കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ്റിങ്ങല്‍: ഗിരിജ കുമാരി സിപിഎം വോട്ട് പിടിക്കുമോ

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒരു സിപിഎമ്മുകാരനും പഴയ സിപിഎമ്മുകാരിയും തമ്മില്‍ മത്സരം നടക്കുകയാണ്. എ സമ്പത്ത് എന്ന സിറ്റിങ് എംപിയും ഗിരിജ കുമാരി എന്ന മുന്‍ പഞ്ചായത്ത് പ്രസിഡന്റും തമ്മിലാണ് മത്സരം.

പത്ത് വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മിന് വേണ്ടി വെള്ളനാട് പഞ്ചായത്ത് ഭരിച്ച ആളാണ് ഗിരിജ കുമാരി. പക്ഷേ ഇപ്പോള്‍ സിപിഎമ്മിനെ ഉപേക്ഷിച്ച് ബിജെപിക്കൊപ്പമാണ് പഴയ സഖാവും കൂട്ടരും. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഗിരിജ കുമാരി.

Sampath and Girija

ആറ്റിങ്ങല്‍ ബിജെപിയെ സംബന്ധിച്ച് അല്‍പം പോലും പ്രതീക്ഷയുള്ള മണ്ഡലമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ തോട്ടക്കാട് ശശിക്ക് നേടാനായത് 47, 620 വോട്ട് മാത്രമാണ്. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 6.6 ശതമാനം മാത്രം. കേരളം മൊത്തം ഇടത് വിരുദ്ധ തരംഗം വീശിയിട്ടും എ സമ്പത്ത് 18, 341 വോട്ടിന്റെ ഭൂരിപക്ഷം നേടി.

ഒരിക്കല്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ എതിര്‍ ചേരിയിലാണ്. സ്ഥാനം മോഹിച്ചോ, വിഭാഗീയത കളിച്ചോ അല്ല ഗിരിജ സുരേന്ദ്രനും ഭര്‍ത്താവ് കൃഷ്ണ കുമാറും അടക്കം മുന്നൂറോളം പേര്‍ വെള്ളനാട് നിന്ന് സിപിഎമ്മിനോട് വിട പറഞ്ഞത്. പാര്‍ട്ടിക്കുളളിലെ അഴിമതിയും മറ്റ് പ്രശ്‌നങ്ങളും ഉയര്‍ത്തിയായിരുന്നു ഇവരുടെ ഇറങ്ങിപ്പോക്ക്.

ഏറ്റവും പ്രധാന പ്രശ്‌നം, തിരവനന്തപുരത്തെ ദേശാഭിമാനിയുടെ ഭൂമി വിവാദവ്യവസായിയുടെ ബിനാമിക്ക് വിറ്റതായിരുന്നു. തിരുവനന്തപുരത്ത് പാര്‍ട്ടി പത്രത്തിന് സ്ഥലം വാങ്ങാന്‍ വെള്ളനാട്ടെ സഖാക്കളുടെ വിയര്‍പ്പും ഏറെ ഒഴുക്കിയിരുന്നു. തിരുവനന്തപുരം ജില്ലയില്‍ ഈ വിവാദം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അസംതൃപ്തിയുണ്ടാക്കിയിരുന്നു.

2014 ഫെബ്രുവരിയുടെ തുടക്കത്തിലാണ് വെള്ളനാട് ഭാഗത്ത് നിന്ന് 300 ഓളം പേര്‍ സിപിഎമ്മില്‍ നിന്ന് രാജിവച്ചത്. കണ്ണൂരില്‍ ഒകെ വാസുമാസ്റ്ററുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതിന് തൊട്ടുപിറകെയായിരുന്നു ഇത്.

കഴിഞ്ഞ തവണ തോട്ടക്കാട് ശശി സ്വന്തമാക്കിയതിനേക്കാള്‍ വോട്ട് തനിക്ക് നേടാനാകുമെന്ന് തന്നെയാണ് ഗിരിജ കുമാരിയുടെ പ്രതീക്ഷ. ബിജിപിയുടേതല്ലാതെ ഗിരിജ കുമാരിക്കായി വീഴുന്ന ഓരോ വോട്ടും സിപിമ്മിന്റെ അക്കൗണ്ടില്‍ നിന്നുള്ള ചോര്‍ച്ചയാകുമെന്നും ഉറപ്പാണ്.

പ്രചാരണത്തിന്റെ കാര്യത്തില്‍ സമ്പത്തിന് ഒപ്പത്തിനൊപ്പമാണ് ബിന്ദു കൃഷ്ണ. ചരിത്രത്തില്‍ രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസ് മാത്രം സ്വന്തമാക്കിയ മണ്ഡലം സിപിഎമ്മില്‍ നിന്ന് തിരിച്ച് പിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. ഒരു ലക്ഷത്തോളം വരുന്ന പുതിയ വോട്ടര്‍മാരില്‍ നിന്നും, തന്റെ പഴയ പര്‍ട്ടിയില്‍ നിന്നും ഗിരിജ കുമാരി എത്ര വോട്ട് പിടിക്കും എന്നതനുസരിച്ചായിരിക്കും ചിലപ്പോള്‍ ആറ്റിങ്ങലിലെ വിജയ പരാജയങ്ങള്‍ നിര്‍ണയിക്കപ്പെടുക.

English summary
Is Girija Kumari a threat for Sampath in Attingal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X