• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കള്ളപ്പണം പെരുകുന്നു, രൂപ കൂപ്പുകുത്തുന്നു, സര്‍ജിക്കല്‍ സ്ട്രൈക്കില്‍ അഭയം തേടുന്നു: എം ബിജുശങ്കര്‍

  • By എം ബിജുശങ്കര്‍

എം ബിജുശങ്കര്‍

മാധ്യമപ്രവർത്തകൻ. മിഡിൽ ഈസ്റ്റ് ചന്ദ്രികയുടെ ബഹ്റൈൻ ന്യൂസ് എഡിറ്ററായിരുന്നു.

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം 50 ശതമാനം വര്‍ധിച്ച് 7000 കോടി രൂപയായെന്ന സ്വിസ് നാഷണല്‍ ബാങ്കിന്റെ വെളിപ്പെടുത്തല്‍ പുറത്തു വന്നത് അടുത്ത ദിവസമാണ്. ഏതാണ്ട് ഇതേ ദിവസങ്ങളിലാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളും വന്നുകൊണ്ടിരിക്കുന്നത്. രൂപ തലകുത്തി വീഴുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഡോളറുമായി രൂപയുടെ വിനിമയ മൂല്യം അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 69 രൂപയിലാണിപ്പോള്‍. 72 രൂപവരെ മൂല്യം ഇടിയാനുള്ള സാധ്യതയാണിപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുതുക്കിപ്പണിയാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി അഭിമാന വിജൃംബിതനായ പ്രധാനമന്ത്രി നരേന്ദ്രമോഡിയുട മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു. ജനങ്ങളെ പാട്ടിലാക്കാനുള്ള ഗിമ്മിക്കുകള്‍ക്കും വാചാടോപങ്ങള്‍ക്കും അപ്പുറം കാഴ്ചപ്പാടുകളോ ലക്ഷ്യ ബോധമോ ഇല്ലാത്ത, ദരിദ്രവും നിരായുധവുമാണു തങ്ങളുടെ നയപരിപാടികളെന്ന് അവര്‍ സ്വയം വ്യക്തമാക്കിക്കഴിഞ്ഞു.

കള്ളപ്പണം വെറുമൊരു മുദ്രാവാക്യം

കള്ളപ്പണം വെറുമൊരു മുദ്രാവാക്യം

സമ്പന്നരെ അതി സമ്പന്നരാക്കുകയും ദരിദ്രരെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിവിടുകയും ചെയ്യുന്ന സാമ്പത്തിക നയങ്ങള്‍ക്കു ബദല്‍ നിര്‍ദ്ദേശിക്കാനില്ലാത്ത ബി ജെ പിക്ക്, അധികാരത്തിലേറാനുള്ള അനേകം ജനപ്രിയ മുദ്രാവാക്യങ്ങളില്‍ ഒന്നുമാത്രമായിരുന്നു 'കള്ളപ്പണം' എന്നു വ്യക്തമായിക്കഴിഞ്ഞു. കള്ളപ്പണ വേട്ടയേക്കുറിച്ചും സ്വിസ് ബാങ്ക് അക്കൗണ്ടുകളേക്കുറിച്ചുമുള്ള ഗിരിഭാഷണങ്ങള്‍ പൊള്ളയായിരുന്നു എന്നു ജനം ഇപ്പോള്‍ തിരിച്ചറിയുന്നു. 2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുമ്പോള്‍ ഈ പ്രതിസന്ധിയുടെ ആഴം വളരെ വലുതാണ്.

സ്വന്തമായ സാമ്പത്തിക നയങ്ങളോ ഹിന്ദുത്വ വര്‍ഗീയ അജണ്ടയ്ക്കപ്പുറം പരിപാടികളോ ഇല്ലാത്ത ബി ജെ പി വിളിപ്പാടകലെ നില്‍ക്കുന്ന പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ആവനാഴിയില്‍ പുതിയ ജനപ്രിയ അസ്ത്രങ്ങള്‍ സജ്ജമാക്കുന്നതിന്റെ സൂചനയും ഇതോടൊപ്പം പ്രത്യക്ഷപ്പെട്ടു തുടങ്ങി. 'രാജ്യസ്‌നേഹ'മെന്ന വികാരം ആളിക്കത്തിച്ച് അടുത്ത തെരഞ്ഞെടുപ്പിലേക്കു പോകാന്‍ അതിര്‍ത്തികടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ സജ്ജമാക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നതിന്റെ സൂചനകളാണു പ്രത്യക്ഷപ്പെടുന്നത്.

15 ലക്ഷം രൂപയെന്ന മധുരമനോഹര സ്വപ്നം

15 ലക്ഷം രൂപയെന്ന മധുരമനോഹര സ്വപ്നം

നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ കരസേന പ്രത്യേക വിഭാഗം നടത്തിയ അക്രമ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടത് ഈ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. സ്വിസ് ബാങ്കിലെ കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോ ഇന്ത്യന്‍ പൗരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കാന്‍ കഴിയുന്ന മധുര മനോജ്ഞ സ്വപ്‌നമായിരുന്നു നരേന്ദ്രമോഡിയെ അധികാരത്തിലേക്കു വഴി നടത്തിയത്.

അദ്ദേഹം അധികാര സോപാനത്തില്‍ കാലാവധി പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപം 50 ശതമാനം വര്‍ധിച്ചതിനെക്കുറിച്ചു ജനസമക്ഷം മറുപടി പറയേണ്ടി വരുമെന്നുറപ്പാണ്. വിദേശ രാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപം തടഞ്ഞെന്നു പ്രധാനമന്ത്രി അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കെയാണ് കള്ളപ്പണ ശേഖരം 7000 കോടി രൂപയായി വളര്‍ന്ന വിവരം പുറത്തു വരുന്നത്.

പരിഹാസ്യമായിത്തീർന്ന വാദങ്ങള്‍

പരിഹാസ്യമായിത്തീർന്ന വാദങ്ങള്‍

നോട്ടു നിരോധനത്തിലൂടെ ഭീകര പ്രവര്‍ത്തനത്തിന്റെ മുനയൊടിച്ചെന്നും ജി എസ് ടിയിലൂടെ നികുതിവെട്ടിപ്പ് തടഞ്ഞെന്നും അവകാശപ്പെടുന്നതുപോലെ കള്ളപ്പണം തടഞ്ഞെടന്ന വാദവും പരിഹാസ്യമായിത്തീര്‍ന്നിരിക്കുന്നു. 2014ല്‍ അധികാരത്തിലേറുമ്പോള്‍ നല്‍കിയ ജനപ്രിയ വാഗ്ദാനങ്ങളോരോന്നും പൊള്ളയായിരുന്നുവെന്നു തെളിയുകയാണ്. കര്‍ഷകരുടെ ആദായം ഇരട്ടിയാക്കുമെന്നും രൂപയെ കൂടുതല്‍ ശക്തമാക്കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങള്‍.

പട്ടിണിയിലേക്കു കൂപ്പുകുത്തിയ കര്‍ഷകര്‍ രാജ്യം മുമ്പുകണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രക്ഷോഭവുമായി രംഗത്തു വരുന്നു. സമ്പദ് ഘടനയെ ഭയാനകമായ പ്രതിസന്ധിയിലേക്കു തള്ളിവിട്ടുകൊണ്ടു രൂപ തകര്‍ന്നടിയുന്നു. ഡോളറിനു 40 രൂപയെന്ന നിലയിലേക്ക് രൂപയെ എത്തിക്കുമെന്ന 2013 ലെ മോഡി വാഗ്ദാനം സമ്പദ് വ്യവസ്ഥയെ നോക്കി കൊഞ്ഞനം കുത്തുന്നു. സാമ്പത്തിക വളര്‍ച്ച നേടാനെന്ന പേരില്‍ സ്വീകരിച്ച നയങ്ങള്‍ രൂപയെ തളര്‍ത്തിയെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എല്ലാം സര്‍ക്കാരിന്റെ ഒത്താശയോടെ

എല്ലാം സര്‍ക്കാരിന്റെ ഒത്താശയോടെ

വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ അനധികൃതനിക്ഷേപം സുരക്ഷിതമായിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നാണു 30 വര്‍ഷത്തെ സ്വിസ്ബാങ്ക് അക്കൗണ്ട് ചരിത്രം വ്യക്തമാക്കുന്നതെന്ന് ഈ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം തടയാനും സ്വിസ്ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷിക്കാനും നടപടിയെടുക്കുമെന്നു പറയുന്ന കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഇഴയുന്നത് അതുകൊണ്ടാണ്.

രാഷ്ട്രീയനേതാക്കളും വന്‍ വ്യവസായികളും ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍ സംഘമാണ് നികുതിയടയ്ക്കാതെയും സ്രോതസ്സ് വെളിപ്പെടുത്താതെയും സ്വിസ്ബാങ്കില്‍ പണമിടുന്നവരില്‍ മുന്നില്‍. കയറ്റുമതി കണക്കില്‍ നടത്തുന്ന തിരിമറിയിലൂടെ വിദേശത്ത് ശേഖരിച്ച കള്ളപ്പണം വെള്ളപ്പണമാക്കാനും കേന്ദ്രസര്‍ക്കാരിന്റെ അറിവോടെ ഇവര്‍ക്കു കഴിയും.

ഉത്തേജിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ..

ഉത്തേജിപ്പിക്കുന്ന മുദ്രാവാക്യങ്ങൾ..

കുറ്റകൃത്യങ്ങളുടെ പ്രതിഫലം, അഴിമതി, അനധികൃത ഇടപാടുകള്‍ക്കുള്ള കമ്മിഷന്‍, പല തരത്തിലുള്ള നികുതിവെട്ടിക്കല്‍ എന്നിങ്ങനെ പലതരത്തിലാണു രാജ്യത്തെ നിലവിലുള്ള നിയമത്തെ വെട്ടിച്ച് കള്ളപ്പണം സ്വിസ് ബാങ്കിലേക്ക് ഒഴുകുന്നത്. മറ്റു രാജ്യങ്ങള്‍ അധോലോകത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പണമാണ് വിദേശത്ത് നിക്ഷേപിക്കുന്നതെങ്കില്‍, ഇന്ത്യ നികുതി വെട്ടിച്ച് അവിഹിത വഴികളിലൂടെ നേടുന്ന പണമാണ് നിക്ഷേപിക്കുന്നത്. അതില്‍ വലിയൊരളവ് വരെ രാഷ്ട്രീയകൈക്കൂലികളും കമ്മിഷനുകളും തന്നെയാണ്.

ജനപ്രിയ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം ഒന്നൊന്നായി വെളിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യസ്‌നേഹമെന്ന വികാരത്തിനു തീപ്പടര്‍ത്തുന്നതിനെ കുറിച്ച് സംഘ ബുദ്ധി കേന്ദ്രങ്ങള്‍ ആലോചന തുടങ്ങിയെന്നാണു കഴിഞ്ഞ ദിവസം പുറത്തു വന്ന സൈനിക ഓപ്പറേഷന്‍ വാര്‍ത്തയുടെ സ്വഭാവം വ്യക്തമാക്കുന്നത്. രാമക്ഷേത്രം, ആണവ പരീക്ഷണം, കാര്‍ഗില്‍യുദ്ധം തുടങ്ങി വികാരത്തെ ഉത്തേജിപ്പിക്കുന്ന മുദ്രാവാക്യങ്ങളില്‍ തന്നെ അവര്‍ വീണ്ടും അഭിരമിക്കുമെന്നു വ്യക്തം.

വൈകാരികതയിലാണ് അഭയം

വൈകാരികതയിലാണ് അഭയം

2016 സെപ്തംബര്‍ 28 നും 29 നും പാക് അധീന കാശ്മീരില്‍ നടത്തിയ സൈനിക നീക്കത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രമുഖ വാര്‍ത്താ ചാനലുകള്‍ക്കു നല്‍കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നു സൈനിക കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുകയുണ്ടായി. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവരികയുണ്ടായി.

സൈനികരുടെ രക്തം കൊണ്ടു നേട്ടമുണ്ടാക്കാനുള്ള നീക്കമെന്നായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. ഭരണകൂടം പ്രതിസന്ധില്‍ പെടുന്ന ഘട്ടങ്ങളില്‍ യുദ്ധം, ഭീകര വിരുദ്ധ വേട്ട, രാജ്യസ്‌നേഹം തുടങ്ങിയ വൈകാരികതയില്‍ അഭയം തേടുന്നതു സാധാരണമാണ്.

അടുത്ത തിരഞ്ഞെടുപ്പിലേക്ക് എന്ത്?

അടുത്ത തിരഞ്ഞെടുപ്പിലേക്ക് എന്ത്?

19 സൈനികര്‍ കൊല്ലപ്പെട്ട ഉറിയിലെ ഭീകരാക്രമണത്തിനു പിന്നാലെ 2016 സെപ്തംബര്‍ 28 ന് അര്‍ധ രാത്രി ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്നു നടത്തിയ ഓപ്പറേഷന്റെ ദൃശ്യമാണെന്നു കരസേന ഉത്തര മേഖല മുന്‍ കമാന്റര്‍ വിശദമാക്കുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമങ്ങളും ഏറ്റുമുട്ടലും വര്‍ധിച്ചതായാണു സേനതന്നെ വ്യക്തമാക്കുന്നത്.

നുഴഞ്ഞു കയറ്റം കഴിഞ്ഞ നാലുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തോതിലാണെന്നു കഴിഞ്ഞ വര്‍ഷം ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഏതായാലും ദേശാഭിമാനത്തെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ അതിര്‍ത്തി സംഘര്‍ഷവും ഏറ്റമുട്ടലും യുദ്ധവും വരും നാളുകളില്‍ മൂര്‍ച്ഛിക്കുകയും കള്ളപ്പണ വേട്ടയും കൂപ്പുകുത്തുന്ന രൂപയും ഇതിനിടയില്‍ ഒളിച്ചു വെക്കുമെന്നും സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നു.

English summary
Biju Shankar writes how Indian rupee value and black money affect Narendramodi government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more