്‍ പിടികിട്ടില്ല. ഒരു പ്രാവശ്യം ആ വാള്‍ എന്റെ തുടയില്‍ കുത്തിക്കേറി. നല്ലവണ്ണം ആഴത്തില്‍ മുറിഞ്ഞു, വേദന എടുത്തു. പക്ഷേ ഷൂട്ടിങ് ഒന്നും മുടങ്ങിയില്ല. കാണാന്‍ പറ്റാത്ത സ്ഥലത്താണ്, ആ പാട് ഇപ്പോഴുമുണ്ട്. വാള്‍ കൊണ്ട് പരിക്കുണ്ടായിട്ടും ആര്‍ക്കും പരാതിയൊന്നും ഉണ്ടായില്ല. കാരണം ഇതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞ് തന്നെയാണല്ലോ നമ്മള്‍ വരുന്നത്'- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു, ഗീത, ചിത്ര എന്നിവരായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. നിരവധി സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്.












Click it and Unblock the Notifications