റോഷാക്കിലെ 'ലൂക്ക് ആന്റണി' 'ജെയിംസി'ന് മുന്നിൽ വീണതിന് കാരണമുണ്ട്; ജൂറി പറയുന്നു
കൊച്ചി: മികച്ച നടനുള്ള പുരസ്കാരത്തിനായി നടൻ കുഞ്ചാക്കോ ബോബനും മമ്മൂട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം എന്നായിരുന്നു അവസാന നിമിഷം വരേയും വാർത്തകൾ. ഒടുവിൽ പ്രേക്ഷകരെ ഒട്ടും ഞെട്ടിക്കാതെ തന്നെ ആ പ്രഖ്യാപനം മന്ത്രി നടത്തി. ഈ വർഷത്തെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക്. ഇത് ആറാം തവണയാണ് മമ്മൂട്ടിക്ക് സംസ്ഥാന പുരസ്കാരം ലഭിക്കുന്നത്. 'നൻപകൽ നേരത്ത് മയക്കം' എന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിലെ അഭിനയ മികവിനാണ് അദ്ദേഹം പുരസ്കാരത്തിന് അർഹനായത്.
കഴിഞ്ഞ വർഷം മമ്മൂട്ടിയുടേതായി നാല് ചിത്രങ്ങളായിരുന്നു റിലീസായത്. ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്ത് മയക്കം, അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവം, രതീന പിടി സംവിധാനം ചെയ്ത പുഴു, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് . നാല് ചിത്രങ്ങളിലും ഒന്നിനൊന്ന് വേറിട്ട കഥാപാത്രങ്ങളായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടി എന്ന നടനെ കൂടുതലായി ഉപയോഗപ്പെടുത്തിയ ചിത്രങ്ങൾ കൂടിയാണ് ഇവയെന്ന് എടുത്ത് പറയേണ്ടി വരും.

മമ്മൂട്ടിയെ പരിഗണിക്കുകയാണെങ്കിൽ അത് തീർച്ചയായും നൻപകൽ നേരത്തെ മയക്കത്തിലെ അഭിനയ മികവിന് തന്നെയായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് യാതൊരു സംശയവുമില്ലായിരുന്നു. കാരണം ഒരിക്കൽ പോലും കാണാത്തൊരു 'മമ്മൂട്ടി' ആയിരുന്നു നൻപകലിൽ പ്രേക്ഷകർ കണ്ടത്.
ജൂറിയുടെ മനസിലും വ്യത്യസ്താമായൊരു ചിന്ത ഉണ്ടായതേ ഇല്ലെന്നാണ് മമ്മൂട്ടിയുടെ പ്രകടനത്തെ വിലയിരുത്തിയുള്ള ജൂറി പരാമർശവും വ്യക്തമാക്കുന്നത്. ഗൗതം ഘോഷ് ചെയര്‍മാനായ സംസ്ഥാന അവാർഡ് മമ്മൂട്ടിയുടെ പ്രകടനത്തെകുറിച്ച് റിപ്പോർട്ടിൽ പ്രതിപാദിച്ചത് ഇങ്ങനെയായിരുന്നു
'മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഭാവാവിഷ്കാര മികവ്. തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ട് മനുഷ്യരുടെ ദ്വന്ദ്വഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയില്‍ പകര്‍ന്നാടിയ അഭിനയമികവ്. ജെയിംസ് എന്ന മലയാളിയില്‍ നിന്നും സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ട് ദേശങ്ങള്‍, രണ്ട് ഭാഷകള്‍, രണ്ട് സംസ്കാരങ്ങള്‍ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച പ്രതിഭ', ജൂറി പറയുന്നു.
വേളാങ്കണ്ണിയിൽ നിന്ന് മടങ്ങിവരുന്ന യാത്രാ സംഘം ഉച്ചഭക്ഷണത്തിന് ശേഷം വണ്ടിയിൽ കിടന്ന് മയങ്ങുകയും അതിനിടയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ജെയിംസ് വണ്ടി നിർത്തി തമിഴ്‌നാട്ടിലെ ഒരിടത്ത് ഇറങ്ങുകയാണ്. തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമ പറയുന്നത്. ആ ഉറക്കത്തിനിടയിൽ സംഭവിക്കുന്ന പരകായ പ്രവേശമാണ് മ്മൂട്ടിക്ക് അവാർഡ് വാങ്ങിക്കൊടുത്തത്. വളരെ അനായാസമായാണ് അദ്ദേഹം കഥാപാത്രം കൈകാര്യം ചെയ്തതെന്നാണ് സംവിധായകനായ ലിജോ ജോസ് പെല്ലിശേരി പറഞ്ഞത്. മുതിർന്ന നടനെന്ന നിലയിൽ അദ്ദേഹത്തിന് ആ കഥാപാത്രം വളരെ എളുപ്പമായിരുന്നുവെന്നും ലിജോ പറയുന്നു.
ബാലതാരമായി എന്തുകൊണ്ട് തൻമയ സോൾ?
ഇത്തവണത്തെ ബാലതാരത്തിനുള്ള പുരസ്കാര പ്രഖ്യാപനം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്. വഴക്ക് എന്ന ചിത്രത്തിലെ അഭിനയ മികവിന് തൻമയ സോളിനായിരുന്നു ഇത്തവണ പുരസ്കാരം ലഭിച്ചത്. എന്നാൽ മാളികപ്പുറം എന്ന ചിത്രത്തിലെ പ്രകടനത്തിന് കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയെ കൂടി പരിഗണിക്കാമായിരുന്നു എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം അവസാന റൗണ്ട് വരെ തൻമയയ്ക്കൊപ്പം ദേവനന്ദയും മത്സരിച്ചിരുന്നുവെന്നാണ് ജൂറി വ്യക്തമാക്കന്നത്. എന്നാൽ അരക്ഷിതവും സംഘര്‍ഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ദൈന്യതയും നിസ്സഹായതും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് തൻമയ പുരസ്കാരത്തിന് അർഹയായതെന്നും ജൂറി വ്യക്തമാക്കുന്നു.












Click it and Unblock the Notifications