ഓസ്‌ലറിൽ മമ്മൂക്കയുണ്ടോ..? ട്രെയിലറിലെ ശബ്‌ദം സാങ്കേതിക പിഴവെന്ന് മിഥുൻ മാനുവൽ തോമസ്
മലയാളത്തിലെ പ്രിയ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. ഒരു സംവിധായകൻ എന്നതിലുപരി മികച്ചൊരു തിരക്കഥാകൃത്ത് കൂടിയാണ് മിഥുൻ എന്ന കാര്യം ഫീനിക്‌സ്, ഗരുഡൻ എന്നീ ചിത്രങ്ങളിലൂടെ തെളിയിച്ചതാണ്. ഇപ്പോഴിതാ ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്‌ത ചിത്രമായ ഓസ്‌ലറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം.
ചിത്രത്തിൽ മെഗാസ്‌റ്റാർ മമ്മൂട്ടി ഒരു അതിഥി വേഷത്തിൽ എത്തുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയ്‌ലറിന്റെ അവസാന ഭാഗത്ത് മമ്മൂട്ടിയുടെ സംഭാഷണവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ അതൊരു സാങ്കേതിക പിഴവ് മാത്രമാണെന്ന് പറയുകയാണ് മിഥുൻ മാനുവൽ തോമസ്.

അത് മമ്മൂട്ടിയുടെ ശബ്‌ദം അല്ലെന്നും സാങ്കേതികപരമായി പറ്റിയ പിഴവാണെന്നുമാണ് മിഥുൻ പറയുന്നത്. താനും അത് ട്രെയ്‌ലർ ഇറങ്ങിയ ശേഷമാണ് കണ്ടതെന്നും, ഷൂട്ടിനിടയിൽ ഒരിക്കൽ പോലും മമ്മൂട്ടിയെ താൻ സെറ്റിൽ കണ്ടിട്ടില്ലെന്നും മിഥുൻ വ്യക്തമാക്കി.
'ആ സൗണ്ട് ആരുടേതായിരുന്നു. സൗണ്ട് മിക്‌സിംഗ് എഞ്ചിനീയർക്ക് പറ്റിയ തെറ്റാണത്. ഞാനും ട്രെയിലർ ഇറങ്ങിയപ്പോഴാണ് അക്കാര്യം അറിയുന്നത്. അതൊരു ടെക്‌നിക്കൽ ഗ്ലിച്ചാണ്. എവിടെ നിന്നോ കയറി വന്നതാണ് ആ സൗണ്ട്. ഇനിയിപ്പോൾ രണ്ട് മൂന്ന് ദിവസം കൂടിയല്ലേ ഉള്ളൂ,നിങ്ങൾ സിനിമ കണ്ടുനോക്കൂ. അത് ഗ്ലിച്ചാണോ അല്ലയോ എന്ന് പ്രേക്ഷർ സ്വയം വിലയിരുത്തട്ടെ' മിഥൻ പറഞ്ഞു.
'ഞാനും ജയറാമേട്ടനും 57 ദിവസം ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്നു. ഞങ്ങൾ ഒരിക്കൽ പോലും അവിടെ മമ്മൂക്കയെ കണ്ടിട്ടില്ല. പിള്ളേരെ പാച്ച് ഒക്കെ ചെയ്യിക്കാൻ ഒരു ദിവസം അയച്ചിരുന്നു. ഇനി ആ സമയത്തെങ്ങാനും മമ്മൂക്ക വന്ന് അഭിനയിച്ചിരുന്നോ എന്ന് അറിയില്ല. സംവിധായകനും ഹീറോയും അറിഞ്ഞിട്ടില്ല മമ്മൂക്ക വന്നിട്ടുണ്ടോയെന്ന്..' മിഥുൻ കൂട്ടിച്ചേർത്തു.
അതേസമയം, ജയറാം നായകനായി എത്തുന്ന ഓസ്‌ലർ ജനുവരി 11നാണ് തിയറ്ററുകളിൽ എത്തുന്നത്. 'അഞ്ചാം പാതിര' എന്ന സൂപ്പർ ഹിറ്റ് ത്രില്ലർ ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലർ ചിത്രമാണിതെന്നാണ് സൂചന.
ജയറാമിനെ കൂടാതെ അർജുൻ അശോകൻ, ദിലീഷ് പോത്തൻ, ജഗദീഷ്, അനശ്വര രാജൻ, സെന്തിൽ കൃഷ്‍ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications