കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അണികളില്‍ നിന്ന് പണികിട്ടിയ സിപിഎംനെട്ടോട്ടത്തില്‍

  • By Shibu
Google Oneindia Malayalam News

CPM
എം എം മണിയുടെ വിവാദ വെളിപ്പെടുത്തലിനെത്തുര്‍ന്ന് സംസ്ഥാനത്ത് സി പി എം നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് പ്രകാരം അറസ്റ്റിലാകുന്ന നിരപരാധികളായ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ക്ക് സമാനമായി കോഴിക്കോട്ടും പാര്‍ട്ടിക്കാര്‍ നേതൃത്വത്തിനെതിരെ കലാപമുണ്ടാക്കുന്നു. ബി ജെ പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം തള്ളി തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാന്‍ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പാര്‍ട്ടിക്കാരുടെ 'ചതി' സി പി എം ജില്ലാ നേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്.

പയ്യോളിയിലെ ബി ജെ പി പ്രവര്‍ത്തകന്‍ അയനിക്കാട് സി ടി മനോജ് കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ 14 പേരില്‍ ആറുപ്രതികളാണ് സി പി എം നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന് തങ്ങളുടെ നിരപരാധിത്വം വ്യക്തമാക്കാന്‍ നുണപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം അഞ്ച് പ്രതികളാണ് ഹര്‍ജി നല്‍കിയത്. ഇവര്‍ നല്‍കിയ ഹര്‍ജി പിന്‍വലിപ്പിക്കാന്‍ സി പി എം ജില്ലാ നേതൃത്വം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെ ഒരാള്‍ കൂടി നുണപരിശോധനയ്ക്ക് ഹര്‍ജി നല്‍കിയത് സി പി എമ്മിന് വന്‍ തിരിച്ചടിയായി.

നുണപരിശോധന ആവശ്യപ്പെട്ട പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി സി പി എം അഭിഭാഷകനെ നിയമിച്ചിട്ടില്ല. മറ്റ് പ്രതികള്‍ക്ക് വേണ്ടി പാര്‍ട്ടി നിയോഗിച്ച അഭിഭാഷകന്‍ ഹാജരായി. നുണപരിശോധന ആവശ്യപ്പെട്ടവര്‍ക്ക് വേണ്ടി ബന്ധുക്കള്‍ പ്രത്യേകം അഭിഭാഷകരെ നിയോഗിച്ചിരിക്കുകയാണ്. പാര്‍ട്ടിയുടെ അഭിഭാഷകന്‍ വേണ്ടന്ന നിലപാടാണ് നുണപരിശോധന ആവശ്യപ്പെട്ടവര്‍ സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണ് മനോജ് കൊലക്കേസില്‍ തങ്ങള്‍ അറസ്റ്റിലായതെന്നാണ് നുണപരിശോധന ആവശ്യപ്പെട്ട സി പി എമ്മുകാരുടെ പരാതി. മാത്രമല്ല ഈ കേസില്‍ പുനരന്വേഷണം വേണമെന്നും പ്രതികളിലൊരാള്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

2012 ഫെബ്രുവരി 12ന് രാത്രിയാണ് ബി ജെ പി പ്രവര്‍ത്തകനായി മനോജിനെ വീട്ടില്‍ കയറി അക്രമിസംഘം വെട്ടിയത്. ഇയാള്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വച്ച് മരണമടഞ്ഞു. ഈ കേസില്‍ 15 സി പി എമ്മുകാരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതില്‍ 14 പേര്‍ അറസ്റ്റിലായി. ഒരാള്‍ വിദേശത്തേയ്ക്ക് കടന്നതിനാല്‍ പിടികൂടാനായില്ല. കേസിലെ ഒന്നാം പ്രതി പുതിയോട്ടില്‍ അജിത്ത്കുമാര്‍, മറ്റ് പ്രതികളായ മുടവന്റെ കണ്ടി നിസാം, താരമ്മേല്‍ നിധിഷ്, സി ടി പ്രിയേഷ് എന്നീ നാല് പ്രതികളാണ് കോഴിക്കോട് മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആദ്യം നുണപരിശോധന ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

വിചാരണയ്ക്കായി ആദ്യമായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇവര്‍ കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത്. ഇതിന് ശേഷം കേസിലെ മൂന്നാം പ്രതി വടക്കയില്‍ ബിജു കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്ന് സെഷന്‍സ് കോടതിയോട് ആവശ്യപ്പട്ടു. ഈ ആവശ്യം കോടതി അനുവദിച്ചശേഷം ബിജുവും നുണപരിശോധനയ്ക്ക് തന്നെക്കൂടി വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇങ്ങനെ അഞ്ചുപേര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞതിനിടെ വ്യാഴാഴ്ച കേസിലെ രണ്ടാം പ്രതി സി ടി ജിതേഷും വിചാരണക്കോടതിയില്‍ നുണപരിശോധനയ്ക്ക് തന്നെക്കൂടി വിധേയനാക്കണമെന്നും കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും കോടതിയെ അറിയിച്ചു.

ഇവരുടെ ഹര്‍ജികള്‍ കോടതി 24ന് പരിഗണിക്കും. കേസിലെ പ്രധാന സാക്ഷികളെക്കൂടി നുണപരിശോധനയ്ക്ക വിധേയരാക്കണമെന്ന് പാര്‍ട്ടിക്കെതിരെ തിരിഞ്ഞ പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ തിരിഞ്ഞ ആറുപ്രതികളുടെയും വീട്ടുകാരും ബന്ധുക്കളും മനോജ് വധക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യമുന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തയ്യാറെടുക്കുകയുമാണ്.
കേസില്‍ പ്രതികളാക്കപ്പെട്ടവരുടെ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചും ഡിവിഷന്‍ ബഞ്ചും തള്ളിയതിനെത്തുടര്‍ന്ന് ആറുമാസത്തിലേറെയായി ഇവര്‍ റിമാന്റിലാണ്.

ജയിലില്‍ നിന്ന് പുറത്തിറക്കാന്‍ കഴിയാത്തവിധം പാര്‍ട്ടി നേതൃത്വം കേസ് നടത്തുന്നതില്‍ വരുത്തിയ അനാസ്ഥയാണ് പ്രതികളാക്കപ്പെട്ടവര്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് പൊലീസിന് മുമ്പാകെ ഇവര്‍ ഹാജരായതെന്നും എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാകാത്തവിധം പ്രധാനപ്രതികളായി ഇവരെ ചേര്‍ക്കുകയുമായിരുന്നെന്നാണ് ബന്ധുക്കളുടെ വാദം.

ഇതിനിടെ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വവും പാര്‍ട്ടി എം എല്‍ എമാരും കാലുമാറിയ പ്രതികളെ ജയിലിലെത്തി കാണുകയും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നേതാക്കള്‍ വീടുകളിലെത്തി ബന്ധുക്കളെയും മറ്റും കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ വഴങ്ങിയില്ല. മാത്രമല്ല കേസ് സംബന്ധിച്ച് സത്യസന്ധമായ ചില വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും 'കാലുമാറിയ പ്രതികള്‍' കോടതിയെ അറിയിച്ചത് സി പി എമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി. ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധിയെ മറികടക്കാന്‍ ഇതുവരെയും കഴിയാത്ത കോഴിക്കോട്ടെ സി പി എമ്മിന് പയ്യോളിയിലെ ബി ജെ പി പ്രവര്‍ത്തകന്റെ വധവും പാര്‍ട്ടിക്കുള്ളിലും പുറത്തും വലിയ പ്രതിസന്ധിയായി മാറി.

പാര്‍ട്ടി നടത്തുന്ന കൊലപാതകങ്ങളില്‍ നിരപരാധികളായ പാര്‍ട്ടിക്കാരെ പ്രതികളാക്കി ജയിലേക്ക് അയയ്ക്കുകയും യഥാര്‍ത്ഥ അക്രമികളെയും കൊലപാതകികളെയും എല്ലാ സൗകര്യങ്ങളും നല്‍കി സംരക്ഷിക്കുകയും ചെയ്യുന്ന സി പി എമ്മിന്റെ നടപടികളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പുയര്‍ന്നതിന്റെ പ്രത്യക്ഷത്തിലുള്ള പൊട്ടിത്തെറിയാണ് കോഴിക്കോട്ടുണ്ടായിരിക്കുന്നത്. മാത്രമല്ല പാര്‍ട്ടിക്ക് വേണ്ടി അക്രമങ്ങളും കൊലപാതകങ്ങളും നടത്തുന്ന ക്രമിനല്‍-ക്വട്ടേഷന്‍ സംഘങ്ങളെ വൈകാതെ സി പി എമ്മിന് പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടിവരും.

English summary
Political murder, cpm again trapped. BJP activist Ayanikkad CT Manoj Case may be investigate again, All accuded CPM workers requested for a polygraphics test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X