ഉത്തരം മുട്ടുമ്പോള്‍ കൊങ്ങക്ക് പിടിയ്ക്കാമോ... പക്ഷേ പണി പിന്നേയും ഉമ്മന്‍ ചാണ്ടിയ്ക്ക്
ധര്‍മടത്ത് പിണറായി വിജയന് വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരെയുള്ള അഴിമതി കേസുകളെ കുറിച്ച് വിഎസ് പ്രസംഗിച്ചത്. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ 31 കേസുകളുണ്ടെന്നായിരുന്നു വിഎസ് പ്രസംഗിച്ചത്.
ഇതിനെതിരെ ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടി രംഗത്ത് വന്‌നു. പ്രസംഗം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടിയെടുക്കും എന്നായിരുന്നു ഭീഷണി. എന്നാല്‍ വിഎസ് ആ ഭീഷണിയ്ക്ക് വഴങ്ങിയില്ല.

ഇതോടെ ഉമ്മന്‍ ചാണ്ടി കോടതിയില്‍ കേസ് കൊടുത്തു. തിരുവനന്തപുരത്തെ കോടതിയിലായിരുന്നു കേസ് ഫയല്‍ ചെയ്തത്. അപ്പോഴും വിഎസ് അക്ഷോഭ്യനായി തന്നെ നിന്നു. മുഖ്യമന്ത്രിയുടെ നാറുന്ന അഴിമതിക്കഥകള്‍ താന്‍ പുറത്ത് കൊണ്ടുവരുന്നത് കണ്ട് വിളറി പൂണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപിച്ചിരിയ്ക്കുന്നത് എന്നായിരുന്നു വിഎസ് ഫേസ്ബുക്കില്‍ എഴുതിയത്.
ആ പോസ്റ്റ് ഇങ്ങനെ...
ഉത്തരം മുട്ടുംമ്പോൾ കൊങ്ങയ്ക്ക് പിടിക്കുന്നു!
എന്റെ പ്രസംഗം തടസ്സപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരം ജില്ലാ കോടതിയുടെ വെക്കേഷൻ ബഞ്ചിൽ ഹർജി ഫയൽ ചെയ്തത് എന്റെ പ്രസംഗത്തിലൂടെ വിവസ്ത്രനാക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയുടെ കപട മനസാക്ഷിയെ സംരക്ഷിക്കാനാണ്.
ഞാൻ നടത്തുന്ന പ്രസംഗങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യന്ത്രി ഉമ്മൻ ചാണ്ടി ഫയൽ ചെയ്ത IA.1191/2016 എന്ന കേസ് നാളെ വിചാരണയ്ക്ക് വരികയാണ്. മുഖ്യമന്ത്രിയുടെ നാറുന്ന അഴിമതി കേസുകളുടെ സത്യസന്ധമായ വിവരങ്ങൾ ഞാൻ നടത്തുന്ന പ്രസംഗങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയുള്ള എന്റെ ഇടപെടലുകളിലൂടെയും പ്രചരിക്കുന്നത് കണ്ട് വിളറിപൂണ്ടാണ് മുഖ്യമന്ത്രി കോടതിയെ സമീപിച്ചിരിക്കുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ നടത്തിയിട്ടുള്ള തട്ടിപ്പും വെട്ടിപ്പും ജനങ്ങളുടെ മുമ്പാകെ കൊണ്ട് വരേണ്ടത് എന്റെ കടമയാണ്. ഇത് ജനങ്ങളിൽ എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല സന്ദർഭമാണ് തിരഞ്ഞെടുപ്പ്. ഇത് പ്രതിരോധിക്കാൻ അമ്പേ പരാജയപ്പെട്ട മുഖ്യമന്ത്രി ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത് അപഹാസ്യവും ഒളിച്ചോടലും ആണ്. നാഴികയ്ക്ക് നാല്പത് വട്ടം ജനകീയ കോടതി എന്ന് വിളിച്ചു കൂവുന്ന ഉമ്മൻ ചാണ്ടി ഇപ്പോൾ ജനകീയ കോടതിയെയും ഭയപ്പെടുന്നു.
മുഖ്യ മന്ത്രിയും കൂട്ടരും നടത്തിയിട്ടുള്ള എല്ലാ കൊള്ളരുതായ്മകളും ഞാൻ പുറത്ത് കൊണ്ട് വരും. അതിന് തടയിടാൻ വേണ്ടി എന്റെ നാവ് ബന്ധിക്കാമെന്ന് കരുതുന്ന ഉമ്മൻ ചാണ്ടി താങ്കൾ വിഢികളുടെ സ്വർഗ്ഗത്തിലാണ്.












Click it and Unblock the Notifications