'എത്രയെത്ര കെഎസ് ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നു, പരമകഷ്‌ടം'; വിമർശിച്ച് സൂരജ് സന്തോഷ്
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാദിനമായ ജനുവരി 22ന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന ഗായിക കെഎസ് ചിത്രയുടെ ആഹ്വാനത്തിൽ വിവാദം കനക്കുന്നു. ഏറ്റവും ഒടുവിൽ ചിത്രക്കെതിരെ രൂക്ഷവിമർശനവുമായി ഗായകൻ സൂരജ് സന്തോഷാണ് രംഗത്തെത്തിയത്. പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത മറക്കുന്നുവെന്നും എത്രയെത്ര കെഎസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നുവെന്നും സൂരജ് പറഞ്ഞു.
തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു ഗായകന്റെ രൂക്ഷവിമർശനം. നേരത്തെയും സമാനമായി വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ തയ്യാറായിട്ടുള്ള ആളാണ് സൂരജ്. "ഹൈലൈറ്റ് എന്താണെന്ന് വച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്‌തുത സൈഡിലേയ്ക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്‌ത സുഖിനോ ഭവന്തുവെന്നൊക്കെ പറയുന്ന ആ നിഷ്‌കളങ്കതയാണ്." സൂരജ് തന്റെ പോസ്‌റ്റിൽ പറയുന്നു.

"വിഗ്രഹങ്ങൾ ഇനിയെത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെഎസ് ചിത്രമാർ തനിസ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്‌ടം, പരമകഷ്‌ടം" എന്നായിരുന്നു സൂരജ് തന്റെ ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയിൽ കുറിച്ചത്. രാമക്ഷേത്ര ഉദ്‌ഘാടനത്തിന് കേവലം ഒരാഴ്‌ച മാത്രം ശേഷിക്കെയാണ് കേരളത്തിൽ ഇത്തരത്തിൽ ഒരു വിവാദം ഉണ്ടായിരിക്കുന്നത്.
നേരത്തെ ചിത്രയുടെ വീഡിയോ ഒരു തമിഴ് മാധ്യമമാണ് പങ്കുവെച്ചത്. അയോധ്യയിൽ പ്രതിഷ്‌ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം. അത് പോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, എന്നായിരുന്നു ചിത്ര പറയുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്നുള്ള അക്ഷതം കെഎസ് ചിത്ര സ്വീകരിച്ചിരുന്നു. രാഷ്ട്രീയ സ്വയം സേവക് സംഘം എറണാകുളം വിഭാഗ് സഹകാര്യവാഹ് രാജേഷാണ് വീട്ടിലേക്ക് എത്തി ചിത്രയ്ക്ക് അക്ഷതം നൽകിയത്. കൂടാതെ ലഘു ലേഖയും ക്ഷണ പത്രവും ഇവർ ചിത്രയ്ക്ക് കൈമാറിയിരുന്നു.
നേരത്തെ നടൻ മോഹൻലാൽ, മന്ത്രി കെബി ഗണേഷ് കുമാർ, ദിലീപ്, കാവ്യാമാധവൻ, ഉണ്ണി മുകുന്ദൻ, ശ്രീനിവാസൻ തുടങ്ങി ചലച്ചിത്ര മേഖലയിലെ പ്രമുഖർ അയോധ്യയിൽ നിന്നുള്ള അക്ഷതം ഏറ്റുവാങ്ങിയിരുന്നു.












Click it and Unblock the Notifications