ഇന്ദ്രജിത്തിന്റെ വീട്ടിൽ ഓണം ആഘോഷിച്ചതിന് പിന്നിൽ; കോടികളുടെ സ്വത്ത് വിൽക്കാത്തതിന് കാരണവും',മല്ലിക സുകുമാരൻ
മക്കളായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും ജീവിതത്തിൽ അനാവശ്യമായി ഇടപെടുന്നൊരു അമ്മയല്ല താനെന്ന് നടി മല്ലിക സുകുമാരൻ. ഭർത്താവ് സുകുമാരന്റെ സ്വാധീനം തനിക്ക് ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ട്. ആൺമക്കളാണ് അവരുടെ വിവാഹം കഴിഞ്ഞാൽ അവരെ ആ വഴിക്ക് വിട്ടേക്കമമെന്ന് അദ്ദേഹം പറയുമായിരുന്നു. അതുകൊണ്ട് തന്നെ മക്കൾ വിളിക്കുമ്പോൾ പോകുക എന്നല്ലാതെ അനാവശ്യമായി ഇടിച്ചുകയറി പോകുന്നൊരു സ്വഭാവം തനിക്കില്ലെന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മല്ലിക പറഞ്ഞു. അവരുടെ വാക്കുകളിലേക്ക്
'ജീവിതത്തിൽ എനിക്ക് അതിമോഹങ്ങളൊന്നും ഇല്ല. മക്കൾ ലോകം ചുറ്റുമ്പോൾ അവരെ ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല. ഞാൻ പല രാജ്യങ്ങളിലും മുൻപ് പോയിട്ടുണ്ട്. ഭർത്താവിന്റെ കൂടെ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. എല്ലായിടത്തും കറങ്ങണമെന്നതൊക്കെ ചെറുപ്രായത്തിൽ തീർന്നു. ചിലപ്പോൾ ഇന്ദ്രജിത്തും പൃഥ്വിയുമൊക്കെ വയസാകുമ്പോൾ ഇതുപോലെ ആലോചിക്കുമായിരിക്കും. സുഖുവേട്ടൻ പഠിപ്പിച്ചതാണ്. ആൺകുട്ടികളാണ് അവരുടെ വിവാഹം കഴിഞ്ഞാൽ അവരെ ആ വഴിക്ക് വിടണമെന്ന്.

എനിക്ക് വേണ്ടതൊക്കേയും സുഖുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. അത് വിറ്റാൽ തന്നെ എനിക്ക് കാലും നീട്ടിയിരിക്കാം. അത് വിക്കാത്തത് എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളതാണല്ലോ. അല്ലെങ്കിൽ എന്താ തിരുവനന്തപുരത്തും എറണാകുളത്തുമൊക്കെ എനിക്ക് വീടുണ്ട്. പല നാടുകളിലും സ്ഥലങ്ങളൊക്കെ സുഖുവേട്ടൻ സ്ഥലമൊക്കെ വാങ്ങി വെച്ചിട്ടുണ്ട്.
നമ്മൾ ഇരിക്കേണ്ടിടത്ത് ഇരുന്നാൽ സ്നേഹം നമ്മളെ തേടി വരും. ഇപ്പോൾ മക്കളും മരുമക്കളുമൊക്കെയായി സന്തോഷത്തോടെ ജീവിച്ച് പോകുകയാണ്. പിന്നെ ആവശ്യമുണ്ടെങ്കിൽ എന്റെ രണ്ട് മക്കളും പറന്നെത്തുമെന്ന് എനിക്ക് അറിയാം. അതാണെന്റെ സന്തോഷം ആത്മവിശ്വാസം.
ഇത്തവണ ഓണം ഇന്ദ്രജിത്തിന്റെ വീട്ടിലും പിറന്നാൾ ആഘോഷം പൃഥ്വിരാജിന്റെ വീട്ടിലുമായിരുന്നു. ഓണം ഇന്ദ്രന്റെ വീട്ടിൽ ആഘോഷിക്കാൻ കാരണം, അവൻ എറണാകുളത്ത് നല്ലൊരു വീടാണ് വെച്ചിരിക്കുന്നത്. അവിടെ ആദ്യത്തെ ഓണമായിരുന്നു. അങ്ങനെ എല്ലാവരും തീരുമാനിച്ചു ഒരുമിച്ച് കൂടാമെന്ന്. രാജു ഭയങ്കര തിരക്കായിട്ടും വന്നു. പിറന്നാൾ കുഞ്ഞുമോൻ ഏറ്റെടുത്തു. പൃഥ്വിയും സുപ്രിയയുമൊക്കെ ഗംഭീരമായി ആഘോഷിച്ചു. ഇങ്ങനെയൊക്കെ പോകണമെന്നൊക്കെ പ്രാർത്ഥനയെ ഉള്ളൂ. രണ്ട് പേരും നല്ല വീടാണ് വെച്ചിരിക്കുന്നത്. വീട് വെക്കുമ്പോൾ ഇന്ദ്രജിത്തും പൃഥ്വിരാജും പറഞ്ഞത് ഒരു മുറി അമ്മക്കാണെന്നാണ്. പക്ഷെ ഞാൻ അങ്ങോട്ടേക്കൊന്നും പോകില്ല. അത് അവർക്ക് അറിയാം.
ഇവിടെ തിരുത്താനായിട്ട് എന്തൊക്കെ ഉണ്ട്. അതൊന്നും യുവാക്കൾക്ക് പ്രതികരിക്കാനില്ല. മരിച്ചവന് ഏത് പാർട്ടി കൊന്നവൻ ഏത് പാർട്ടി എന്നൊക്കെയുള്ള ചർച്ചകളായി. എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയനോട് എനിക്ക് ബഹുമാനം ഉണ്ട്. ചില കാര്യങ്ങളോട് അദ്ദേഹം പ്രതികരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്. ചിലത് കാണുമ്പോൾ ഇദ്ദേഹത്തെ ആരെങ്കിലും തെറ്റിധരിപ്പിച്ചോയെന്ന ചിന്തയും. എന്തായാലും എല്ലാ കാര്യങ്ങളും ഭംഗിയായി വരട്ടെ. അവനവന്റെ കുടുംബം നന്നാക്കാൻ കഴിയില്ലെങ്കിൽ എന്തിനാണ് ഉത്തരേന്ത്യയിൽ ഇരിക്കുന്നവരെ തെറിവിളിക്കുന്നത്. ആദ്യം നിങ്ങളിരിക്കുന്ന സ്ഥലം നന്നാക്കി കാണിക്ക് എന്നിട്ട് ചിലക്കാം എന്ന് പറയുന്നൊരു തലമുറയാണ് വളർന്ന് വരുന്നത്. അതൊക്കെ ശ്രദ്ധിക്കണം. മതവും ജാതിയുമൊക്കെ മാറ്റിവെയ്ക്ക്, എന്താണ് നാടിന് നല്ലത് അത് ചെയ്യുന്നവരെ രണ്ട് നല്ല വാക്ക് പറയുക. അവിടെ പാർട്ടിയും ജാതിയും മതവുമൊന്നും കൊണ്ടുവരാതിരിക്കുക', മല്ലിക സുകുമാരൻ പറഞ്ഞു.












Click it and Unblock the Notifications