കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി രാജിവച്ചാല്‍ ഉമ്മന്‍ ചാണ്ടിയുടെ പണി പോകുമോ?

  • By Soorya Chandran
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പ് ഇങ്ങടുത്തെത്തിയിരിക്കുന്നു. യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നു. എകെ ആന്റണിയെ എങ്ങനെയെങ്കിലും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇക്കണം എന്നാണ് ഇപ്പോള്‍ കേരളത്തിലെ നേതാക്കള്‍ പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആഗ്രഹിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ ആന്റണിയുടെ സാന്നിധ്യം സംസ്ഥാനത്തെ പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും എന്നാണ് ഉമ്മന്‍ ചാണ്ടിയും കൂട്ടരും പറയുന്നതെങ്കിലും, യഥാര്‍ത്ഥ കാരണം ഭയമാണെന്ന് കരുതേണ്ടിവരും.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ പോലും പ്രതിരോധമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ എകെ ആന്റണി താത്പര്യപ്പെടില്ലെന്ന് ഉറപ്പാണ്. അടുത്തിടെ ഉണ്ടായ നാവിക സേന അപകടങ്ങളും ആരോപണങ്ങളും ആന്റണിയെ ശരിക്കും മടുപ്പിച്ച് കഴിഞ്ഞിരിക്കുന്നു.

AK Antony and Oommen Chandy

കേന്ദ്രത്തിലെ ഭരണം മടുത്താല്‍ ആന്റണിയുടെ പതിവ് രീതി അനുസരിച്ച് കേരളത്തിലേക്ക് മടങ്ങിയെത്തും. എകെ ആന്റണി കേരള രാഷ്ട്രീയത്തില്‍ താത്പര്യം പ്രകടിപ്പിച്ചു എന്ന് വന്നാല്‍ അതിന്റെ അര്‍ത്ഥം സംസ്ഥാന മുഖ്യമന്ത്രി ആകണം എന്ന് തന്നെയാണ്. ആന്റണി അങ്ങനെ ഒരു ആഗ്രഹം പ്രകടിപ്പിച്ചാല്‍ ഹൈക്കമാന്‍ഡ് ഒന്നും ആലോചിക്കാതെ യെസ് മൂളുകയും ചെയ്യും.

ഈ സാഹചര്യത്തെയാണ് ഉമ്മന്‍ ചാണ്ടി ഭയക്കുന്നത്. ആന്റണിക്ക് കേരളത്തിലെത്തി മുഖ്യമന്ത്രിപദം സ്വീകരിക്കാന്‍ മാത്രം പ്രശ്‌നങ്ങള്‍ ഇപ്പോള്‍ തന്നെ സംസ്ഥാനത്തുണ്ട്. സോളാര്‍ കേസുമുതല്‍ സലീം രാജ് വരെയുള്ള വിഷയങ്ങള്‍ ഒന്നുകൂടി ഉയര്‍ത്തിയാല്‍മതി.

ആന്റണി തിരിച്ചെത്തിയാല്‍ പിന്നെ മുഖ്യമന്ത്രി സ്ഥാനമൊഴിയാതെ ഉമ്മന്‍ ചാണ്ടിക്ക് നിവൃത്തിയുണ്ടാകില്ല. തൊട്ടുതാഴെയുള്ള ആഭ്യന്തരമന്ത്രി സ്ഥാനം എതിര്‍ ഗ്രൂപ്പുകാരന്‍ രമേശ് ചെന്നിത്തല കയ്യടക്കിവച്ചിരിക്കുകയും ആണ്. മന്ത്രിസഭയിലെ ഒരു സാധാരണ മന്ത്രിയായിരിക്കാന്‍ ഉമ്മന്‍ ചാണ്ടി സന്നദ്ധനാകാനുള്ള സാധ്യതയും കുറവാണ്.

കെപിസിസി അധ്യക്ഷനോ, യുഡിഎഫ് കണ്‍വീനറോ ആണ് അടുത്ത സാധ്യത. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് വിഎം സുധീരനെ അടുത്തിടെ മാറ്റാനിടയില്ല. എകെ ആന്റണിയുടെ ആശീര്‍വാദത്തോടെയാണ് സുധീരന്റെ ഇരിപ്പ്. യുഡിഎഫ് കണ്‍വീനര്‍ എന്ന പണി ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായാല്‍ കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാം.

ഇത്രയും കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായി അറിയാം. അധികാര കേന്ദ്രത്തില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ ഇക്കാലമത്രയും കൂടെ നിന്നവര്‍ പോലും ഒപ്പം ഉണ്ടായിക്കോളണം എന്നില്ല. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ ഉമ്മന്‍ ചാണ്ടി എന്ത് തീരുമാനം എടുക്കും എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.

English summary
If AK Antony come back to Kerala Politics, what will happen to Oommen Chandy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X