'പൃഥ്വിരാജിനോടും ആന്റണി പെരുമ്പാവൂരിനോടുമൊക്കെ ഇത് ചെയ്താൽ..പ്രശ്നമെന്തെന്ന് പറഞ്ഞ് രാഹുൽ ഈശ്വർ
കൊച്ചി: പൃഥ്വിരാജ് അടക്കം എമ്പുരാൻ സിനിമയുടെ അണിയറ പ്രവർത്തകർ അന്വേഷണ ഏജൻസികളുടെ റഡാറിലാണ്. ആദ്യം സിനിമയുടെ വിതരണക്കാരനായ ഗോകുലം ഗോപാലന് നേരെയാണ് അന്വേഷണം നടന്നത്. ഇഡിയാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന് ഇൻകം ടാക്സീസ് നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതിഫലം സംബന്ധിച്ച വിവരങ്ങളാണ് തേടിയത്. ഇന്ന് ചിത്രത്തിന്റെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഇപ്പോഴിതാ അന്വേഷണ ഏജൻസികളുടെ ഈ നീക്കത്തോട് പ്രതികരിക്കുകയാണ് രാഹുൽ ഈശ്വർ. പൃഥ്വിരാജിനും ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരിനുമൊക്കെ എതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുമ്പോൾ അതിലൊരു അനൗചിത്യമുണ്ടെന്ന് രാഹുൽ പറഞ്ഞു.

'പൃഥ്വിരാജിനെ അറസ്റ്റ് ചെയ്യൂ ഭരതൻ എസ് ഐ എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ അറസ്റ്റ് ചെയ്താൽ പൃഥ്വിരാജ് സൂപ്പർ ഹീറോയാകും. മഞ്ജു വാര്യരെ കൈവിലങ്ങ് വെച്ച് അണിയിക്കുന്നൊരു സീനുണ്ട് എമ്പുരാനിൽ. പറ്റുമെങ്കിൽ അങ്ങനെ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. കാരണം എനിക്ക് അദ്ദേഹത്തോട് വളരെ അധികം ആരാധനയുണ്ട്. ഈ ചെറിയ പ്രായത്തിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ അത്ര വലുതാണ്. അതുകൊണ്ട് മെറിറ്റ് അധികമാണ്. എന്തായാലും വാർത്തകൾ വരുന്നത് ഗോകുലം ഗോപാലന്റെ സ്ഥലങ്ങളിൽ ഇഡി റെയ്ഡ് ചെയ്തു ഒന്നരക്കോടി പിടിച്ചെടുത്തു, പൃഥ്വിരാജിന് ഇൻകം ടാക്സ് നോട്ടീസ് കൊടുത്തു, ആന്റണി പെരുമ്പാവൂരിന് നോട്ടീസ് കൊടുത്തുവെന്നാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്തത് 5422 കേസുകളാണെന്നും അതിൽ 23 ആൾക്കാർ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. അതായത് പലപ്പോഴും ഇഡിയായാലും ഐടി വകുപ്പായാലും ഹരാസ്മെന്റിന്റെ ടൂളായി ഉപയോഗപ്പെടുന്നുവെന്നത് സത്യമാണ്. എല്ലാ കാലത്തും അന്വേഷണ ഏജൻസികൾ പരസ്പരം ഉപദ്രവിച്ചിട്ടുണ്ട്. ചിദംബരം ധനമന്ത്രിയായിരിക്കെ അമിത് ഷായെ നൂറ് ദിവസം ജയിലിൽ പിടിച്ച് ഇട്ടിട്ടുണ്ട്. അമിത് ഷാ ആഭ്യന്തര മന്ത്രിയായപ്പോൾ ചിദംബരത്തെ 106 ദിവസം ജയിലിൽ ഇട്ടു. ഇതൊക്കെ ഇത്രയേ ഉള്ളൂ. ഒരുപരിധിക്കപ്പുറം നമ്മൾ ഒരു പാർട്ടിക്ക് വേണ്ടി ജീവൻ കളയേണ്ട കാര്യമില്ല.
ഇനി ഇഡിയെ ഒക്കെ പൃഥ്വിരാജിനും ഗോകുലം ഗോപാലനും ആന്റണി പെരുമ്പാവൂരിനുമൊക്കെ എതിരെ ഉപയോഗിക്കുമ്പോൾ അതിലൊരു അനൗചിത്യമുണ്ട്. സാധാരണ ജനങ്ങൾക്ക് അത് അരോചകമായി തോന്നുമെന്ന് ഇത് ഉപയോഗിക്കുന്നവരും തിരിച്ചറിയണം. ഇഡിയും ഐടി ഡിപ്പാർട്ട്മെന്റും ഇവരെ മൂന്ന് പേരേയും പേടിപ്പിച്ചെന്ന് പറഞ്ഞ് ബിജെപിക്കാർ സന്തോഷിക്കുന്നുണ്ടാകും. ഗോകുലം ഗോപാലനിൽ നിന്ന് ഒന്നരക്കോടി പിടിച്ചത് കൊണ്ട് ഇഡിക്കൊരു സന്തോഷം കാണും. ഇതിനൊക്കെ അപ്പുറം ഈ സംഭവത്തിനൊരു പ്രസക്തിയില്ലെന്ന് സാധാരണക്കാരന് മനസിലാകും', രാഹുൽ ഈശ്വർ പറഞ്ഞു.
അതേസമയം താൻ കഴിഞ്ഞ ദിവസം വീണ്ടും എമ്പുരാൻ കണ്ടതിനെ കുറിച്ചും രാഹുൽ ഈശ്വർ പങ്കുവെച്ചു. സീനുകളൊന്നും എഡിറ്റ് ചെയ്യാത്ത സിനിമ തന്നെയാണ് കണ്ടതെന്നും ഒന്നും കട്ട് ചെയ്തിട്ടില്ലെന്നും രാഹുൽ പറഞ്ഞു. 'വില്ലന്റെ പേരടക്കം മാറ്റിയിട്ടില്ല. എൻഐഎയുടെ ലോഗോ ഉണ്ട്. ഇനി എഡിറ്റ് ചെയ്ത ഭാഗം ബാംഗ്ലൂർ വരാത്തതാണോ അറിയില്ല. ഇനി പ്ലാൻ ചെയ്തത് നടന്നതാണോയെന്നാണ് സംശയം', രാഹുൽ പരഞ്ഞു.












Click it and Unblock the Notifications