'അങ്ങനെ മുദ്രക്കുത്തപ്പെട്ടു, കോമാളിയായി എന്ന് തോന്നിയപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നി': അന്ന് കല്പന പറഞ്ഞത്
മലയാള സിനിമ കണ്ട മികച്ച നടിമാരിൽ ഒരാളാണ് കല്പന. കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കല്പന തന്റെ അഭിനയ മികവിലൂടെ പ്രേക്ഷകരെ കണ്ണീരണിയിക്കുകയും ചെയ്തിട്ടുണ്ട്. 2016 ൽ ആയിരുന്നു കല്പന ലോകത്തോട് വിടപറഞ്ഞ് പോയത്. കല്പന ഒഴിച്ചിട്ട സ്ഥാനം ഇന്നും മലയാള സിനിമയിൽ നികത്താനാകാതെ കിടക്കുന്നു.
കല്പന തന്റെ അഭിനയ മികവ് കാഴ്ച വെച്ച സിനിമയായിരുന്നു തനിച്ചല്ല ഞാൻ എന്ന സിനിമ. തനിച്ചല്ല ഞാൻ എന്ന സിനിമയിലെ വേഷം തേടിവന്നപ്പോൾ തന്റെ സഹോദരിയും നടിയുമായി ഉർവശി ചെയ്യട്ടേ എന്നാണ് കല്പന പറഞ്ഞത്. എന്നാൽ കല്പനയുടെ കൈകളിൽ ആ വേഷം ഭദ്രമായിരുന്നു.

ഇപ്പോൾ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സഹോദരിമാരെക്കുറിച്ചുമൊക്കെ കല്പന പറഞ്ഞ പഴയ ഇന്റർവ്യൂ ആണ് വൈറൽ ആയിരിക്കുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് കല്പ ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്തുകൊണ്ടാണ് തനിച്ചല്ല ഞാൻ എന്ന സിനിമയിലെ വേഷം തേടിവന്നപ്പോൾ ഉർവശിയെ ശുപാർശ ചെയ്തത് എന്ന ചോദ്യത്തിന് കല്പന മറുപടി പറയുന്നുണ്ട്. തിരുവല്ല ബാബു എന്നെ വിളിച്ച് ഇത് സിനിമയാക്കിയാലോ എന്ന് ചോദിച്ചു, അതിനെന്താ ആര് ചെയ്യും റസിയ എന്ന് ചോദിച്ചു, ഞാൻ പറഞ്ഞു ഉർവശി ചെയ്യുമെന്ന്, അപ്പോൾ അദ്ദേഹം പറഞ്ഞു അതെന്താ കല്പനയ്ക്ക് ചെയ്തൂടെ എന്ന് ചോദിച്ചു. ഞാൻ അത് ചെയ്താൽ അത് ഡിസ്ട്രിബൂഷൻ ആവാൻ പാടാണ്, ഇവർക്ക് പണവും കിട്ടണമല്ലോ, അത് കൊണ്ടാണ് ഞാൻ ഉർവശിയെ ശുപാർശ ചെയ്തത്.
അല്ലാതെ എന്റെ കോൺഫിഡൻസ് ഇല്ലായ്മല്ല. ഇങ്ങനെയൊരു നല്ല കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ അദ്ദേഹത്തിന് അത്തരം സൈഡ് കൂടി പറഞ്ഞുകൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമായി തോന്നി കല്പന പറഞ്ഞു. ഉർവശിയെക്കാൾ മികച്ചതായി ആ റോൾ ചെയ്യാൻ കഴിഞ്ഞു എന്ന് തോന്നുവന്നുണ്ടോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞു. ഉർവശിയെക്കാൾ മികച്ചതായി തനിക്ക് തോന്നില്ല എന്നാണ് കല്പന പറഞ്ഞത്.
ഞാൻ അവളുടെ വലിയ ഫാനാണ്. മനുഷ്യന്റെ വെട്ടത്ത് വരാതെ, ഒരാൾ ഒരുവാക്ക് ചോദിച്ചാൽ കരയുന്ന കുട്ടിയായിരുന്നു, ആ അവളാണ്, വിസ്മയിപ്പിക്കുന്ന പ്രകടനമാണ് അവളുടെ കയ്യിലുള്ളത്. റസിയ അവളാണ് ചെയ്തിരുന്നതെങ്കിൽ ഏറ്റവും മികച്ച നടിക്കുള്ള അവാർഡായിരിക്കും അവൾ വാങ്ങിക്കുക, അല്ലാതെ സഹനടിക്കുള്ളതല്ല എന്നും അന്ന് കല്പന പറഞ്ഞിരുന്നു.
ബാലനടിയായി തുടങ്ങി, നായികയായി വളർന്ന് പിന്നീട് കോമഡി റോളുകളിൽ പതിഞ്ഞുപോയി, ഒരു കോമഡി ആർട്ടിസ്റ്റായി പച്ചകുത്തി എന്ന് തോന്നിയപ്പോൾ എന്തുതോന്നി എന്ന ചോദ്യത്തിനും കല്പന ഉത്തരം വ്യക്തമാക്കി ഒരുപാട് വിഷമം തോന്നി എന്നാണ് കല്പന പറയുന്നത്. താൻ നായിക ആവാൻ തന്നെയായിരുന്നു വന്നതെന്നും കല്പന പറയുന്നു.
''ഒരുപാട് വിഷമം തോന്നി, തിരിച്ചറിയുന്നതിന് മുൻപ് തന്നെ ഞാൻ നായിക ആവാൻ തന്നെ വന്നതാണ്, ഇന്ന് എന്നെ കാണാൻ കുറച്ച് കൊള്ളാമെന്ന് തോന്നുന്നു. ഞാൻ പെരുവണ്ണാപുരത്തിൽ വരുമ്പോൾ ഒട്ടും സഹിക്കാൻ പറ്റൂല, മത്തങ്ങ പോലത്തെ മുഖവും, നേരിട്ട് കാണുന്നത് പോലെയല്ല ഫ്രെയിമിൽ കാണുമ്പോൾ, അന്ന് കുറച്ച് വണ്ണമൊക്കെ ഉള്ള സമയമായിരുന്നു, ചെറുപ്പമായിരുന്നു.
വാഴ പോലത്തെ ശരീരം വെച്ച് അതിന്റെ കൂടെ ഈ കാണിക്കുന്ന ഗോഷ്ടിക്കൂടി കാണുമ്പോൾ കോമഡിയായി തോന്നിയതാവാം. അങ്ങനെ മുദ്രകുത്തപ്പെട്ടു, ഞാനൊരു ചാർലി ചാപ്ലിൻ ആയി, മറ്റുള്ളവരെ ചിരിപ്പിക്കുന്ന വസ്തുവായി, ഒരു കോമാളി ആയി എന്ന് തോന്നിയപ്പോൾ എനിക്ക് ഭയങ്കര വിഷമം തോന്നിയെന്നും കല്പന പറഞ്ഞു.












Click it and Unblock the Notifications