കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്റ ലക്ഷ്യം ഉമ്മന്‍ ചാണ്ടി ആയിരുന്നില്ല

  • By Soorya Chandran
Google Oneindia Malayalam News

സോളാര്‍ അഴിമതി കേസില്‍ സെക്രട്ടേറിയറ്റ് ഉപരോധം പോലെ വലിയൊരു സമരം സംഘടിപ്പിക്കുമ്പോള്‍ സിപിഎം ലക്ഷ്യമിട്ടത് ഉമ്മന്‍ ചാണ്ടിയെ മാത്രമായിരുന്നില്ല എന്നാണ് ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. വര്‍ഷങ്ങളായി പാര്‍ട്ടി നേരിട്ടുവന്നിരുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള ഒരു വഴികൂടിയായിരുന്നു സിപിഎമ്മിനെ സംബന്ധിച്ച് ഈ സമരം.

ഒരിക്കലും തീരാത്ത വിഭാഗീയ പ്രശ്‌നങ്ങള്‍, ടിപി ചന്ദ്രശേഖരന്റെ കൊലപാതകം കൊണ്ടുണ്ടായ ക്ഷീണം, ഗോപി കോട്ടമുറിക്കലിനേതിരേയും പി ശശിക്കെതിരേയും ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍, ഇടുക്കിയില്‍ മണിയുടെ പ്രസംഗം... സിപിഎം ശരിക്കും പ്രതിസന്ധികളുടെ പടുകുഴിയില്‍ ആയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ ഉണ്ടായ പരാജയങ്ങളും ശെല്‍വരാജിന്റെ കോണ്‍ഗ്രസ് പ്രവേശനവും പിന്നെ ബംഗാളില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയവും എല്ലാം സിപിഎമ്മിനെ ഒന്നിന് പിറകെ ഒന്നായി തളര്‍ത്തിക്കൊണ്ടിരുന്നു.

CPM Flag

ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ അതിന്റെ യഥാര്‍ത്ഥ ശക്തിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സിപിഎമ്മിന് കിട്ടിയ ഏറ്റവും വലിയ സാധ്യതയായിരുന്നു ഈ സമരം. ഒത്തുകിട്ടിയാല്‍ ഉമ്മന്‍ ചാണ്ടിയുടെ രാജിയും സിപിഎം പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം തന്നെ.

ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് തുടങ്ങിയ സമരം ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ അവസാനിപ്പിച്ചത് സിപിഎമ്മിന്റെ പരാജയമാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. പക്ഷേ പാര്‍ട്ടിയും പാര്‍ട്ടി നേതൃത്വവും സന്തോഷത്തിലാണ്. എന്താണ് പാര്‍ട്ടിയെന്നും, എന്താണ് പാര്‍ട്ടിയുടെ ശക്തിയെന്നും രണ്ട് ദിവസം കൊണ്ട് തെളിയിക്കാന്‍ കഴിഞ്ഞു എന്ന് തന്നെയാണ് സിപിഎമ്മിന്റെ വിശ്വാസം. പിണറായി വിജയനും വി എസ് അച്യുതാനന്ദനും അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ സമരഭൂമിയില്‍ കൈകോര്‍ത്തപ്പോള്‍ പാര്‍ട്ടിയെ ഗ്രസിച്ചിരുന്ന വിഭാഗീയതപോലും ഇല്ലാതായ പ്രതീതി സൃഷ്ടിക്കാനായി.

ഘടകകക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസം പോലും ഈ സമരം കൊണ്ട് ഇല്ലാതായി. ജോസ് തെറ്റയിലെതിരെ ഉയര്‍ന്ന ആരോപണങ്ങളും സമരക്കാറ്റില്‍ ഇല്ലാതായി. കൂടെ യുഡിഎഫിനുളളില്‍ വലിയൊരു വിള്ളല്‍ ഉണ്ടാക്കാനും സമരവും വിവാദങ്ങളും സിപിഎമ്മിനെ സഹായിച്ചു.

മുഖ്യമന്ത്രി രാജിവക്കാത്തതിനാല്‍ തുടര്‍ന്നും ഈ സമരത്തിന്റെ ആവേശം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിലനിര്‍ത്താനുള്ള പദ്ധതികളാവും ഇനി പാര്‍ട്ടി നടപ്പാക്കുക. ഇക്കാലമത്രയും അക്രമ സമരത്തിന്റെ വക്താക്കള്‍ എന്ന ചീത്തപ്പേര് കേട്ട പാര്‍ട്ടിയായിരുന്നു സിപിഎം. എന്ത് അക്രമത്തിലേക്കും വഴിവിട്ട് പോകാമായിരുന്ന ഒരു സമരത്തെ അച്ചടക്കത്തിന്റേയും സംയമനത്തിന്റേയും പാതയില്‍ ഒതുക്കി നിര്‍ത്താനുള്ള ശേഷി സിപിഎമ്മിനുണ്ട് എന്ന് കൂടി തെളിയിക്കുന്നതായി സെക്രട്ടേറിയറ്റ് ഉപരോധം. സമരം അവസാനിപ്പിച്ച് പിരിഞ്ഞ് പോകുമ്പോഴും ഈ അച്ചടക്കം കാത്തു സൂക്ഷിക്കാന്‍ പാര്‍ട്ടിക്കായി എന്നത് ചെറിയൊരു കാര്യമല്ല.

English summary
By sieging the secretariat ,CPM didn't aim the resignation of Oommen Chandy.The aim was to reconstruct the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X