കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റിലെത്താന്‍ ഇനി 50 ശതമാനം അധിക ടെലഫോണ്‍ നിരക്ക്

  • By Super
Google Oneindia Malayalam News

ട്രായ് പ്രഖ്യാപിച്ച പുതുക്കിയ ടെലഫോണ്‍ നിരക്കുകളുടെ ഒരു ഫലം മാത്രമാണിത്.

വിവര വിനിമയ രംഗത്ത് ഇന്റര്‍നെറ്റിന്റെ സേവനം വലുതാണ്. ഈ ഫോണ്‍ നിരക്ക് വര്‍ദ്ധനയോടെ സാധാരണക്കാരനെ ഇന്റര്‍നെറ്റില്‍ നിന്ന് സര്‍ക്കാര്‍ ഒന്നുകൂടി അകറ്റിയിരിയ്ക്കുകയാണ്. ഇതുവരെ ഒരുമണിയ്ക്കൂര്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റ് കിട്ടാനായി ഫോണ്‍ നിരക്കായി 24 രൂപ കൊടുക്കേണ്ടിയിരുന്നു. ഇനി അത് 36 രൂപയായി കൂടുകയാണ്. ഈ വര്‍ദ്ധന 50 ശതമാനമാണെന്ന് ഓര്‍ക്കുക. ഇതിന് പുറമേ ഇന്റര്‍നെറ്റ് സേവന ദാതാവിന് നല്‍കേണ്ട തുകയുണ്ട്.

ഇന്റര്‍നെറ്റുമായി ബന്ധപ്പെടാനുള്ള നമ്പരുകള്‍ക്ക് പ്രത്യേ നിരക്കുകള്‍ പ്രഖ്യാപിയ്ക്കുമെന്ന് കുറേക്കാലം മുമ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ അതിനെക്കുറിച്ച് മൗനം പാലിയ്ക്കുകയാണ്. ഇന്ത്യയില്‍ ഏറെപ്പേരും ടെലഫോണ്‍ ലൈനുകള്‍ വഴിയാണ് ഇന്റര്‍നെറ്റിലെത്തുന്നത്. കേബിളും മറ്റ് സംവിധാനങ്ങളും ഇപ്പോളും വളരെ ശൈശവ ദശയില്‍ മാത്രമാണ്. ഇന്ത്യയിലെ സാമാന്യ ജനത്തെ വീണ്ടും ഇന്റര്‍നെറ്റില്‍ നിന്ന് അകറ്റാനേ ഇത് ഉപകരിയ്ക്കുകയുള്ളൂ.

ദിനം പ്രതി വിവരസാങ്കേതിക വിദ്യയെക്കുറിച്ചും അനായാസമായ വിവര വിനിമയത്തെക്കുറിച്ചും പ്രസംഗിയ്ക്കുന്ന നമ്മുടെ നേതാക്കള്‍ അതിനൊക്കെ വിരുദ്ധമായി ഒരു നടപടിയ്ക്ക് അനുമതി നല്‍കുന്നു.

ടെലഫോണ്‍ നിരക്കുകളില്‍ വന്‍ വര്‍ദ്ധനയാണ് ട്രായ് എന്ന ടെലഫോണ്‍ റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യ വരുത്തിയിരിയ്ക്കുന്നത്. വികസനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് രാവന്തിയോളം ആണയിടുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതിനെക്കുറിച്ച് യാതൊന്നും പറയാനില്ലേ. ഏതൊരു രാഷ്ട്രത്തിന്റേയും വികസനത്തിന് അത്യാവശ്യം വേണ്ടത് അനായാസമായ വിനിമയ സൗകര്യങ്ങളാണ്. അതില്‍ യാത്രാ സൗകര്യവും വിവര വിനിമയ സൗകര്യവും ഒക്കെ ഉള്‍പ്പെടും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രാദേശിക വിളികള്‍ക്ക് (ലോക്കല്‍ കാള്‍) സമയ പരിധി തന്നെ ഉണ്ടായിരുന്നില്ല. പിന്നിടാണ് മൂന്ന് മിനിട്ട് സമയ പരിധി ഉണ്ടായത്. ഇപ്പോള്‍ അത് രണ്ട് മിനിട്ടായി ചുരുങ്ങിയിരിയ്ക്കുന്നു. എന്നാണ് അത് ഒരുമിനിട്ടാവുന്നതെന്ന് നമുക്ക് കാത്തിരിയ്ക്കാം. അനായാസമായ വിവര വിനിമയത്തിനായി ഇന്ത്യയിലെ ഗ്രാമങ്ങള്‍ പോലും ടെലഫോണ്‍ ശൃംഖലയ്ക്ക് കീഴില്‍ കൊണ്ട് വന്നെന്ന് എല്ലാദിവസവും മാറിമാറി വരുന്ന വിനിമയ വകുപ്പ് മന്ത്രിമാര്‍ കൊട്ടിഘോഷിയ്ക്കാറുണ്ട്. എന്നാല്‍ ഈ രീതിയില്‍ ടെലഫോണ്‍ നിരക്ക് കൂട്ടിയാല്‍ ആ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് എങ്ങനെ അതിന്റെ പ്രയോജനം ലഭിയ്ക്കുമെന്ന് കൂടി ഇനി അവര്‍ വ്യക്തമാക്കേണ്ടിയിരിയ്ക്കുന്നു.

ട്രായ് ആണ് ഈ നിരക്ക് വര്‍ദ്ധനകള്‍ വരുത്തിയതെന്ന് പറഞ്ഞ് നമ്മെ ഭരിയ്ക്കുന്ന ജനപ്രതിനിധികള്‍ ഒഴിയാനായിരിയ്ക്കും ശ്രമിയ്ക്കുന്നത്. അങ്ങനെയാണെങ്കില്‍ നാം ആരെയും തിരഞ്ഞെടുത്ത് കേന്ദ്രത്തിലേയ്ക്ക് അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലൊ.

ഇത് കള്ളക്കളിയോ?

സെല്‍ ഫോണ്‍ കമ്പനികളും അടിസ്ഥാന ടെലഫോണ്‍ സൗകര്യം നല്‍കുന്ന സ്വകാര്യ കമ്പനികളും തമ്മില്‍ ഈയിടെ നടന്ന പോര് നിറുത്താന്‍ ട്രായും കേന്ദ്ര ടെലകമ്മ്യൂണിക്കേഷന്‍ മന്ത്രി പ്രമോദ് മഹാജനും ഈ രംഗത്തെ വിവിധ വ്യവസായികളുമായും ചര്‍ച്ച നടത്തിയിരുന്നു. അതിന് തൊട്ട് പിന്നാലേ സാധാരണക്കാരുടെ ടെലഫോണ്‍ നിരക്കുകള്‍ ഇങ്ങനെ കുത്തനെ കൂട്ടിയതില്‍ ചില ഉള്‍ക്കളികള്‍ കാണാതിരിയ്ക്കാനാവില്ല. ആര്‍ക്ക് എപ്പോള്‍ പണം കിട്ടി എന്നാണ് കണ്ടെത്തേണ്ടത്.

ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍ തന്നെ ചില പ്രഖ്യാപനങ്ങള്‍ നടത്തുകയാണ്. - നിങ്ങള്‍ വേണമെങ്കില്‍ സ്വകാര്യ ടെലഫോണ്‍ എടുത്തോളൂ . കുറച്ച് ആളുകളില്‍ നിന്ന് കൂടുതല്‍ പണം ഈടാക്കി ഞങ്ങളും സ്വകാര്യ മേഖലയെപ്പോലെ തടിച്ച് കൊഴുത്തോളാം. - ഇതൊക്കെയാണ് അവ.

ടെലഫോണ്‍ ദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന (ബി എസ് എന്‍ എല്‍) സര്‍ക്കാര്‍ കമ്പനിയും വില്‍ക്കാന്‍ വച്ചിരിയ്ക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. അടുത്ത് സ്വകാര്യവല്കരിയ്ക്കാനായി തിരഞ്ഞെടുത്തിരിയ്ക്കുന്ന കമ്പനികളുടെ പട്ടികയില്‍ ഇതുമുണ്ട്. എന്നാല്‍ ബി എസ് എന്‍ എല്ലിനെ സ്വകാര്യവല്കരിയ്ക്കില്ലെന്ന് ദിനംപ്രതി നമ്മുടെ നേതാക്കള്‍ ഉരുവിട്ടുകൊണ്ടിരിയ്ക്കുന്നുമുണ്ട്. ദിവസവും ഈ പ്രഖ്യാപനം നടത്തുന്നതുകൊണ്ട് തന്നെ എന്താണ് സംഭവിയ്ക്കാന്‍ പോകുന്നതെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു.

അങ്ങനെ സ്വകാര്യവല്കരിയ്ക്കുന്നതിന് മുമ്പ് ആവുന്നത്ര ജനങ്ങളില്‍ നിന്ന് പിഴിയാണ് ഈ നിരക്ക് വര്‍ദ്ധനയുടെ ഒരു ഉദ്ദേശം. മറ്റൊരു സോദ്ദേശം കൂടി ഉണ്ട്. കൂടിയ നിരക്ക് ഈടാക്കുന്ന കമ്പനി വില്കുമ്പോള്‍ കൂടിയ വില കിട്ടുമല്ലോ. മികച്ച നിരക്ക് ഈടാക്കുന്ന കമ്പനി ആയതുകൊണ്ട് ഒരു കമ്പനി എന്ന നിലയില്‍ ബി എസ് എന്‍ എല്ലിന് ഉയര്‍ന്ന മൂല്യം അവകാശപ്പെടാം. ഏതെങ്കിലും അന്താരാഷ്ട്ര വിദഗ്ദ കമ്പനിയെക്കൊണ്ട് ബി എസ് എന്‍ എല്ലിന്റെ മൂല്യം നിര്‍ണ്ണയിച്ചിട്ടായിരിയ്ക്കുമല്ലൊ അവസാന കച്ചവടം. ഇങ്ങനെ ഒരു ലാക്കുകൂടി ഈ നിരക്ക് വര്‍ദ്ധനയ്ക്ക് പിന്നിലുണ്ടെന്ന് മറക്കണ്ട. അതായത് വൈകാതെ ബി എസ് എന്‍ എല്‍ ഏതെങ്കിലും ദേശീയ - അന്തര്‍ദ്ദേശീയ വന്‍കിട കമ്പിയുടെ കൈയിലെത്തും. വിഎസ്എന്‍എല്‍ ടാറ്റായുടെ കൈയില്‍ എത്തിയതുപോലെ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X