'മഞ്ജുവിന് കുറച്ച് തള്ള് കൂടുതലാണോ?'; താനൊരു കൂലിപ്പണിക്കാരിയെന്ന് പറഞ്ഞ താരത്തിനെ വിമർശിച്ച് ആരാധകർ
ടെലിവിഷൻ രംഗത്തും സിനിമയിലും ഒരുപോലെ മികവ് തെളിയിച്ച അഭിനേത്രിയാണ് മഞ്ജു പത്രോസ്. പലപ്പോഴും സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ കൈയിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമയിലെത്തി 14 വർഷം പിന്നിട്ട മഞ്ജു ഇക്കാലത്തിനിടയിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്. രണ്ട് തവണ സംസ്ഥാന അവാർഡ് ഉൾപ്പെടെ നേടിയിട്ടുള്ള താരം കൂടിയാണ് മഞ്ജു പത്രോസ്.
സീരിയലുകളിൽ താരം വേഷമിടുന്നുണ്ട്. അതിനാൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് താരം സുപരിചിതയാണ്. മുൻപ് മറിമായം എന്ന ജനപ്രിയ സിറ്റ്‌കോമിലെ പ്രധാന കഥാപാത്രം കൂടിയായിരുന്നു മഞ്ജു പത്രോസ്. നിലവിൽ സിനിമകളിൽ തന്നെയാണ് താരം സജീവമായിട്ടുള്ളത്. ഇടക്കാലത്ത് ബിഗ് ബോസ് എന്ന പരിപാടിയിൽ പങ്കെടുത്ത മഞ്ജു വിവാദങ്ങളിലും ചെന്നുപെട്ടിരുന്നു.

എന്നാൽ ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മഞ്ജു പത്രോസ്. തനിക്ക് സിനിമ തന്നതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടം ആണെന്നും സിനിമയിൽ അഭിനയിച്ചുവെന്നത് വലിയൊരു കാര്യമായി കാണേണ്ട കാര്യമില്ലെന്നും മഞ്ജു പറയുന്നു. കൂടാതെ കുട്ടിയായിരിക്കുമ്പോൾ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും താരം കൈരളി ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മനസ് തുറന്നു. മഞ്ജു പത്രോസിന്റെ വാക്കുകളിലൂടെ...
അന്നൊന്നും സിനിമാ മോഹം ഉണ്ടായിരുന്നില്ല. വെള്ളിത്തിര എന്ന് പറയുന്നത് പോലും വേറെന്തോ സാധനം അവിടെ ഉണ്ടെന്നാണ് ഞാൻ വിചാരിച്ചത്. കിഴക്കമ്പലം അത്ര വികസിച്ച സ്ഥലം ഒന്നും ആയിരുന്നില്ല. അന്നൊക്കെ പപ്പയുടെ കാലു പിടിച്ചാണ് ഒരു സിനിമയ്ക്ക് ഒക്കെ പോയിരുന്നത്. എനിക്ക് അറിയില്ലായിരുന്നു. കലയുടെ പാരമ്പര്യം ഒന്നും വീട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ ആകെ സ്‌റ്റേജിൽ ഒക്കെ കയറി ഡാൻസ് കളിക്കും.
ക്രിസ്ത്യൻ മതത്തിലാണ് ഞാൻ വളർന്നത്. പക്ഷേ എന്നെ കണ്ടാൽ ഒരാളും ക്രിസ്ത്യൻ ആണെന്ന്. പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞാലും ചിലർ വിശ്വസിക്കില്ല. കണ്ടാൽ ഹിന്ദുവിനെ പോലെ തന്നെയുണെന്നാണ് അവർ പറയാറുള്ളത്. കുഞ്ഞിലേ ഞാൻ കണ്ണൊക്കെ എഴുതി നടക്കുമായിരുന്നു. ഞാൻ എപ്പോഴും വിശ്വസിക്കുന്നത്, എന്നെ ദൈവം ഇങ്ങനെ മണ്ണ് കൊണ്ട് കുഴച്ചു ഉണ്ടാക്കി ശ്വാസം ഒക്കെ തന്ന് മോളീന്ന് ഇട്ടപ്പോൾ വേറേതോ അമ്മയുടെ വയറ്റിൽ വീണെന്നാണ്, ശരിക്കുമുള്ള ഞാൻ തമിഴ്‌നാട്ടിൽ ജനിക്കേണ്ടതാണ്.
എനിക്കീ ഹൈന്ദവ പുരാണങ്ങൾ ഒക്കെയും, മിത്തുകൾ ഒക്കെ ഭയങ്കര ഇഷ്‌ടമാണ്. അതൊക്കെ കേൾക്കാൻ ഭയങ്കര ഇഷ്‌ടമാണ്. അങ്ങനെ ഒരു ഇഷ്‌ടം വന്നതാണോ എന്നറിയില്ല. സുഹൃത്തുക്കളുടെ ഒക്കെ കൂടെ അമ്പലത്തിൽ പോവുമായിരുന്നു. കഴിഞ്ഞ വർഷം ഒറ്റയ്ക്ക് ആയിരുന്നു പൊങ്കാല ഇട്ടത്. എങ്ങനെ ഇടണ്ടെന്നോ എന്തൊക്കെ വേണമെന്നോ ഒന്നും അറിയില്ലായിരുന്നു. അന്ന് എനിക്ക് കിട്ടിയ സംതൃപ്‌തി വേറൊന്നിലും കിട്ടിയില്ല.
സിനിമയിലാണോ സീരിയലിലാണോ എന്ന് ചോദിച്ച് കണ്ണ് മിഴിക്കുന്നവരുണ്ട്. അതിന്റെയൊന്നും കാര്യമില്ല. ഇവിടെയാരും നിർബന്ധം ഒന്നുമല്ല. ഞാനൊരു തൊഴിൽ ചെയ്യാൻ വന്നിരിക്കുന്നു. എന്നെ സംബന്ധിച്ച് എന്റെ കാര്യങ്ങൾ നടക്കണം. നമ്മൾ അഭിനയിക്കുന്നു പത്ത് പേർ കാണുന്നു എന്നേയുള്ളൂ. അത്ര വലിയ ഹൈപ്പ് ഒന്നും വേണ്ട. എന്തോ വലിയൊരു സംഭവം ആണെന്നും തോന്നേണ്ട; മഞ്ജു പത്രോസ് പറഞ്ഞു.
അതേസമയം, മഞ്ജു പത്രോസിനെ പരിഹസിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് ഇതിൽ ഉണ്ടായിരിക്കുന്നത്. ചിലർ താരത്തിന്റെ വസ്ത്രധാരണത്തെയാണ് വിമർശിക്കുന്നത്. ഒരു ഷാൾ എങ്കിലും ഇട്ട് മറച്ചൂടെ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. മറ്റൊരാൾ ആവട്ടെ 'മഞ്ജുവിന് കുറച്ചു തള്ള് കൂടുതൽ ആണോ' എന്നാണ് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മഞ്ജുവിനെ പിന്തുണച്ചും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.












Click it and Unblock the Notifications