• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കരുണാകരന്റെ കടശ്ശിക്കളി ...2

  • By Staff

സോണിയാഗാന്ധി കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിലേക്ക് വന്നിട്ട് അഞ്ചുവര്‍ഷം തികഞ്ഞിരിക്കുന്നു. രാജീവ്ഗാന്ധിയുടെ വിധവ എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ ഒരു പുനരുജ്ജീവന ശക്തിയായി എത്തുകയായിരുന്നു സോണിയ.

ഇപ്പോള്‍ രാഷ്ട്രീയമറിയാത്ത പഴയ സ്ത്രീയല്ല, പകരം ഹിന്ദി പ്രസംഗം തപ്പലില്ലാതെ എഴുതിവായിക്കാനും കേള്‍വിക്കാരെ ഹരംപിടിപ്പിക്കാനും കഴിയുന്ന നേതാവായി സോണിയ വളര്‍ന്നിരിക്കുന്നു.

നരസിംഹറാവു, സീതാറാം കേസരി, ശരത്പവാര്‍, പി.എ. സാംഗ്മ തുടങ്ങി തന്റെ അധികാരത്തിനെതിരെ വാളോങ്ങിയവരെ മുഴുവന്‍ വെട്ടിവീഴ്ത്തിയാണ് സോണ്ിയ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലേക്കുയര്‍ന്നത്. കോണ്‍ഗ്രസിലെ ഈ പഴയ ശക്തികേന്ദ്രങ്ങളെല്ലാം പുറത്തുപോയിട്ടും കോണ്‍ഗ്രസിനെ ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിക്കാന്‍ സോണിയയ്ക്ക് കഴിഞ്ഞു.

ഇനി സോണിയയുടെ മുന്നിലുള്ള ഏകലക്ഷ്യം ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരയാണ്. പ്രധാനമന്ത്രി പദത്തിന് വേണ്ടിയുള്ള മത്സരം അരികിലെത്തിക്കഴിഞ്ഞു. ഇന്ത്യയാകെ അധികാരം പിടിക്കാന്‍ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി പിടിച്ചുനിര്‍ത്തിയാലേ കഴിയൂ എന്ന് സോണിയയ്ക്കറിയാം. മൂല്യങ്ങള്‍ നഷ്ടപ്പെട്ട, അരാജകത്വം നിറഞ്ഞ പാര്‍ട്ടി എന്ന ദുഷ്പേരില്‍ നിന്ന് കോണ്‍ഗ്രസിനെ മോചിപ്പിച്ചേ മതിയാവൂ എന്നും സോണിയയ്ക്കറിയാം. അതിനുള്ള അങ്കപ്പുറപ്പാടിലാണ് സോണിയ.

സ്വാഭാവികമായും കേരളത്തില്‍ കരുണാകരന്റെ നേതൃത്വത്തില്‍ നടക്കുന്നവിമത നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നത് സോണിയ ഏറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്നിരുന്ന മോഹമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് കണക്കുതീര്‍ക്കാനുള്ള അവസരമായി.

എല്ലാ കാലത്തും കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെ നീങ്ങിയിരുന്ന കരുണാകരന് സോണിയയുടെ വിരോധം കുറെക്കാലമായി മനസ്സില്‍ നീറിനില്ക്കുന്ന മുറിപ്പാടാണ്. നെഹ്രുവില്‍ തുടങ്ങിയ ബന്ധമാണ് കരുണാകരന് കോണ്‍ഗ്രസ്സുമായി ഉള്ളത്. പണ്ട് കരുണാകരന്‍ മത്സരിച്ചപ്പോള്‍ തൃശൂര്‍ ജില്ലയിലെ മണലൂരില്‍ കരുണാകരന് വേണ്ടി വോട്ടുചോദിക്കാന്‍ നെഹ്രു എത്തിയിരുന്നു. നെഹ്രുവിന്റെ മകള്‍ ഇന്ദിരയുമായി കരുണാകരന്റേത് ഒരിയ്ക്കലും ഇഴപിരിയാത്ത ബന്ധമായിരുന്നു. പിന്നീട് രാജീവ്ഗാന്ധിയും കരുണാകരനെ കാരണവരായി കണ്ട് ബഹുമാനിച്ചുപോന്നു.

പക്ഷെ ഇന്നലത്തെ മഴയ്ക്ക് പൊട്ടിമുളച്ച സോണിയയെ തുടക്കം മുതലേ അംഗീകരിക്കാന്‍ കരുണാകരനായിട്ടില്ല. കരുണാകരനെ സംബന്ധിച്ചിടത്തോളം ഈ കളി തന്റെ അന്തിമമായ കളിയാണ്. തന്റെ മക്കളുടെ രാഷ്ട്രീയഭാവിയെക്കൂടി ബാധിക്കുന്ന യുദ്ധം. താന്‍ തോറ്റാല്‍ തന്റെ മക്കളും വഴിയില്‍ ചിതറിപ്പോകുമെന്ന് കരുണാകരനറിയാം. പിന്നെ പ്രായാധിക്യത്തിന്റെ തളര്‍ച്ച പോലും നോക്കാതെ ഇങ്ങിനെ ഒരു യുദ്ധത്തിന് കരുണാകരനെ പ്രേരിപ്പിച്ച മനോവികാരം ആത്മാഭിമാനമല്ലാതെ മറ്റൊന്നുമാവാന്‍ തരമില്ല.

ആന്റണി വീഴുമോ?

അടുത്ത ചോദ്യം ഹൈക്കമാന്റുമായി പടപൊരുതി കോടോത്ത് ഗോവിന്ദന്‍നായരെ ജയിപ്പിക്കാന്‍ കരുണാകരന് കഴിയുമോ എന്നതാണ്. ആന്റണി ഭരണത്തോടുള്ള വെറുപ്പുമായി കഴിയുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആന്റണിയെ അടിക്കാനുള്ള വടിയാണ് വീണുകിട്ടിയിരിക്കുന്നത്. അതവര്‍ പരമാവധി ഉപയോഗിക്കും. ഘടകകക്ഷികളില്‍ ചിലര്‍ കരുണാകരനോടുള്ള പഴയ ഉപകാരസ്മരണകള്‍ പുതുക്കാനും ഈ അവസരം ഉപയോഗിക്കും.

പക്ഷെ സ്വന്തം പാളയത്തിലുള്ള 27 എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ കരുണാകരന് കഴിയുമോ? അതാണ് പ്രധാന ചോദ്യം. ഐ ഗ്രൂപ്പിലെ 27 എംഎല്‍എമാരെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ ഭാവിയുടെ പ്രശ്നമാണ്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ കോടോത്തിനെ പിന്തുണച്ചാല്‍ ഹൈക്കമാന്റ് എന്തു ശിക്ഷാനടപടിയെടുക്കും എന്ന കാര്യം അവരെ ഭയപ്പെടുത്തുന്നു. കാരണം മറ്റൊന്നുമല്ല, കരുണാകരന് വയസ്സായി. 80 വയസ്സ് കഴിഞ്ഞ ഒരാളുടെ പ്രീതിക്കായി ഹൈക്കമാന്റിനെ വെറുപ്പിച്ച് സ്വന്തം ഭാവി തുലയ്ക്കണോ എന്ന് ഓരോ ഐ ഗ്രൂപ്പ് എംഎല്‍എയും ചിന്തിക്കുകയാണ്. പക്ഷെ ആന്റണിയോടുള്ള വെറുപ്പ് മാത്രമാണ് ഇപ്പോള്‍ അവരെ കരുണാകരന്റെ പക്ഷത്ത് ഉറപ്പിച്ച് നിര്‍ത്തുന്നത്. കുറച്ചുകാലമായി പൊലീസിനെ ഉപയോഗിച്ചും മറ്റും ഐ ഗ്രൂപ്പുകാരെ ദുര്‍ബലപ്പെടുത്താന്‍ ആന്റണി ശ്രമിച്ചിരുന്നുവെന്നത് രഹസ്യമല്ല.

അതെ പ്രായം തന്നെയാണ് കരുണാകരന്റെ പ്രശ്നം. പക്ഷെ ഈ പ്രായാധിക്യത്തിലും ചെറുപ്പക്കാരേക്കാള്‍ നന്നായി കരുക്കള്‍ നീക്കുന്നു എന്നതാണ് കരുണാകരന്റെ വിജയം. പ്രതീക്ഷിച്ചപോലെ കരുക്കള്‍ നീക്കിയാല്‍ കോടോത്തിനുള്ള വിജയസാധ്യത തള്ളിക്കളയാനാവില്ല.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പിന്നെ മുഖ്യമന്ത്രിക്കസേരയിലേക്കായിരിക്കും കരുണാകരന്റെ നോട്ടം. ഇന്നത്തെ നിലയില്‍ ആന്റണിയെ തട്ടിത്താഴെയിടാന്‍ കരുണാകരനാവുമോ? ആന്റണിയുടെ രക്തത്തിന് ദാഹിക്കുന്ന ഇടതുമുന്നണി കരുണാകരന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തേക്കാം. പക്ഷെ കരുണാകരനെ അനുകൂലിക്കുന്ന ഘടകക്ഷികളില്‍ ചിലര്‍ക്ക് ഇടതുമുന്നണിയോടുള്ള വെറുപ്പാണ് അപ്പോള്‍ തടസ്സമാവുക. കരുണാകരനോട് കൂറുള്ള എം.വി. രാഘവന്‍, കെ.ആര്‍. ഗൗരിയമ്മ എന്നിവര്‍ ഒരു കാരണവശാലും ഇടതുമുന്നണി പിന്തുണനല്കുന്ന ഒരു മന്ത്രിസഭയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് ഉറപ്പ്.

അപ്പോള്‍ പിന്നെ എന്താണ് കരുണാകരന്റെ കണക്കുകൂട്ടല്‍? ആന്റണിയെ അട്ടിമറിച്ച് ഒരു ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് കേരളത്തെ തള്ളിവിടുകയോ? അങ്ങിനെ വന്നാല്‍ അത് ഇടതുമുന്നണിക്ക് ഗുണകരമാവും. ഫലത്തില്‍ അത് കോണ്‍ഗ്രസിനെ ഒരിയ്ക്കലും ഉയിര്‍ത്തെഴുന്നേല്ക്കാന്‍ കഴിയാത്ത തകര്‍ച്ചയിലേക്ക് നയിയ്ക്കും.

ഒരു കാര്യം ഉറപ്പ്. കരുണാകരന്റെ വിമതനീക്കവും കരുണാകരനെതിരായ ഹൈക്കമാന്റിന്റെ പ്രതികാരനടപടിയും അന്തിമമായി തളര്‍ത്തുക കോണ്‍ഗ്രസിനെയായിരിക്കും. പക്ഷെ കാര്യങ്ങള്‍ പിടിച്ചാല്‍ കിട്ടാത്ത നിലയിലെത്തിയിരിക്കുന്നു. ഇനിയുള്ള കളികള്‍ കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

2


കൂടുതൽ malayalam news വാർത്തകൾView All

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more