രേഷ്മ തങ്കച്ചനെന്ന് മാത്രമേ വിളിക്കൂ; മറുപടിയുമായി രേണു; 'യുവതലമുറ രേണു സുധിയെ കണ്ടുപഠിക്കണം'
രേണു സുധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ തന്നെ രേണുവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിരവധി കമന്റുകളും കാണാന്‍ സാധിക്കും. ബോഡി ഷെയിമിങ് മുതല്‍ രേണുവിന്റെ വിവാഹ ബന്ധങ്ങള്‍ വരെ ഇക്കൂട്ടർ വലിയ തോതില്‍ പ്രചരിപ്പിക്കുന്നു. മറ്റൊന്നും രേണുവിന്റെ യഥാർത്ഥ പേര് രേഷ്മ തങ്കച്ചന്‍ ആണെന്നും ഇനി അത് മാത്രമേ വിളിക്കൂ എന്നും പറയുന്നുവരുണ്ട്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങള്‍ക്ക് രേണു തന്നെ ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
'രേണു സുധി.. നീയൊക്കെ എത്ര പറഞ്ഞാലും 1000000000000000000000 വട്ടം ഇനിയും പറയും രേണു സുധി, രേണു സുധി എന്ന്' എന്നാണ് രേണു സുധി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ കുറിച്ച് വിഷ്ണു ബുദ്ധന്‍ എന്നയാള്‍ എഴുതിയ ഒരു കുറിപ്പും രേണു തന്റെ സ്റ്റോറിയിലൂടെ പങ്കുവെക്കുന്നുണ്ട്.

ഭർത്താവ് മരിച്ചിട്ടും കണ്ണീരിന്റെ അടിമയാവാതെ കരുത്തിന്റെ ഭാഷയായി മാറിയ രേണു സുധിയെ ശരിക്കും യുവതലമുറ കണ്ട് പഠിക്കേണ്ടത് തന്നെയാണെന്നാണ് ഇതിനോടകം ശ്രദ്ധേയമായി മാറി കഴിഞ്ഞ ആ കുറിപ്പില്‍ പറയുന്നത്. രേണു സുധിയുടെ വ്യക്തിപരമായ താൽപര്യങ്ങളും സ്വതന്ത്ര്യത്തെയും ഇല്ലാതാക്കാൻ പാട്രിയാർക്കികൊണ്ട് നടക്കുന്നവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
നിങ്ങളുടെ അമ്മ നിങ്ങൾക്ക് മാലാഖയാണോ?. നിങ്ങളുടെ പെങ്ങൾ, കൂട്ടുകാരി, ടീച്ചർ, കാമുകി ഇവരെല്ലാം നിങ്ങൾക്ക് മാലാഖയാണോ അല്ലങ്കിൽ നിങ്ങൾ അവരെ മാലാഖമാരായാണോ കാണുന്നത്?.
ആണെങ്കിൽ അതിലൊരു പ്രശനമുണ്ട്. ഇതിനെ മാലാഖവത്കരണം അഥവാ ഐഡിയലൈസേഷനെന്ന് വിളിക്കും. ഒരാളെ മാനുഷികതയില്ലാത്ത വിധം അത്യന്തര ശുദ്ധിയിലേക്കും ത്യാഗത്തിലേക്കും ഉയർത്തി കാണിക്കുന്നതിനെയാണ് ടോക്സിക്ക് ഐഡിയലൈസേഷനെന്ന് പറയുന്നത്. ടോക്സിക്ക് ഐഡിയലൈസേഷന്റെ റിയൽ ലൈഫ് ഉദാഹരണങ്ങളാണ് നമ്മുടെ അമ്മമാരെ മാലാഖവത്കരിക്കുന്നത്. മാലാഖ ഐഡിയലൈസേഷനിൽ അമ്മ എല്ലായ്പ്പോഴും ത്യാഗവതി ആയിരിക്കണം. അതേപോലെ മനസിൽ ദുഖമൊന്നുമില്ലാത്തവളും കൂടിയാവണം.
ഭർത്താവ് അടിച്ചാൽ അത് സഹിച്ച് നിൽക്കണം. ചിലതൊക്കെ കണ്ടില്ല കേട്ടില്ലെന്ന് നടിക്കണം. കുടുംബത്തിന്റെ വിളക്കാകണം. കാമുകിയാകട്ടെ അവൾ അകമഴിഞ്ഞ് കാത്തുനിൽക്കുന്നവളും നേഴ്സ് പരിചരണത്തിന്റെയും ദയയുടെയും വ്യക്തിത്വമാവണം. ഇവരൊന്നും ദേഷ്യപ്പെടാനും പാടില്ല. ഇനി വിധവകളുടെ കാര്യം എടുത്ത് നോക്കാം വിധവകളെപ്പോഴും ദുഖത്തിൽ മുങ്ങിയ ഒരാളായിരിക്കണമെന്നാണ് പൊതുസമൂഹത്തിന്റെ ധാരണ.
അവർ പുതിയ ബന്ധങ്ങൾ തുടങ്ങുമ്പോൾ അതൊരു മോശം ചിന്താഗതിയാണെന്നുമാണ് പറഞ്ഞ് വെയ്ക്കുന്നത്. നമ്മുടെ സംസ്കാരത്തിൽ ഐഡിയലൈസേഷൻ സ്ത്രീകൾക്ക് ചാർത്തി കൊടുക്കുമ്പോൾ സ്ത്രീകളെ ബഹുമാനിക്കുന്ന ഒരു സമൂഹമാണ് നമ്മുടേതെന്ന് തോന്നുമെങ്കിലും ഇത് സ്ത്രീകളെ ഒരു ടൈപ്പായി നിർണ്ണയിക്കുകയാണ്. ഇവിടെ അമ്മയോ കാമുകിയോ വിധവകളോ എന്ന പേരിൽ വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുന്നു. ഫീലിങ്സ് ഇല്ലാത്ത മെഷീൻസിനെപ്പോലെ.
സ്ത്രീകൾക്ക് മാനുഷികമായ തെറ്റുകൾ ചെയ്യാൻ പോലും ഇതിലൂടെ അവകാശം നൽകുന്നില്ല. ഒരു സ്ത്രീയുടെ ഭർത്താവ് മരിച്ചാൽ ആ സ്ത്രീക്ക് വീണ്ടും ജീവനോടെ ജീവിക്കാൻ ഉള്ള അവകാശം ഇതിലൂടെ നിഷേധിക്കപ്പെടുന്നു. സ്ത്രീയുടെ ജീവിതം ഭർത്താവിന്റെ തോളിൽ മാത്രം വരെയെന്ന് ചിന്തിപ്പിക്കുന്ന, ഭർത്താവ് മരിച്ചാൽ അവൾക്ക് ഇനി ജീവിതം വേണ്ടെന്നുറച്ചതിന് തുല്യമാക്കിക്കുന്ന ഈ ഐഡിയലൈസേഷനുകൾ വരുന്നത് പാട്രിയാർക്കി വഴിയാണ്.
സത്യത്തിൽ വിധവകളെ ഓട്ടോമാറ്റിക്കായി വിശുദ്ധതയുടെ പ്രതീകമാക്കുന്ന പാട്രിയാർക്കിയുടെ പരിപാടി രേണു സുധിയുടെ കാര്യത്തിൽ ഏറ്റില്ലെന്ന് വേണം പറയാൻ. ഇതുവരെ കണ്ട വിധവ സങ്കൽപങ്ങളെയെല്ലാം രേണു സുധി പൊളിച്ചടുക്കുകയായിരുന്നു. രേണു സുധിയുടെ വ്യക്തിപരമായ താൽപര്യങ്ങളും സ്വതന്ത്ര്യത്തെയും ഇല്ലാതാക്കാൻ പാട്രിയാർക്കികൊണ്ട് നടക്കുന്നവർക്ക് കഴിഞ്ഞില്ല. അതിന്റെ രോഷ പ്രകടനങ്ങളാണ് രേണു സുധിയുടെ ചിത്രത്തിന്റെ അടിയിൽ വന്ന് തെറി വിളിച്ചും പരിഹസിച്ചും തീർക്കുന്നത്.
വിധവയായ സ്ത്രീയേയും യഥാർത്ഥ മനുഷ്യനെന്ന നിലയിൽ സ്വന്തം ഇഷ്ടങ്ങളും ആത്മാർത്ഥതകളുമുള്ള ഒരാളാണെന്ന് മനസിലാക്കണം. അവരുടെ ജീവിതം അവരുടേതാണ്. അതിന് പുതിയ തുടക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മനസിലാക്കണം. വിധവ എന്നത് ഒരു അവസ്ഥയാണ്. വ്യക്തിത്വം അല്ല വിധവയെ ശുദ്ധിയുടേയും ദുഖത്തിന്റേയും ഉരുപ്പടിയായി മാത്രം കാണുന്നത് സ്ത്രീയുടെ ആത്മീയവും ശാരീരികവുമായ സ്വാതന്ത്ര്യത്തെ ദോഷകരമായി നിരാകരിക്കുന്ന സാമൂഹിക ജാതി മാന്യതയാണ്.
സത്യത്തിൽ വിധവ എന്ന വാക്കുപോലും സ്ത്രീകളുടെ ഫ്രീ പേഴ്സണാലിറ്റിയെ ഇല്ലാതാകുന്ന ഒന്നാണ്. പുരുഷന്റെ സംരക്ഷണം അവളുടെ പ്രധാനപ്പെട്ട തിരിച്ചറിയലായി മാറ്റുന്ന ഒരു വാക്ക് കൂടിയാണത്. അത് മാത്രമല്ല നമ്മുടെ സമൂഹത്തിൽ സ്ത്രീകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന പല ആശയങ്ങളുടെ പ്രവർത്തനത്തിന്റെ ഒരു ഭാഗവും കൂടിയാണ് വിധവ എന്ന വാക്ക്. അതുകൊണ്ടാണ് ഭാര്യ മരിച്ച പുരുഷന്മാരെ വിധവൻ എന്ന് വിളിക്കാത്തത്. കണ്ണീരിന്റെ അടിമയാവാതെ കരുത്തിന്റെ ഭാഷയായി മാറിയ രേണു സുധിയെ ശരിക്കും യുവതലമുറ കണ്ട് പഠിക്കേണ്ടത് തന്നെയാണ്.












Click it and Unblock the Notifications