മോഹൻലാൽ പറഞ്ഞു, അയാളെ നടുറോഡിൽ തന്നെ ഇട്ടിട്ട് പോയാൽ മതിയായിരുന്നുവെന്ന്',രസകരമായ സംഭവം പറഞ്ഞ് ശാന്തിവിള
മോഹൻലാലിന് ഒപ്പമുള്ള ഒരു കാർ യാത്രയെ കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് പങ്കിട്ട രസകരമായ ഒരു സംഭവത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. സൂപ്പർ സ്റ്റാറായി മോഹൻലാൽ വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് നടന്ന സംഭവമാണിതെന്നും മോഹൻലാലിനെ പോലും ഞെട്ടിച്ചൊരു അനുഭവമായിരുന്നു അതെന്നും ശാന്തിവിള പറയുന്നു. അദ്ദേഹം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വാക്കുകൾ ഇങ്ങനെ
'നന്നായി ചിരിക്കുകയും ചിരിപ്പിക്കുകയും കുണ്ടാമണ്ടിത്തരം കാണിക്കുകയും ചെയ്യുന്ന ആളാണ് മോഹൻലാൽ. ഈ കുസൃതി തന്നെയാണ് അദ്ദേഹത്തിന്റെ അസറ്റ്. സത്യൻ അന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ നിരവധി പടങ്ങൾ മലയാളികൾക്ക് ഓർത്ത് ചിരിക്കാനുള്ള വകയുള്ളതായിരുന്നു. ശ്രീനിവാസനും മോഹൻലാലും മനസ് കൊണ്ട് അകന്നതും പിന്നെയൊരു റീയൂണിയൻ സത്യൻ അന്തിക്കാട് മനസ് കൊണ്ട് വിചാരിച്ചിട്ട് പോലും നടക്കാത്തതും. ശ്രീനിവാസന്റെ അസുഖമൊക്കെ മലയാളികൾക്ക് വലിയ നഷ്ടമായിപ്പോയി.

മണ്ണിൽ ചവിട്ടി നിൽക്കുന്ന മനുഷ്യനാണ് സത്യേട്ടൻ. അതുകൊണ്ട് കൂടിയാണ് അദ്ദേഹത്തിന് മണ്ണിൽ ചവിട്ടി നിൽക്കാൻ കഴിയുന്നത്. സത്യേട്ടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞൊരു കഥയാണ് ഞാൻ പറയുന്നത്. മഴുവന്നൂർ എന്ന സ്ഥലത്ത് ഷൂട്ടിംഗ് നടക്കുന്ന സമയം. ഷൂട്ടിംഗ് കഴിഞ്ഞ രാത്രി മോഹൻലാലും ക്യാമറാമാൻ ആനന്ദക്കുട്ടനും സത്യേട്ടനും കൂടി എറണാകുളത്തെ ഒരു ഹോട്ടലിലേക്ക് മടങ്ങുകയാണ്. രാത്രി ഒരു മണിയായി. സുകുമാരക്കുറിപ്പിന്റെ സംഭവം നടന്ന സമയമാണത്. വിജനമായ വഴിയിലൂടെയാണ് പോകുന്നത്. അപ്പോൾ ദാ ഒരാൾ കൈകാണിക്കുന്നത്. നിർത്തേണ്ടെന്ന് സത്യേട്ടൻ പറഞ്ഞുയ പക്ഷെ മോഹൻലാലിന് നിർബന്ധം, അയാളെ കേറ്റാം, വാഹനമൊന്നും ഇല്ലാത്തതല്ലേയെന്ന്. അങ്ങനെ വാഹനം നിർത്തി.
അയാൾ പറഞ്ഞു, എനിക്ക് എറണാകുളം പോകണമെന്ന്. അങ്ങനെ വണ്ടി വീണ്ടും എടുത്തു, ഇതിനിടയിൽ മോഹൻലാൽ തമാശയായി സത്യേട്ടന്റെ ചെവിയിൽ പറഞ്ഞു, പേര് ഉണ്ടായത് കൊണ്ട് മാത്രം ആയില്ല, കുറച്ച് സൻമനസ് കൂടി വേണമെന്ന്. പക്ഷെ സത്യേട്ടൻ അതിന് മറുപടി നൽകിയില്ല. പാതിരാത്രി ആയതുകൊണ്ട് ഉറങ്ങാതിരിക്കാൻ മോഹൻലാൽ അദ്ദേഹത്തോട് സംസാരിച്ച് തുടങ്ങി. അയാളോട് ചോദിച്ചു എവിടെ പോകുകയാണ് , ജോലി എന്താണ് എന്നൊക്കെ ചോദിച്ചു. കോതമംഗലത്തേക്കാണ്, എഎഫ്എസിടിയിലാണെന്ന് അയാൾ പറഞ്ഞു. തന്റെ അമ്മാവൻ രാധാകൃഷ്ണൻ അവിടെയാണെന്ന് മോഹൻലാൽ പറഞ്ഞു. ഇതോടെ രാധാകൃഷ്ണന്റെ അനന്തരവനാണോയെന്നായി അദ്ദേഹം.
അദ്ദേഹത്തിന് രാധാകൃഷ്ണനെ അറിയാം. ഉടൻ ചോദ്യം നിങ്ങൾ തിരുവനന്തപുരത്ത് മൊടകൻമുകളിലല്ലേ താമസം, വിശ്വനാഥൻ നായർ ഇപ്പോഴും സർവ്വീസിൽ ഇല്ലേയെന്ന്. വിശ്വനാഥൻ നായർ മോഹൻലാലിന്റെ അച്ഛനാണ്. ശാന്തകുമാരി എന്നല്ലേ അമ്മയുടെ പേര്, നിങ്ങൾ മൂത്തതോ ഇളയതോ എന്നായി അടുത്ത ചോദ്യം. താൻ ഇളയതാണെന്ന് മോഹൻലാൽ പറഞ്ഞു. കാറിൽ കയറിയ വ്യക്തി മോഹൻലാലിന്റെ സകല കുടുംബ വിവരങ്ങളും പറയുന്നുണ്ട്. ഇതിനിടയിൽ കാറിലെ എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് അദ്ദേഹം ചോദിച്ചു അല്ല താൻ ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന്. മോഹൻലാൽ സൂപ്പർ താരമായി വളരുന്ന കാലത്താണ്.
മോഹൻലാലിന് ആ ചോദ്യം ഉൾക്കൊള്ളാൻ കഴിയാത്ത പോലെ മോഹൻലാൽ എന്താണെന്ന് ചോദിച്ചു, ചോദ്യം അയാൾ ആവർത്തിച്ചു. അതുവരെ 52 സിനിമകൾ ചെയ്തിട്ടുണ്ട് മോഹൻലാൽ, അപ്പോഴാണ് ചോദ്യം. മറുപടി വരാതെ ആയപ്പോൾ അയാൾ ചോദിച്ചു, ജോലി ഒന്നും ആയില്ലല്ലേ, പഠിക്കുകയാണോന്ന്, മോഹൻലാൽ ഒന്നും പറഞ്ഞില്ല, അങ്ങനെ ലാൽ ഇതിനൊന്നും ഉത്തരം പറയാനാകില്ലെന്ന മട്ടിൽ ഉറങ്ങി. വാഹനം എറണാകുളത്ത് എത്തി, മോഹൻലാലിനെ എഴുന്നേൽപ്പിക്കാതെ അദ്ദേഹം ആനന്ദകുട്ടനോടും സത്യേട്ടനും യാത്ര പറഞ്ഞ് മടങ്ങി. ഇതിന് ശേഷം കണ്ണ് തുറന്ന് ലാൽ പറഞ്ഞു, നാശം അയാളെ നടുറോഡിൽ തന്നെ ഇട്ടിട്ട് പോയാൽ മതിയായിരുന്നുവെന്ന്'












Click it and Unblock the Notifications