'രണ്ട് മൂന്ന് ജോലികളൊക്കെ രേണുവിന് ശരിയാക്കിക്കൊടുത്തിരുന്നു, പക്ഷേ അവർ തന്നെ പിന്മാറുകയായിരുന്നു': അനൂപ് ജോൺ
മിമിക്രി താരമായ കൊല്ലം സുധിക്ക് കൂടുതൽ ആരാധകരെ ലഭിച്ചത് സ്റ്റാർ മാജിക്കിലൂടെയായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്ന വഴിക്ക് കാർ അപകടത്തിൽപ്പെട്ട് മരണപ്പെടുകയായിരുന്നു. സുധിയുടെ മരണത്തിന് ശേഷം സുധിയുടെ ഭാര്യ മോഡലിംഗിലേക്കും അഭിനയത്തിലേക്കും കടന്നിരുന്നു. എന്നാൽ രേണുവിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
രേണു പങ്കുവെയ്ക്കുന്ന വീഡിയോയ്ക്ക് താഴെ മോശപ്പെട്ട കമന്റുകൾ വരാറുമുണ്ട്. ഇപ്പോൾ രേണുവിനെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിക്കുകയാണ് സ്റ്റാർ മാജിക്കിന്റെ ൽോ ഡയറക്ടർ ആയിരുന്ന അനൂപ് ജോൺ. രേണു ചെയ്യുന്നത് അവരുടെ തൊഴിലാണെന്നും നമുക്ക് ആളുകളെ വിമർശിക്കാൻ അവകാശമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂവെന്നും എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ലെന്നും അനൂപ് പറഞ്ഞു.

സുധിച്ചേട്ടൻ ആ ഷോയിൽ ഉണ്ടായിരുന്ന സമയത്ത് പോലും അത്രയും ആരാധകർ സുധിച്ചേട്ടന് ഉണ്ടായിരുന്നില്ല. ഷോ പോയ സമയത്ത് എന്തിനാണ് സുധിച്ചേട്ടനെ ഇതിനകത്ത് കൊണ്ടുവന്നത് എന്ന് പറയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
പക്ഷേ സുധിച്ചേട്ടന്റെ ഇന്നസെൻസായിരുന്നു എല്ലാവരും ഇഷ്ടപ്പെട്ടിരുന്നത്. സുധിച്ചേട്ടൻ ചുമ്മാ ചിരിച്ചാൽ മതി ആ ഇന്നസെൻസ് കാണാൻ ഒരുപാട് പേരുണ്ടായിരുന്നു. ആ സമയത്ത് ചീത്ത വിളിക്കുന്നവരും ഉണ്ടായിരുന്നു. സുധിച്ചേട്ടൻ മരിച്ചതിന് ശേഷമാണ് ഞങ്ങൾ തന്നെ മനസ്സിലാക്കിയത്.
അത്രയധികം ഫാൻസ് സുധിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ ഉണ്ടായിരുന്നെങ്കിൽ സുധിച്ചേട്ടൻ വേറെ ലെവലിൽ എത്തിയേനെ, അനൂപ് പറഞ്ഞു.
' അവർ അവരുടെ രീതിയിൽ ജീവിക്കട്ടെ, നമുക്ക് ആരുടെ ലൈഫിലോ കരിയറിലോ കയറി ഇടപെടാനോ അതിനകത്ത് കയറി അഭിപ്രായം പറയേണ്ട ആവശ്യമുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. അവർക്ക് ജീവിക്കണം. ജീവിക്കണമെങ്കിൽ പൈസ വേണം.
നമ്മൾ പലയിടത്ത് നിന്നും രണ്ട് മൂന്ന് ജോലികളൊക്കെ സെറ്റാക്കി കൊടുത്തിരുന്നു. പക്ഷേ അതിന് ഫിറ്റല്ലെന്ന് പറഞ്ഞ് അവർ തന്നെ പിന്മാറുകയായിരുന്നു. പിന്നീട് ഈ ഫീൽഡിലേക്ക് പോവുകയായിരുന്നു. സുധിച്ചേട്ടൻ മരിച്ച സമയത്ത് തന്നെ ജോലി കൊടുക്കാൻ നോക്കിയിരുന്നു.
സർക്കാർ ജോലി തന്നെ കൊടുക്കാനുള്ള നീക്കമൊക്കെ ഉണ്ടായിരുന്നു. അത് എവിടെയെത്തിയെന്ന് അറിയില്ല. അവരുടെ തൊഴിലാണ്. നമുക്ക് ആളുകളെ വിമർശിക്കാൻ അധികാരമില്ല, അഭിപ്രായം പറയാമെന്നേയുള്ളൂ. എന്തിനാണ് ഇത്ര വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് അറിയില്ല, അനൂപ് പറഞ്ഞു.












Click it and Unblock the Notifications