• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ സമരക്കാര്‍ക്ക് ആവേശം

  • By Soorya Chandran

സോളാര്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് സമരം ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. രാപ്പകള്‍ സമരവും മറ്റ് സമരങ്ങളും ചാനല്‍ ചര്‍ച്ചകളില്‍ തിളങ്ങിയതല്ലാതെ ജനങ്ങളിലേക്കിറങ്ങിച്ചെന്നോ എന്ന് സംശയമാണ്. എന്നാല്‍ 2013 ആഗസ്റ്റ് 12 ന് തുടങ്ങാനിരിക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം സമരം തുടങ്ങും മുന്പേ തന്നെ ജനങ്ങളുടെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.

ഈ സമരം തുടങ്ങുന്നതിന് മുന്പ് തന്നെ വിജയിപ്പിച്ചതിന് സത്യത്തില്‍ ഇടത് നേതാക്കള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും അകൈതവമായി നന്ദി രേഖപ്പെടുത്തണം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ചേര്‍ന്ന് ഇത്ര പുകിലുണ്ടാക്കില്ലായിരുന്നെങ്കില്‍ തലസ്ഥാന നഗരം ചോരക്കളമായതിന് ശേഷം മാത്രമേ നാട്ടുകാര്‍ സമരചരിത്രം അറിയുമായിരുന്നുള്ളു.

കേന്ദ്ര സേനയെ രംഗത്തിറക്കിയും, ഇന്നുവരെ നാട്ടില്‍ കേട്ടുകേള്‍വിയില്ലാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സര്‍ക്കാര്‍ ജനാധിപത്യസമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന് വേണ്ടി പോലീസ് നടപ്പാക്കുന്ന ഓരോ നടപടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലും എതിരാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മണിപ്പൂരിലെ പട്ടാള നിയമത്തെക്കുറിച്ച് ഏറെ പ്രതികരിക്കുന്നവരാണ് കേരളീയര്‍. ഏതാണ്ട് അതിന് സമാനമായ പോലീസ് രാജാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നടക്കുന്നതെന്ന് പറയാതെ വയ്യ. സര്‍ക്കാര്‍ എത്രത്തോളം കടുപ്പം കാണിക്കുന്നുവോ, അത്രത്തോളം സമരസഖാക്കളുടെ ആവേശം കൂടുന്നതായാണ് ഇടത് പാര്‍ട്ടികള്‍ പറയുന്നത്. മുന്‍കൂര്‍തയ്യാറാക്കിയ പട്ടികക്ക് പുറമേ കൂടുതല്‍ ആളുകള്‍ സമരസന്നദ്ധരായി എത്തുന്നുണ്ടത്രെ.

പോലീസിന്റെ ഓരോ നടപടിയും ജനാധിപത്യവിരുദ്ധമാണെങ്കിലും അല്‍പം ചിരിക്ക് കൂടി വക നല്‍കുന്നതാണ്. ആദ്യം ഹോട്ടലുകാരേയും ലോഡ്ജ് നടത്തിപ്പുകാരേയും ആയിരുന്നു ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചത്. സമരക്കാരെ പാര്‍ട്ടി അണികളുടെ വീട്ടില്‍ താമസിപ്പിക്കുമെന്ന് ഇടത് മുന്നണി പറഞ്ഞപ്പോള്‍ വീട്ടുകാരോടായി അടുത്ത ഭീഷണി. സമരക്കാരെ താമസിപ്പിച്ചാല്‍ കേസെടുക്കുമെന്നാണ് ഭീഷണി. ഇപ്പോള്‍ അത് പൊതു കക്കൂസ് നടത്തിപ്പ് കാരുടെ നേര്‍ക്ക് കൂടി നീളുന്നു. നഗരത്തിലെ പൊതു കക്കൂസുകളും കുളിമുറികളും അടച്ചിടണമെന്നാണ് ഇപ്പോള്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സമരം ചെയ്യാനെത്തുവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യം നിഷേധിക്കുന്നതിലൂടെ സര്‍ക്കാര്‍ പൂര്‍ണമായും ജനാധിപത്യ വിരുദ്ധമായി എന്ന് പറയാതെ വയ്യ. സമരം അക്രമാസക്തമാകുമോ, ഇല്ലയോ എന്ന് പോലും അറിയാത്ത സാഹചര്യത്തില്‍ സമരത്തിനെത്തുവരുടെ ഏറ്റവും അടിസ്ഥാനമായ ആവശ്യങ്ങള്‍പോലും നിഷേധിക്കുന്നതിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൂടുതല്‍ ജനവിരുദ്ധമാകുന്നു.

നിയന്ത്രണങ്ങള്‍ കൂടും തോറും പ്രതിഷേധവും കൂടുമെന്ന കാര്യം മനസ്സിലാക്കാന്‍ ഐസക് ന്യൂട്ടന്റെ മൂന്നാം സിദ്ധാന്തമൊന്നും പഠിക്കേണ്ട ആവശ്യമില്ല. തികച്ചും പ്രായോഗികമായ ഒരു ചിന്തയാണിത്. എന്നാല്‍ നമ്മുടെ സര്‍ക്കാര്‍, അല്ലെങ്കില്‍ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി അത്തരം പ്രായോഗിക ചിന്തകളെ അപ്രസക്തമാക്കുകയാണ് ചെയ്യുന്നത്.

സമരം സമാധാന പരമെങ്കില്‍ എല്ലാം ശാന്തമായിരിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നുണ്ട്. എന്നാള്‍ സമരം സമാധാന പരമായില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് മാത്രം പറയുന്നില്ല. ഞെക്കിയാല്‍ പൊട്ടിത്തെറിക്കുന്ന തോക്കുകളുമായാണ് കേന്ദ്രസേന ഇറങ്ങിയിട്ടുള്ളത്. സമരക്കാരെ അവര്‍ തോക്കുകൊണ്ടായിരിക്കും നേരിടുക എന്നൊരു ദു:സൂചനകൂടി മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഇല്ലേ എന്ന് ഇടത് പക്ഷം സംശയിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് വിഎസ് അച്യുതാനന്ദന്‍ പോലും പ്രതികരിച്ചത്. സമരം അക്രമാസക്തമാക്കി വെടിവെപ്പ് നടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നായിരുന്നു വിഎസിന്റെ ആരോപണം.

സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. എല്ലാവരുടേയും എതിര്‍പ്പിനെ മറികടന്ന് ഇത്തരമൊരു തീരുമാനമെടുക്കാന്‍ അദ്ദേഹത്തിനും തക്കതായ കാരണം ഉണ്ടായിരിക്കും. പക്ഷേ സമരത്തിന് കൂടുതല്‍ ആവേശം പകര്‍ന്ന് അദ്ദേഹം നടത്തുന്ന പ്രസ്താവനകളും അദ്ദേഹത്തിന്റെ പോലീസ് ചെയ്യുന്ന നടപടികളും എന്തിലേക്ക് നയിക്കുമെന്ന് കാണാന്‍ കാത്തിരിക്കുക തന്നെ വേണം. ഇക്കാലമത്രയും നടത്തിയ സമരങ്ങള്‍ പൊളിഞ്ഞ് പോയതിന്റെ കേട് തീര്‍ക്കാന്‍ സിപിഎമ്മിന് അവസരമൊരുക്കിക്കൊടുത്ത മുഖ്യമന്ത്രി എന്ന രീതിയിലാകും നാളെ ചിലപ്പോള്‍ ഉമ്മന്‍ചാണ്ടി വിലയിരുത്തപ്പെടുക.

English summary
By imposing more and more regulations, the state government is prompting the opposition to strike hard against the government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more