കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാനിലെ അര്‍ദ്ധ നഗ്നയും കേരളത്തിലെ പോളിഗ്രാഫും പിന്നെ അരുവിക്കരയിലെ മകനും

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

ബിനു ഫല്‍ഗുനന്‍

സാമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളെ വിമര്‍ശന ബുദ്ധിയോടെ നിരീക്ഷിയ്ക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ് ബിനു.സമകാലീന വിഷയങ്ങള്‍ ആക്ഷേപഹാസ്യത്തില്‍ ചാലിച്ച് വിവരിയ്ക്കുകയാണ് വെടിവഴിപാട് എന്ന ഈ കോളത്തില്‍.

കഴിഞ്ഞ ഒരു മാസം ലോകം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ലോകത്തെമ്പാടും മലയാളികള്‍ ഉള്ളതുകൊണ്ട് മലയാളികളുടെ പ്രതിസന്ധികളെല്ലാം ലോകത്തിന്റെ പ്രതിസന്ധിയാണെന്നാണ് വിവക്ഷ. അതുകൊണ്ട് ലോകം , പോയമാസത്തില്‍ മലയാളനാടിന്റെ പ്രതിസന്ധികള്‍ കൊണ്ട് വീര്‍പ്പുമുട്ടി. അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് നഷ്ടപ്പെട്ട ഉറക്കം മെയ് 31 ന് അര്‍ദ്ധരാത്രിയാണ് തിരിച്ചുകിട്ടിയതെന്നാണ് ചില ആഗോള മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മാസങ്ങളായി ലോക രാഷ്ട്രീയത്തെ ഉലച്ചുകൊണ്ടിരിയ്ക്കുന്ന ബാറിലെ കോഴ- കോഴയിലെ ബാര്‍ എന്ന് വിളിച്ചാലും തെറ്റില്ല. കാരണം. ഒന്നൊഴിയുമ്പോള്‍ അടുത്ത കോഴക്കഥയാണല്ലോ കേരളജനത കേട്ടുകൊണ്ടിരിയ്ക്കുന്നത്- അതിന്റെ ഉച്ചസ്ഥായിയിലെത്തി താഴേക്ക് പതിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതിനിടയിലായിരുന്നു കാനിലെ അര്‍ദ്ധ നഗ്നയായ ആരാധികയുമായി വിശ്വവിഖ്യാത സംവിധായകനെ കുറിച്ചുള്ള അപസര്‍പ്പക കഥകളും പിന്നെ അസത്യവാങ്മൂലസമാനമായ ഒരു ഫേസ്ബുക്ക് പോസ്റ്റും. അത് കഴിഞ്ഞപ്പോഴേയ്ക്കും മരണത്തിലൂടെ സര്‍വ്വസമ്മതനായിത്തീര്‍ന്ന ജികെയുടെ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും സ്ഥാനാര്‍ത്ഥി നിര്‍ണയവും ജനിതക രാഷ്ട്രീയവും ഒക്കെ എത്തുന്നത്.

alcohol

അടുത്തിടെയായി കാനിലെ സ്ഥിരം സാന്നിധ്യമായ ആഗോള മലയാളി സംവിധായകന്റെ മുന്നില്‍ ആരാധനമൂത്ത ഫ്രഞ്ച് സുന്ദരി മേലുടുപ്പുകള്‍ വലിച്ചൂരി നഗ്നതാ പ്രദര്‍ശനം നടത്തിയ വാര്‍ത്ത കേട്ടപ്പോള്‍ മലയാളികളായ മലയാളികളെല്ലാം രോമാഞ്ച കഞ്ചുകമണിഞ്ഞിരിയ്ക്കുകയായിരുന്നു. നമുക്കൊന്നും അങ്ങേരെടുത്തതുപോലെ ഒരു സിനിമയെങ്കിലും എടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ചില കുത്സിത ശക്തികള്‍ ചിന്തിക്കുകപോലും ഉണ്ടായി. നേപ്പാളിലെ ഭൂകമ്പം ഇത്തിരി വൈകിയിരുന്നെങ്കില്‍ അതിന്റെ കാരണം പോലും ആ ഫോട്ടോ ആയിപ്പോയേനെ.

സംവിധായക ശ്രേഷ്ഠന്‍ ഉത്പാദിപ്പിച്ചുകൊടുത്ത വാര്‍ത്ത, തൊണ്ടതൊടാതെ വിഴുങ്ങുകയും വിസര്‍ജ്യം പോലെ അത് വര്‍ത്തയായി പുറത്ത് വരികയും ചെയ്തു. അവതാരത്തെ എല്ലാവരും ആഘോഷിച്ചാഘോഷിച്ച് ഒരു വഴിയ്ക്കാക്കും മുമ്പ് ആ അര്‍ദ്ധനഗ്ന സുന്ദരി സുക്കര്‍ബര്‍ഗിന്റെ തലച്ചോറിലുദിച്ച പദ്ധതിയിലൂടെ സത്യം വെളിപ്പെടുത്തിയതായിരുന്നു എല്ലാ രോമാഞ്ചത്തേയും ഇല്ലാതാക്കിയത്. അല്ലെങ്കിലും ഈ നിരീശ്വരവാദികള്‍ തുടങ്ങുന്ന സാധനങ്ങളൊന്നും മനുഷ്യനെ സുഖിപ്പിക്കത്തില്ലെന്നേ...

with-roopesh

കാര്യങ്ങളിങ്ങനെ അര്‍ദ്ധനഗ്നമായി പോയിക്കൊണ്ടിരിക്കവേയാണ് ബാറിലെ കോഴയും കോഴയിലെ ബാറും അര്‍ദ്ധരാത്രി സൂര്യനുദിച്ചമാതിരി കത്തി നിന്നത്. നുണപരിശോധനയ്ക്ക് തയ്യാറായ സാക്ഷിയും, തയ്യാറാകാത്ത മന്ത്രി-ബാര്‍ പ്രതികളും ചേര്‍ന്ന് കേരളത്തെ എടുത്ത് കാശ്മീരിലേയ്ക്ക് കൊണ്ടുവച്ചേക്കാവുന്ന സാഹചര്യം. പാലാ മാണിക്യത്തെ ഉടനടി അറസ്റ്റ് ചെയ്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ചപ്പാത്തി തീറ്റിയ്ക്കുമെന്ന് പലരും സ്വപനം കണ്ടു. പതിവുപോലെ ചിലര്‍ അത് വാര്‍ത്തയാക്കി ആഘോഷിയ്ക്കുകയും അത് കണ്ട് സ്വയം തൃപ്തിയടയുകയും ചെയ്തു. സാക്ഷിയുടെ നുണപരിശോധനയക്ക് കോടതിയുടെ മുന്നില്‍ പുല്ലുവില പോയിട്ട് പുല്‍ച്ചാടിയുടെ വില പോലും ഇല്ലെന്ന് അറിയാത്തവരല്ല കോഴകൊടുത്തവരും വാങ്ങിയവരും. നുണപരിശോധനായന്ത്രം പൊട്ടിത്തെറിച്ചേക്കുമോ എന്ന ഭയത്താലാണ് പ്രതികളെ ഈ പറഞ്ഞ പരിശോധനയ്ക്ക് വിധേയരാക്കത്തതെന്നും അപശ്രുതികളുണ്ട്.

എന്തായാലും പാലാ മാണിക്യവും മുഖ്യമന്ത്രിയുടെ ഏജന്റ് മന്ത്രിയും ഇപ്പോള്‍ വലിയ അങ്കലാപ്പൊന്നും ഇല്ലാതെ പൊതുപ്രവര്‍ത്തനം തകൃതിയായി നടത്തുകയാണ്. ഇവിടെ പാലുകാച്ചല്‍, അവിടെ താലികെട്ട് എന്ന മട്ടില്‍ പൂഞ്ഞാര്‍ രാജാവ് ബോംബുകള്‍ വര്‍ഷിയ്ക്കുന്നുണ്ടെങ്കിലും പഴയ വീര്യമൊന്നും ഇല്ലെന്നതാണ് മറ്റൊരു വിശേഷം. അതിവേഗം ബഹുദൂരം പോകുന്ന മന്ത്രിമുഖ്യനാണെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി ജനങ്ങളെ സമ്പര്‍ക്കിച്ച് സമ്പര്‍ക്കിച്ച് മുന്നോട്ട് പോകുന്നു. ബാറിന്റേയും സരിതയുടേയും പേരില്‍ മുഖ്യമന്ത്രിക്കുപ്പായം തുന്നിവച്ചയാളാണെങ്കില്‍ എന്തെങ്കിലുംമൊക്കെ ചെയ്യാന്‍ വേണ്ടിയുള്ള നെട്ടോട്ടത്തിലും ആയിരുന്നു. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം... ഭാഗ്യം വേണം... ഭാഗ്യം.

ഇതിനിടെ ബാറും കാനും ഒക്കെ അസ്ത്രപ്രജ്ഞമാക്കിക്കൊണ്ടല്ലേ ആ തിരഞ്ഞെടുപ്പ് വാര്‍ത്ത വന്നത്. അരുവിക്കരയില്‍ ഉപതിരഞ്ഞെടുപ്പിന്റെ കാഹളം ഉയര്‍ന്നപ്പോള്‍ തന്നെ വിപ്ലവപ്പാര്‍ട്ടി കണക്കുകൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചുമൊക്കെ ഒരാളെയങ്ങ് നിര്‍ത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ അങ്ങനെയൊന്നും അല്ല. ചര്‍ച്ചയോട് ചര്‍ച്ച. മരിച്ച നേതാവിന്റെ ഭാര്യ മത്സരിച്ചേ പറ്റൂ എന്ന് പറഞ്ഞ് കരഞ്ഞ് കാലുവരെ പിടിച്ചുനോക്കി. അതിന്റെ ആവശ്യമില്ലെന്ന് നേതാവിനെ നന്നായറിയുന്ന ഭാര്യ ഉറപ്പിച്ച് പറഞ്ഞപ്പോള്‍ പിന്നെ അടുത്ത വഴി നോക്കി.

india-map

സ്വഭാവും രൂപസാദൃശ്യവും രോഗങ്ങളും ഒക്കെ ജനിതകമായി കിട്ടും. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനവും അങ്ങനെ കിട്ടുന്ന ഒരു കൂട്ടമാണ് നമ്മുടെ നാട്ടില്‍ ഖദറും ധരിച്ച് ജീവിയ്ക്കുന്നത്. പിന്നെ അങ്ങനെ തന്നെയാവട്ടെ എന്ന് എല്ലാവരും നിരീച്ചു. മക്കളേയും കുടുംബക്കാരേയും രാഷ്ട്രീയത്തിലിറക്കുന്നവര്‍ക്കെതിരെ തിരുത്തല്‍വാദം പറഞ്ഞ് നേതാവായ മനുഷ്യന്റെ മകനെ തന്നെ ഗോദയിലിറക്കി. അതും അവസാന നിമിഷം. അരക്കിലോ സഹതാപതരംഗവും അരക്കിലോ പരമ്പരാഗത വോട്ടും സമാസമം ചേര്‍ത്താല്‍ അരുവക്കരയില്‍ കരപറ്റിയാലോ എന്നാണ് ചിന്ത. ഇനിയിപ്പോള്‍ നടുവില്‍ മുങ്ങിപ്പോയാല്‍ പോലും എല്ലാം ഇളമുറക്കാരന്റെ തലയില്‍ കെട്ടിവച്ച് വല്യേട്ടന്‍മാര്‍ക്ക് തലയൂരുകയും ചെയ്യാം.

ജനിതക രാഷ്ട്രീയത്തില്‍ അനുഭവ പരിചയത്തിന്റെ ആവശ്യമില്ലെന്നാണ് അലിഖിത നിയമം. അങ്ങനെ വരുന്നവര്‍ക്ക് നേരിട്ട് പാര്‍ട്ടി പ്രസിഡന്റോ വൈസ് പ്രസിഡന്റോ വരെ ആകാനുള്ള ജനാധിപത്യ സംവിധാനം ഉള്ള പാര്‍ട്ടിയാണ്. അപ്പോഴാണ് അരുവിക്കരയിലെ യുവ സ്ഥാനാര്‍ത്ഥിയെക്കെതിരെ ഖദറിട്ട കുട്ടികള്‍ ബഹളം വച്ചത്. വല്ല കോളേജിലും പോയി പറയഡേ എന്നാണ് ആദര്‍ശത്തിന്റെ ആള്‍രൂപവും കേരളത്തിലെ ഖദര്‍ ധാരികളുടെ ഇടയനും ആയ ബാര്‍ വിരുദ്ധന്‍ സുധീരമായി പറഞ്ഞത്. അതോടെ പിള്ളേര്‍ ഒതുങ്ങി.

cpm

കോളേജില്‍ പഠിയ്ക്കുമ്പോള്‍, മുദ്രാവാക്യം വിളിക്കുന്നവരുടെ അടുത്തുകൂടെ പോയി ചായക്കടയില്‍ ഇരുന്ന് ചായകുടിച്ച പരിചയം എന്താ ഒരു രാഷ്ട്രീയ അനുഭവല്ലേ... കാശിങ്ങനെ നിറഞ്ഞ് കവിഞ്ഞിരിയ്ക്കുമ്പോള്‍ അല്‍പം സേവനം ചെയ്യാനിറങ്ങിയ കോര്‍പ്പറേറ്റിന്റെ കമ്പനിയില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ പൊതുസേവന പരിചയം ഈ പറയുന്ന ഖദര്‍ കുട്ടികള്‍ക്ക് ഉണ്ടാകുമോ... അല്ല പിന്നെ.

English summary
Cannes Film festival, Aruvikkara by election and Bar Bribe- Satire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X