ഓര്‍മ്മകളുടെ കര്‍പ്പൂര ഗന്ധങ്ങള്‍... കുട്ടിക്കാലത്തെ അനുഭവങ്ങൾ വനജ വസുദേവ് എഴുതുന്നു!

  • Posted By:
Subscribe to Oneindia Malayalam

വനജ വസുദേവ്

സോഷ്യൽ മീഡിയയിലെ ശ്രദ്ധേയരായ യുവ എഴുത്തുകാരിൽ ഒരാളാണ് വനജ വസുദേവ്.

തനി യാഥാസ്ഥിതിക കുടുംബം ആയിരുന്നു അമ്മയുടെ തറവാട്. അത്കൊണ്ട് തന്നെ വളര്‍ന്ന് വന്നപ്പോഴൊക്കെ അതിന്റെ വേരുകളിലുടക്കി നട്ടംതിരിഞ്ഞിരുന്നു. അമ്മാമ്മ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈകള്‍ നിവര്‍ത്തി മുഖത്തിനെ നേരെ പിടിച്ച് അവ കണി കണികണ്ടുണരണം. കരാഗ്രത്തിലായി ലക്ഷ്മിയും, കരമദ്ധ്യത്തില്‍ സരസ്വതിയും, കരമൂലേ ഗൗരിയും വസിക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ ഉള്ളം കയ്യ് നല്‍ക്കണിയായി കണ്ട് ഉണരണം. എന്നിട്ട് വലത് വശം ചെരിഞ്ഞ് എഴുന്നേല്‍ക്കണം. കാല്‍ നിലത്ത് തൊടുന്നതിന് മുന്‍പ് തറയില്‍ തൊട്ട്വണങ്ങണം. ചവിട്ടി നടക്കുന്ന ഭൂമിദേവിയേ നമസ്കരിച്ചതിന് ശേഷമേ കാല്‍പാദം തറയിലാഴ്ത്തൂ.

നേരെ മുറ്റത്തേക്കിറങ്ങി കിഴക്ക് ഭാഗത്തേക്ക് നോക്കി ഉദിച്ച് വരുന്ന ആദിത്യ ഭഗവാനെ തൊഴുത് 'സമസ്താപരാധങ്ങളും പൊറുക്കേണമേയെന്ന് പ്രാര്‍ത്ഥിച്ച് മൂന്ന് ചുവട്ടടി മുന്നോട്ട് വച്ച് തിരിഞ്ഞ് നടക്കണം. ശേഷം തലേന്നാള്‍ നന്ദ്യാര്‍വട്ടം ഇട്ട് വച്ച വെള്ളമെടുത്ത് മുഖം കഴുകും. കിണറ്റ്കരയില്‍ പോയി കയ്യും കാലും കഴുകി വന്ന് ചൂലെടുത്ത് മുറ്റം കൈവീശി തൂക്കാന്‍ തുടങ്ങും. അന്നൊക്കെ മിക്കവീടുകളിലും അതിരാവിലെ മിറ്റം തൂക്കുന്ന ശബ്ദ്ദം ഉയര്‍ന്ന് കേള്‍ക്കാമായിരുന്നു. തൂക്കുന്നതിലുമുണ്ട് ചിട്ടവട്ടം. രാവിലെ കിഴക്ക് നിന്നും പടിഞ്ഞാറേക്കും, വൈകിട്ട് പടിഞ്ഞാറ് നിന്നും കിഴക്കോട്ടും.

children

കുളി കഴിഞ്ഞ് വന്ന് വിളക്ക് മുറി തൂത്ത്, കിണ്ടിയില്‍ വെള്ളം നിറച്ച്, ചാണക്കല്ലില്‍ ചന്ദനം അരച്ചെടുത്ത് നിലവിളക്ക് തിരുമ്മി തിരിയിട്ട് കത്തിക്കും. ശേഷം പതിവ് പരിപാടിയിലേക്ക് കടക്കും. ത്രിസന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി നാമം ചൊല്ലണമെന്നും നിര്‍ബന്ധമായിരുന്നു. മനസ്സില്‍ ഭക്തിയുടെയും, ദൈവവിശ്വാസത്തിന്റെയും വിത്തുകള്‍ മുളപ്പിച്ചത് അമ്മാമ്മ ആണെങ്കില്‍ മനസ്സിന് ശരിയെന്ന് തോന്നുവരുടെ മുന്നില്‍ മാത്രമേ തല കുനിക്കാനും വന്ദിക്കാനും പാടുള്ളൂ എന്ന് പഠിപ്പിച്ചതും ശീലിപ്പിച്ചതും കൊച്ചച്ചന്‍ ആയിരുന്നു. എല്ലാം ഒന്നാം തീയതിയും തറവാട്ടില്‍ വായന ഉണ്ടാവും. കാവില്‍ പുള്ളോന്‍ പാട്ടും. പറമ്പില്‍ ആദ്യം ഉണ്ടാവുന്നതെല്ലാം ആദ്യം എത്തുന്നത് പൂജാമുറിയിലേക്ക് ആയിരുന്നു. കൈനീട്ടം കാണിക്ക വച്ച് തുടങ്ങും. തറവാട്ടിലെ ആണിന്റെയോ പെണ്ണിന്റേയോ കല്യാണമോ, മറ്റെന്തെങ്കിലും വിശേഷമോ നിശ്ചയിക്കപ്പെട്ടാല്‍ ആദ്യം കാവിലെത്തി തിരിവച്ചിട്ടേ തുടങ്ങും.

ഓണവും വിഷുവും വാവും വന്നാല്‍ ഉറുമ്പിനേയും പല്ലിയേയും കാക്കയേയും ഊട്ടിയതിന് ശേഷമേ വീട്ടുകാര്‍ കഴിച്ചിരുന്നുള്ളൂ. പെണ്‍കുട്ടികളായ ഞങ്ങള്‍ക്കായിരുന്നു വയ്ക്കപ്പെടുന്ന നീബന്ധനകള്‍ കൂടുതല്‍. അവയില്‍ പ്രധാനപ്പെട്ടതായിരുന്നു അടുക്കള ഒതുക്കി സംസാരവും, ചിരിയും. പെണ്ണുങ്ങളുടെ വര്‍ത്തമാനവും ചിരിയും അടുക്കളയുടെ നാല് ചുമരിനപ്പുറം ഉയര്‍ന്ന് കേട്ടിരുന്നില്ല. അന്നൊക്കെ അമ്മാമ്മയും വല്യമ്മച്ചിമാരും ഞങ്ങള്‍ക്ക് പറഞ്ഞ് തന്നിരുന്നു എങ്ങനെ മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറണം എന്നും സംസാരിക്കണം എന്നും. ഏറ്റവും കൂടുതല്‍ എനിക്ക് അടി കിട്ടിയിട്ടുള്ളത് കാലിന്റെ പുറത്ത് കാല്‍ കയറ്റി വച്ചതിനുു, കാലുകള്‍ വെറുതെ ആട്ടിക്കൊണ്ടിരിക്കുന്നതിനും ആയിരുന്നു. നിഷേധത്തിന്റെ സിംബലുകള്‍ ആയിരുന്നു അവ.

children124

മുതിര്‍ന്നവര്‍ ആരെ കണ്ടാലും ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കണം. ഇരുന്ന് കൊണ്ട് മുതിര്‍ന്നവരോട് സംസാരിച്ചു എന്നത് കൊലപാതകത്തെക്കാള്‍ വലിയ കുറ്റമായിരുന്നു. മാസത്തിലെ ആ പ്രത്യേക നാല് ദിവസങ്ങള്‍ ആയിരുന്നു എനിക്ക് കീറാമുട്ടി. അടിവയര്‍ ഇടിച്ചിറക്കി വേദന പടരുമ്പോള്‍ അതിരാവിലെ തണുത്ത വെള്ളത്തില്‍ കുളിക്കണം. കിടന്ന തഴപ്പായ, തലയണി, ഷീറ്റ് ഇവ മടക്കി ചായിപ്പില്‍ വയ്ക്കണം. അടുക്കളയിലോ, ഉമ്മറത്തോ പ്രവേശനം ഇല്ല. ആ ദിവസങ്ങളിലേക്കായി പ്രത്യേക പാത്രവും ഗ്ളാസ്സും ഉണ്ടായിരുന്നു. ആഹാരം കഴിച്ച് കഴിഞ്ഞ് അവ കഴുകി അടുക്കള പടിയില്‍ കൊണ്ട് വയ്ക്കും. അകത്ത് നിന്നും മൊന്തയില്‍ വെള്ളം കൊണ്ട് വന്ന് അമ്മാമ്മ ഒന്ന് കൂടി കഴുകിയിട്ടെ പാത്രങ്ങള്‍ അകത്തേക്ക് കയറ്റിയിരുന്നുള്ളൂ.

നാല് ദിവസം കിണറിന്റെ പരിസരത്ത് അടുപ്പിക്കില്ല. തൊടിയിലെ ഒരു ചെടിയിലും തെങ്ങിലും തൊടാന്‍ പാടില്ല. പശുക്കളെ തൊടീക്കില്ല. ഫലം കായ്ച്ച് നില്‍ക്കുന്ന മരങ്ങളിലും തൊടീക്കില്ല. അടുത്ത് കൂടി ആരേലും പോയാല്‍ തുണിയൊതുക്കി മുട്ടാതെ കടന്ന് പോകും. നാലാം നാള്‍ കുളി കഴിഞ്ഞെത്തിയാല്‍ എടുത്ത് വച്ച സ്വാതന്ത്രം തിരികെ കിട്ടിയിരുന്നു.. ഇതൊക്കെയെങ്കിലും കുറച്ചൊക്കെ സ്വാതന്ത്രം കിട്ടിയിരുന്നു. മണ്ണില്‍ കളിക്കാനും, ഉപാധികളില്ലാതെ മഴനനയാനും, കാവിന്റെ നിഗൂഢത തപ്പി പോകാനും, ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കിടന്നുറങ്ങാനും, കുളിര്‍കാറ്റ് ഏല്‍ക്കാനും, വയര്‍ നിറയെ കണ്ണില്‍ കണ്ടതൊക്കെ കഴിക്കാനും, മരത്തില്‍ വലിഞ്ഞ് കയറാനും, തോട്ടില്‍ ചാടാനും എല്ലാം.

പോകെ പോകെ എല്ലാറ്റിനും മാറ്റം വന്നു. കാവ് വെളുത്തു. പുതിയ തലമുറയുടെ അടുത്ത് പഴയ നിയമങ്ങള്‍ ഏശാതെയായി. അടുക്കളയില്‍ നിന്നും പെണ്ണുങ്ങളുടെ ശബ്ദ്ദം ഉയര്‍ന്ന് തുടങ്ങി. സന്ധ്യാനാമം സീരിയലുകള്‍ കട്ടെടുത്തു. കുട്ടികള്‍ക്ക് അടുത്ത ബന്ധുക്കളെ പോലും അറിയാന്‍ മേലാതായി. ബന്ധങ്ങളുടെ കണ്ണികള്‍ അടുത്ത് അണുകുടുംബമായി. എരണാകുളത്ത് ഹോസ്റ്റലിലേക്ക് എത്തുന്ന ദിവസം വരെ എന്റെ ജീവിതത്തില്‍ മുകളിലെ എല്ലാം ശീലങ്ങളും ഉണ്ടായിരുന്നു . ഹോസ്റ്റലിലെ ചുറ്റിനുമുള്ള വലിയ ഫ്ളാറ്റുകള്‍ക്കുള്ളിലായി അകപ്പെട്ട ചതുര ആകാശത്ത് എവിടെ ആദിത്യദേവനെ തപ്പാനാണ്. ഭൂമി തൊട്ട് തൊഴുന്നതും, സന്ധ്യാനാമം ചൊല്ലലും റൂംമേറ്റസ് അത്ഭുതത്തോടെയും, ചിരിയോടെയും നോക്കിയപ്പോള്‍ അത് നിര്‍ത്തി.

മാസത്തിലെ പ്രത്യേക ദിവസങ്ങളില്‍ എങ്ങും മാറ്റിനിര്‍ത്തപ്പെടുന്നതുമില്ല. എങ്കിലും മനസ്സില്‍ ഒന്നും പോലും ഞാന്‍ മറന്നിട്ടില്ല. തികച്ചും ഞാന്‍ മാത്രമാകുന്ന സമയങ്ങളില്‍ നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളെ വണങ്ങാനും, ബഹുമാനിക്കാനും പഠിക്കുകയും ശീലിക്കുകയും ചെയ്തിരുന്ന ആ പഴയ കാലത്തേക്ക് പരകായ പ്രവേശം നടത്തും. എന്നില്‍ എന്തെങ്കിലും നന്മകള്‍ ഉണ്ടെങ്കില്‍ അത് ഇങ്ങനെ കിട്ടിയതാണ് . ഇന്നും ആ തിരിശേഷിപ്പുകള്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. നാളെ എന്റെ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ പാകത്തിന്. അറിയട്ടെ സ്നേഹിക്കട്ടെ. ബഹുമാനിക്കട്ടെ. അവന് ചുറ്റുമുള്ള സര്‍വചരാചരങ്ങളെയും.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Column: Vanaja Vasudev writes about childhood days.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്